പാസ്‍പോര്‍ട്ടില്‍ ഒറ്റപ്പേരുള്ളവര്‍ക്കും യുഎഇയില്‍ പ്രവേശിക്കാം: പുതിയ നിബന്ധന ഇങ്ങനെ

0

ദുബായ്: പാസ്‍പോര്‍ട്ടില്‍ ഒറ്റപ്പേര് മാത്രമുള്ളവര്‍ക്കും നിബന്ധനകള്‍ക്ക് വിധേയമായി യുഎഇയില്‍ പ്രവേശനം അനുവദിക്കും. ഇത് സംബന്ധിച്ചുള്ള പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ യുഎഇ നാഷണല്‍ അഡ്വാന്‍സ് ഇന്‍ഫര്‍മേഷന്‍ സെന്ററില്‍ നിന്ന് ലഭിച്ചതായി എയര്‍ ഇന്ത്യ അറിയിച്ചു. ഇതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ യുഎഇയിലെ എല്ലാ ട്രാവല്‍ ഏജന്‍സികള്‍ക്കും എയര്‍ ഇന്ത്യ പുതുക്കിയ സര്‍ക്കുലര്‍ അയച്ചിട്ടുണ്ട്.

പാസ്‍പോര്‍ട്ടില്‍ ഒറ്റപ്പേര് മാത്രമുള്ളവര്‍ക്ക് (ഗിവണ്‍ നെയിമിലോ സര്‍നെയിമിലോ ഒരു വാക്ക് മാത്രമുള്ളവര്‍), അവരുടെ പാസ്‍പോര്‍ട്ടിന്റെ രണ്ടാം പേജില്‍ അച്ഛന്റെ പേരോ കുടുംബപ്പേരോ ഉണ്ടെങ്കില്‍ സന്ദര്‍ശക വിസയിലും യുഎഇയില്‍ പ്രവേശിക്കാമെന്ന് പുതിയ സര്‍ക്കുലര്‍ പറയുന്നു. നിലവില്‍ യുഎഇയില്‍ റെസിഡന്റ് കാര്‍ഡ് ഉള്ള പ്രവാസികള്‍ക്ക് പുതിയ നിബന്ധനകളൊന്നും ബാധകമല്ലെന്ന് നേരത്തെ തന്നെ അധികൃതര്‍ വ്യക്തമാക്കിയിരുന്നു. സന്ദര്‍ശക വിസയിലും ഓണ്‍ അറൈവല്‍ വിസയിലും എംപ്ലോയ്‍മെന്റ് വിസയിലും താത്കാലിക വിസകളിലും യുഎഇയിലേക്ക് പോകാനൊരുങ്ങുന്നവര്‍ക്കായിരുന്നു പുതിയ നിബന്ധന ബാധകമായിരുന്നത്.

എന്നാല്‍ പാസ്‍പോര്‍ട്ടിലെ പേരില്‍ ഒരു വാക്ക് മാത്രമേ ഉള്ളൂവെങ്കിലും അച്ഛന്റെയോ കുടുംബത്തിന്റെ പേര് പാസ്‍പോര്‍ട്ടിന്റെ രണ്ടാം പേജില്‍ ഉണ്ടെങ്കില്‍ സന്ദര്‍ശക വിസയിലും പ്രവേശനം അനുവദിക്കുമെന്ന പുതിയ ഇളവ് നിരവധിപ്പേര്‍ക്ക് ആശ്വാസം പകരുന്നതാണ്. ട്രാവല്‍ ഏജന്‍സികള്‍ക്ക് എയര്‍ ഇന്ത്യ അയച്ച സര്‍ക്കുലര്‍ ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റും ട്വീറ്റ് ചെയ്‍തു.