വിമാനടിക്കറ്റ് നിരക്ക് കൂടും

0

കൊച്ചി: രാജ്യത്ത് വിമാനടിക്കറ്റുകളുടെ നിരക്ക് വീണ്ടും ഉയരാന്‍ സാധ്യതയേറുന്നു. യാത്രക്കാരുടെ എണ്ണം കുതിച്ചുയരുമ്പോഴും സര്‍വീസ് നടത്താന്‍ ആവശ്യത്തിന് വിമാനങ്ങളില്ലാത്തതാണ് വ്യോമയാന മേഖലയില്‍ പുതിയ വെല്ലുവിളി സൃഷ്ടിക്കുന്നത്.

പൊതുതെരഞ്ഞെടുപ്പ് അടുത്തതോടെ ആഭ്യന്തര മേഖലയിലെ വിവിധ നഗരങ്ങളിലേക്കുള്ള യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ കുതിപ്പാണ് ദൃശ്യമാകുന്നത്. സാമ്പത്തിക മേഖല മികച്ച വളര്‍ച്ച നേടുന്നതിനാല്‍ ബിസിനസ് ആവശ്യങ്ങള്‍ക്കായി യാത്ര ചെയ്യുന്നവരുടെ എണ്ണം കൂടുന്നതിനിടയില്‍ തെരഞ്ഞെടുപ്പ് തിരക്ക് കൂടി വന്നതോടെ ടിക്കറ്റുകള്‍ കിട്ടാനില്ലാത്ത സാഹചര്യമാണ് ഒരുങ്ങുന്നത്. ഏപ്രില്‍, മേയ് മാസങ്ങളിലെ അവധിക്കാല വിനോദ സഞ്ചാരികളുടെ ആവശ്യം കൂടി വരുമ്പോള്‍ വിപണി കടുത്ത സമ്മർദം നേരിടുമെന്ന് വിമാന കമ്പനി ഉദ്യോഗസ്ഥര്‍ പറയുന്നു.


ഇതിനിടെ ആവശ്യത്തിന് വിമാനങ്ങള്‍ ലഭ്യമല്ലാത്തതിനാല്‍ വിമാന കമ്പനികള്‍ സര്‍വീസുകള്‍ തുടര്‍ച്ചയായി റദ്ദാക്കുന്നതും ആഭ്യന്തര യാത്രക്കാരെ വലയ്ക്കുകയാണ്. വിമാന സര്‍വീസുകള്‍ റദ്ദായതും വൈകിയതും കാരണം ഫെബ്രുവരിയില്‍ 15.5 ലക്ഷം വിമാന യാത്രക്കാര്‍ ബുദ്ധിമുട്ട് നേരിട്ടുവെന്ന് ഡയറക്റ്റര്‍ ജനറല്‍ ഒഫ് സിവില്‍ ഏവിയേഷന്‍റെ കണക്കുകള്‍ പറയുന്നു. വിമാനങ്ങള്‍ റദ്ദാക്കിയതിനാൽ പ്രതിസന്ധി നേരിട്ട വിമാന യാത്രക്കാര്‍ക്ക് അധിക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനായി വ്യോമയാന കമ്പനികള്‍ ഒരു കോടി രൂപയാണ് അധികമായി ചെലവഴിച്ചത്. ഇതിനാല്‍ വിമാന യാത്രക്കാരുടെ എണ്ണം മുന്‍മാസത്തേക്കാള്‍ 3.8 ശതമാനം കുറഞ്ഞ് 1.26 കോടിയിലെത്തി. ജനുവരിയില്‍ 1.31 കോടി യാത്രക്കാരാണ് ഇന്ത്യന്‍ ആകാശത്ത് യാത്ര ചെയ്തത്. അതേസമയം കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയേക്കാള്‍ വിമാനയാത്രക്കാരുടെ എണ്ണത്തില്‍ 4.8 ശതമാനം വർധനയാണുള്ളത്. ഡിസംബര്‍, ജനുവരി മാസങ്ങളില്‍ വിമാനയാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വർധനയാണുണ്ടായിരുന്നത്.
കഴിഞ്ഞ മാസം ഇന്ത്യന്‍ കമ്പനികളുടെ ആഭ്യന്തര സര്‍വീസുകളില്‍ ശരാശരി 90 ശതമാനം വരെ ഒക്യുപെന്‍സിയാണുണ്ടായിരുന്നത്. നിലവില്‍ 60.1 ശതമാനം വിപണി വിഹിതവുമായി ഇന്‍ഡിഗോ ഇന്ത്യയുടെ ആകാശം വാഴുകയാണ്. 12.8 ശതമാനം വിഹിതവുമായി എയര്‍ ഇന്ത്യയാണ് രണ്ടാം സ്ഥാനത്ത്. സ്പൈസ്ജെറ്റ്, വിസ്താര, എയര്‍ഇന്ത്യ എക്സ്പ്രസ്, ആകാശ് എയര്‍ എന്നിവയുടെ വിഹിതം പത്ത് ശതമാനത്തില്‍ താഴെയാണ്.