ബംഗ്ലാവ് സീല്‍ ചെയ്തു; ഐശ്വര്യ റായിയെയും മകളെയും ആശുപത്രിയിലേക്ക് മാറ്റി

0

മുംബൈ: കോവിഡ്ബാധിതയായി വീട്ടിൽ ക്വാറന്റീനിൽ കഴിഞ്ഞിരുന്ന നടി ഐശ്വര്യാ റായിയെയും മകൾ ആരാധ്യയെയും നാനാവതി ആശുപത്രിയിലേക്ക് മാറ്റി. ജുഹു ബീച്ചിനു സമീപമുള്ള ‘ജൽസ’ എന്ന ബംഗ്ലാവിലാണ് ഇരുവരും ഐസലേഷനിൽ കഴിഞ്ഞിരുന്നത്. ഇവിടെ മൂന്ന് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ബംഗ്ലാവ് നഗരസഭാ അധികൃതർ സീൽ ചെയ്തു. ഇതോടെയാണ് ഐശ്വര്യയെയും മകളെയും ആശുപത്രിയിലേക്ക് മാറ്റിയത്.

അമിതാഭ് ബച്ചനും അഭിഷേകും നാനാവതി ആശുപത്രിയിൽ കോവിഡിന് ചികിത്സയിലാണ്. ഇരുവരുടെയും ആരോ​ഗ്യ നില തൃപ്തികരമായി തുടരുന്നതായി നാനാവതി ആശുപത്രി അധികൃതർ അറിയിച്ചിരുന്നു. അതേസമയം ഐശ്വര്യയുടെ ആരോഗ്യവിവരം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. അമിതാഭ് ബച്ചന്റെ ഭാര്യ ജയാ ബച്ചന്റെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവായിരുന്നു.

ബച്ചന്റെ നാല് ബം​ഗ്ലാവുകൾ ന​ഗരസഭ സീൽ ചെയ്തു. മുപ്പതോളം വരുന്ന ജോലിക്കാരെയും ബച്ചൻ കുടുംബവുമായി സമ്പർക്കം പുലർത്തിയവരെയും പരിശോധനയ്ക്ക് വിധേയരാക്കി. വീട്ടുജോലിക്കാർ, ഡ്രൈവർമാർ ഉൾപ്പെടെ ബച്ചൻ കുടുംബത്തിലെ 30 ജോലിക്കാരുടെയും കോവിഡ് പരിശോധനാഫലം നെഗറ്റീവാണ്.

ജൂലൈ 11ന് അമിതാഭ് ബച്ചൻ തന്നെയാണ് കോവിഡ് സ്ഥിരീകരിച്ച കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. കുടുംബാംഗങ്ങളും ഓഫീസ് ജീവനക്കാരും വീട്ടുജോലിക്കാരും പരിശോധനയ്ക്ക് വിധേയമായിട്ടുണ്ടെന്നും ഫലം കാത്തിരിക്കുകയാണെന്നും അമിതാഭ് ട്വീറ്റ് ചെയ്തു.