മസ്കത്ത് വിമാനത്താവളത്തില്‍ കുടുങ്ങിയ മലയാളികളെ പുലര്‍ച്ചെ തിരികെ നാട്ടിലെത്തിലെത്തിക്കും

0

മസ്‌കത്ത്: ഒമാനിലെ സീബ് വിമാനത്താവളത്തില്‍ കുടുങ്ങിയ യാത്രക്കാരെ പുലര്‍ച്ചെ രണ്ടുമണിയോടെ കൊച്ചിയിലേക്ക് മടക്കിയെത്തിക്കുമെന്ന് റിപ്പോര്‍ട്ട്. തിരുവന്തപുരത്തു നിന്നും മസ്‌കറ്റിലെത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് IX 549 വിമാനത്തിലെയും കൊച്ചിയില്‍ നിന്നെത്തിയ IX 443 വിമാനത്തിലെയും 130 യാത്രക്കാരാണ് മസ്‌കറ്റ് വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുന്നത്

കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി വിദേശികള്‍ക്ക് ഓമനിലേക്കുള്ള പ്രവേശനം ഇന്നു മുതല്‍ വിലക്കിയതു കാരണമാണ് യാത്രക്കാര്‍ കുടുങ്ങിയത്. മടങ്ങി പോകാനാണ് വിമാനത്താവള അധികൃതര്‍ യാത്രക്കാരോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഏറെ നേരത്തെ അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് മടക്കയാത്ര സംബന്ധിച്ച് തീരുമാനമായത്. രാത്രി രണ്ട് മണിക്കുള്ള അബുദാബി-മസ്കത്ത്-കൊച്ചി വിമാനത്തില്‍ കയറുന്ന ഇവര്‍ പുലര്‍ച്ചെ കൊച്ചിയിലെത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.

ഗൾഫ്​ സഹകരണ കൗൺസിൽ രാഷ്ട്രങ്ങളിലെ പൗരന്മാർക്കും റസിഡന്റ്​ വിസയുള്ളവരും ഒഴികെ വിദേശികൾക്കാണ് ഒമാനില്‍ പ്രവേശിക്കാന്‍ വിലക്കേര്‍പ്പെടുത്തുകയെന്ന് അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു. അതേസമയം, കൊവിഡ് വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഗള്‍ഫ് രാജ്യങ്ങളായ യുഎഇ, ഖത്തര്‍, ഒമാന്‍, കുവൈറ്റ് എന്നിവിടങ്ങളില്‍ നിന്നും ഇന്ത്യയിലെത്തിയവര്‍ക്ക് 14 ദിവസം കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തി. കേന്ദ്ര സര്‍ക്കാര്‍ പുറത്തിറത്തിയ പുതിയ ഉത്തരവിലാണ് 14 ദിവസത്തെ നിരീക്ഷണം. മാര്‍ച്ച് 18 മുതലാണ് പുതിയ നിയന്ത്രണം നിലവില്‍ വരിക. അതോടൊപ്പം യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍, യുകെ എന്നിവിടങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് യാത്രാ നിരോധനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്