യുക്രൈൻ: ഇന്ത്യക്കാരെ ഒഴിപ്പിക്കൽ തുടങ്ങി;ഇന്ന് രണ്ടുവിമാനങ്ങളെത്തും

0

ന്യൂഡൽഹി : യുക്രൈനിൽനിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനുള്ള നടപടികൾ ഇന്ത്യ ആരംഭിച്ചു. യുക്രൈനുമായി അതിർത്തി പങ്കിടുന്ന ഹംഗറി, പോളണ്ട്, സ്ലൊവാക് റിപ്പബ്ലിക്, റൊമാനിയ എന്നീ രാജ്യങ്ങൾ വഴിയാണ് ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നത്. റൊമാനിയയുടെ തലസ്ഥാനമായ ബുക്കറസ്റ്റിൽനിന്ന് എയർ ഇന്ത്യയുടെ രണ്ടുവിമാനങ്ങൾ അഞ്ഞൂറോളം ഇന്ത്യക്കാരുമായി ശനിയാഴ്ച മുംബൈയിലും ഡൽഹിയിലും എത്തും. ഹംഗറിയുടെ തലസ്ഥാനമായ ബുദാപെസ്റ്റിൽനിന്ന് മറ്റൊരു വിമാനവും സർവീസിനൊരുങ്ങുന്നുണ്ട്. പ്രത്യേക വിമാനങ്ങളിലെ യാത്ര സൗജന്യമായിരിക്കുമെന്നും ചെലവ് കേന്ദ്രസർക്കാർ വഹിക്കുമെന്നും വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ പറഞ്ഞു.

വിദ്യാർഥികളടക്കം പതിനാറായിരത്തോളം ഇന്ത്യക്കാരാണ് യുക്രൈനിൽ ഇപ്പോഴുള്ളത്. ഇവരെ ഘട്ടംഘട്ടമായി ഒഴിപ്പിക്കാനാണ് പദ്ധതി. അയൽരാജ്യങ്ങളുമായി അതിർത്തിപങ്കിടുന്ന പ്രദേശങ്ങളിലുള്ള ഇന്ത്യക്കാരെയാണ് ആദ്യം ഒഴിപ്പിക്കുന്നത്. തുടർന്ന് മറ്റു മേഖലകളിൽ നിന്നുള്ളവരെയും ഒഴിപ്പിക്കും. റൊമാനിയ, ഹംഗറി എന്നിവിടങ്ങളിൽ ഇന്ത്യൻ എംബസി ഒരുക്കിയ പ്രത്യേക കേന്ദ്രങ്ങളിൽ എത്തിച്ചേരുന്നവരെയാണ് ആദ്യഘട്ടത്തിൽ ഒഴിപ്പിക്കുന്നത്. മെഡിക്കൽ വിദ്യാർഥികളടക്കം ആയിരത്തിയഞ്ഞൂറോളം പേർ വെള്ളിയാഴ്ച വൈകീട്ടുവരെ പ്രത്യേക കേന്ദ്രങ്ങളിൽ എത്തിച്ചേർന്നതായി വിദേശകാര്യമന്ത്രാലയം പറഞ്ഞു.

യുക്രൈൻ വ്യോമാതിർത്തി അടച്ചതിനെത്തുടർന്നാണ് ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ ബദൽമാർഗങ്ങൾ കേന്ദ്രസർക്കാർ തേടിയത്. റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലവ്‌റോവ്, യുക്രൈൻ വിദേശകാര്യമന്ത്രി ഇവാൻ കൊർസോവ്, ഹംഗേറിയൻ വിദേശകാര്യമന്ത്രി പീറ്റർ സിജാർത്തോ, റൊമാനിയൻ വിദേശകാര്യമന്ത്രി ബോഗ്ഡൻ ഓറെസ്‌കു, പോളണ്ടിന്റെ വിദേശകാര്യമന്ത്രി സ്ബിഗ്ന്യൂവ് റോ എന്നിവരുമായി വിദേശകാര്യമന്ത്രി എസ്. ജയശങ്കർ ചർച്ചകൾ നടത്തി. ഈ നാല് സർക്കാരുകളുമായി അവിടങ്ങളിലെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ നേരിട്ട് ബന്ധപ്പെട്ടു. തുടർന്നാണ് യാത്രാമാർഗങ്ങൾ തുറന്നുകിട്ടിയത്. യുക്രൈൻ-ഹംഗറി അതിർത്തിയിലെ ചോപ്-സഹോനി, റൊമാനിയ-യുക്രൈൻ അതിർത്തിയിലെ പോർബൺ-സിരേട് എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന രണ്ടുകേന്ദ്രങ്ങളിലാണ് ഒഴിപ്പിക്കൽ നടപടികൾ ആരംഭിച്ചിരിക്കുന്നത്. എല്ലാ ഇന്ത്യക്കാരെയും നാട്ടിലെത്തിക്കാൻ സർക്കാസർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി മുരളീധരൻ ഡൽഹിയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.