എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ യാത്ര അനുവദിച്ചില്ല; പന്ത്രണ്ടുകാരി 18 മണിക്കൂര്‍ വിമാനത്താവളത്തില്‍

0

നാദാപുരം: എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ യാത്രപോകാന്‍ മാതാവിനോടൊപ്പം എത്തിയ 12 വയസ്സുകാരിയുടെ സഞ്ചാരം തടസ്സപ്പെടുത്തിയതായി പരാതി. കോവിഡ് വാക്‌സിന്‍ നല്‍കിയില്ലെന്ന വിചിത്ര ന്യായം പറഞ്ഞാണ് യാത്ര തടഞ്ഞത്. ഓഫീസുകളില്‍ കയറിയിറങ്ങിയെങ്കിലും അധികൃതര്‍ കനിയാത്തത് മൂലം മാതാവും രണ്ട് മക്കളും മാത്രം ആദ്യം യാത്രയായി. ബന്ധുക്കളുടെയും കുട്ടിയുടെയും 18 മണിക്കൂര്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ രാത്രിയില്‍ മറ്റൊരു വിമാനത്തില്‍ പെണ്‍കുട്ടി തനിച്ച് യാത്രയായി. പാറക്കടവ് ചെറ്റക്കണ്ടി കാണ്ണങ്കണ്ടി വീട്ടില്‍ ജമാല്‍ വാണിമേല്‍, കളത്തില്‍ ഷാഹിദ ദമ്പതിമാരുടെ മകള്‍ നസിഹ നസ്‌നീനിനാണ് യാത്രയ്ക്ക് അനുമതി നല്‍കാതിരുന്നതിനെത്തുടര്‍ന്ന് ദുരനുഭവം നേരിട്ടത്.

വെള്ളിയാഴ്ച രാവിലെ ഒമ്പതുമണിക്ക് കോഴിക്കോട്ടുനിന്ന് റാസ് അല്‍ ഖൈമയിലേക്കുള്ള വിമാനത്തിലാണ് കുടുംബം ടിക്കറ്റ് ബുക്ക് ചെയ്തത്. യാത്രയ്ക്കായി മാതാവും മൂന്നുകുട്ടികളും അടങ്ങിയ കുടുംബം വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെ കോഴിക്കോട് വിമാനത്താളത്തിലെത്തി. കോവിഡ് പരിശോധനയും മറ്റും കഴിഞ്ഞ് ചെക്കിങ് പോയന്റില്‍ എത്തിയപ്പോഴാണ് വിചിത്ര വാദവുമായി എയര്‍ ഇന്ത്യ മുന്നോട്ടുവന്നത്. 12 വയസ്സുള്ള കുട്ടിക്ക് വാക്‌സിന്‍ ചെയ്യണമെന്ന നിയമം റാസ അല്‍ ഖൈമയിലുണ്ടെന്നും അധികൃതര്‍ പറഞ്ഞു.

ലോകത്തെവിടെയും 12 വയസ്സുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കിയിട്ടില്ലെന്ന കാര്യം ബന്ധുക്കള്‍ വിശദീകരിച്ചെങ്കിലും ഇവര്‍ കേട്ടില്ല. അധികൃതര്‍ നിലപാടില്‍ ഉറച്ചുനിന്നതോടെ മാതാവും മക്കളായ ഷസ്ഹിയ, ജസ് ലാന്‍ എന്നിവരും വിമാനത്തില്‍ യാത്രയായി. കോഴിക്കോട് വിമാനത്താവളത്തിലെത്തിയ ബന്ധുക്കളും അധികൃതരും തമ്മില്‍ വാക്തര്‍ക്കമായി. റാസ് അല്‍ ഖൈമയിലെ നിയമം ഇങ്ങനെയാണെന്നും ഇവിടെനിന്ന് ഒന്നും ചെയ്യാന്‍ സാധിക്കുകയില്ലെന്നുമായിരുന്നു എയര്‍ ഇന്ത്യ അധികൃതരുടെ വിശദീകരണം.

എന്നാല്‍, എയര്‍ ഇന്ത്യയുടെ വെബ്‌സൈറ്റിലോ റാസ് അല്‍ ഖൈമയുടെ വെബ്‌സൈറ്റിലോ പരിശോധിച്ചപ്പോള്‍ ഇത്തരത്തില്‍ ഒരു വിവരങ്ങളും കണ്ടില്ല. ഈ കാര്യം എഴുതിത്തരാന്‍ ആവശ്യപ്പെട്ടപ്പോള്‍ അതിന് എയര്‍ഇന്ത്യ തയ്യാറായില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. പരാതിയുമായി എയര്‍പോര്‍ട്ട് മാനേജറുടെ അടുത്ത് പോയപ്പോള്‍ പ്രശ്‌നത്തില്‍ എയര്‍ലൈനുമായി ഞങ്ങള്‍ക്ക് ബന്ധമില്ലെന്നായിരുന്നു വിശദീകരണം. എയര്‍ലൈന്‍ അധികൃതരുടെ അടുത്തെത്തിയപ്പോള്‍ യു.എ.ഇ.യിലെ നിയമമാണെന്നും ഞങ്ങള്‍ക്കൊന്നും ചെയ്യാന്‍ സാധിക്കില്ലെന്നും അവര്‍ അറിയിച്ചു.

മണിക്കൂറുകളോളം കോഴിക്കോട് വിമാനത്താവളത്തില്‍ കുടുങ്ങിക്കിടന്ന പെണ്‍കുട്ടി മറ്റു ബന്ധുക്കള്‍ എത്തിയശേഷം കോഴിക്കോട് എയര്‍ ഇന്ത്യ ഓഫീസില്‍ പരാതിയുമായെത്തി. തുടര്‍ന്ന് സെയില്‍സ് മാനേജരുടെ ഇടപെടലിലൂടെ മറ്റൊരു ഫ്‌ലൈറ്റ് ഷാര്‍ജയിലേക്ക് തരപ്പെടുത്തി കൊടുക്കുകയായിരുന്നു. ഏറെ ആശങ്കകള്‍ക്ക് ശേഷം പെണ്‍കുട്ടി രാത്രി ഒമ്പത് മണിയോടെ ഫ്‌ലൈറ്റില്‍ ഒറ്റയ്ക്ക് യാത്രതിരിച്ചു.