കൊല്‍ക്കത്തയിൽ വിമാനങ്ങളുടെ ചിറകുകള്‍ കൂട്ടിമുട്ടി: ഒഴിവായത് വന്‍ ദുരന്തം, പൈലറ്റിനെതിരെ നടപടി

0

കൊല്‍ക്കത്ത: ഇൻഡിഗോ വിമാനത്തിന്‍റെ ചിറക് എയ‍ർ ഇന്ത്യ എക്സ്‌പ്രസ് വിമാനത്തിൽ ഉര‌ഞ്ഞ സംഭവത്തിൽ സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറൽ അന്വേഷണം തുടങ്ങി. ഇൻഡിഗോ വിമാനത്തിലെ 2 പൈലറ്റുമാരെ അന്വേഷണം മുൻനിർത്തി ജോലിയിൽ നിന്ന് മാറ്റിനിർത്തി.

സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റും വിമാനത്താവള അധികൃതരും നടത്തുന്ന അന്വേഷണവുമായി കമ്പനി സഹകരിക്കുന്നുവെന്ന് എയർ ഇന്ത്യ വക്താവ് അറിയിച്ചു. വ്യാഴാഴ്ച രാവിലെ പതിനൊന്നുമണിയോടെയാണ് കൊല്‍ക്കത്ത വിമാനത്താവളത്തില്‍ ഇന്‍ഡിഗോ – എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളുടെ വിമാനങ്ങളുടെ ചിറകുകള്‍ തമ്മില്‍ തട്ടിയത്. തലനാരിഴയ്ക്കാണ് വന്‍ ദുരന്തം ഒഴിവായത്. രണ്ടു വിമാനങ്ങളിലും അപകടസമയത്ത് യാത്രക്കാരുണ്ടായിരുന്നതായാണ് വിവരം.

റൺവേയിൽ പ്രവേശിക്കാനുള്ള ക്ലിയറൻസ് കാത്തുനിൽക്കുകയായിരുന്ന എയർ ഇന്ത്യ വിമാനത്തിലേക്ക് മറ്റൊരു വിമാനം ഉരസുകയായിരുന്നു എന്നാണ് എയർ ഇന്ത്യ എക്സ്‌പ്രസ് വക്താവ് പ്രതികരിച്ചത്. ചെന്നൈയിലേക്ക് പുറപ്പെടാനൊരുങ്ങിയതായിരുന്നു എയ‍ർ ഇന്ത്യ എക്സ്‌പ്രസ് വിമാനം. അപകടമുണ്ടായ സമയത്ത് ഈ വിമാനം നിർത്തിയിട്ടിരിക്കുകയായിരുന്നു.

കൂട്ടിയിടിയില്‍ എയ‍ർ ഇന്ത്യ വിമാനത്തിന്‍റെ ചിറകിന്‍റെ അറ്റം ഒടിഞ്ഞു വീണപ്പോൾ, ഇൻഡിഗോ വിമാനത്തിന്‍റെ ചിറകിൽ പൊട്ടലുമുണ്ടായി. പിന്നീട് രണ്ട് വിമാനങ്ങളും ബേയിലേക്ക് തന്നെ കൊണ്ടുവന്നു. രണ്ട് വിമാനങ്ങളിലുമുണ്ടായിരുന്ന യാത്രക്കാര്‍ സുരക്ഷിതരാണെന്ന് വിമാനക്കമ്പനി അധികൃതര്‍ അറിയിച്ചു. സംഭവത്തിൽ പൈലറ്റുമാര്‍ക്കെിതരെ ഡിജിസിഎ അന്വേഷണം പുരോഗമിക്കുകയാണ്.