മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരി അന്തരിച്ചു

0

തൃശ്ശൂര്‍: ജ്ഞാനപീഠം ജേതാവ്‌ മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരി വിടവാങ്ങി. 94 വയസ്സായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന്‌ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിരിക്കെ വ്യാഴാഴ്ച രാവിലെ 8.10 ഓടെയാണ് അന്ത്യം സംഭവിച്ചത്‌. സംസ്‌കാരം ഔദ്യോഗിക ബഹുമതികേളാടെ വ്യാഴാഴ്ച വൈകീട്ട് വീട്ടുവളപ്പില്‍ നടക്കും.

മനുഷ്യസ്നേഹത്തിന്റെ മഹാഗാഥകളെന്നു വിശേഷിപ്പിക്കാവുന്ന കവിതകളെഴുതിയ അക്കിത്തം ദേശീയപ്രസ്ഥാനത്തിലും യോഗക്ഷേമ സഭയുടെ പ്രവർത്തനങ്ങളിലും സജീവമായി പ്രവർത്തിച്ചിട്ടുണ്ട്. കവിത, ചെറുകഥ, നാടകം, വിവർത്തനം, ലേഖനസമാഹാരം എന്നിവയുൾപ്പെടെ അൻപതോളം കൃതികൾ രചിച്ചു.

1926 മാർച്ച് 18-ന് അമേറ്റൂർ അക്കിത്തത്ത് മനയിലാണ് കവിയുടെ ജനനം. അച്ഛൻ വാസുദേവൻ നമ്പൂതിരി. അമ്മ ചേകൂർ മനയ്ക്കൽ പാർവതി അന്തർജനം. പ്രസിദ്ധചിത്രകാരനായ അക്കിത്തം നാരായണൻ സഹോദരനാണ്. മകൻ അക്കിത്തം വാസുദേവനും ചിത്രകാരൻ തന്നെ. ഭാര്യ ശ്രീദേവി അന്തർജനം.

2019 നവംബറിൽ രാജ്യം അക്കിത്തത്തിന് ജ്ഞാനപീഠപുരസ്കാരം നൽകി ആദരിച്ചിരുന്നു. 2017-ൽ പദ്മശ്രീ പുരസ്കാരവും, 2012-ൽ വയലാർ പുരസ്കാരവും, 2008-ൽ എഴുത്തച്ഛൻ പുരസ്കാരവും 1974-ൽ ഓടക്കുഴൽ അവാർഡും, 1972-ലും 73-ലുമായി കേരള, കേന്ദ്രസാഹിത്യ അക്കാദമി അവാർഡുകളും അക്കിത്തത്തിന് ലഭിച്ചു.

1930-കളിൽ പുരോഗമനപരമായി ചിന്തിച്ച മറ്റേതൊരു നമ്പൂതിരി യുവാവിനെയും പോലെ, സാമുദായിക നവീകരണ പ്രസ്ഥാനങ്ങളിലൂടെയാണ് അക്കിത്തം പൊതുരംഗത്തേക്ക് പ്രവേശിക്കുന്നത്. അന്ന് വി ടി ഭട്ടതിരിപ്പാടായിരുന്നു അക്കിത്തത്തിന്‍റെ ഗുരു. നമ്പൂതിരിയെ മനുഷ്യനാക്കാനുള്ള ആ പ്രക്ഷോഭത്തിൽ, പഴകിയ ആചാരങ്ങളുടെ പായൽ പിടിച്ച തറവാട്ടകങ്ങളിൽ നിന്ന് പുരോഗമനപ്രസ്ഥാനങ്ങളിലേക്ക് ഇറങ്ങി നടന്നു അദ്ദേഹമുൾപ്പടെയുള്ള തലമുറ. സംസ്കൃതവും വേദവുമല്ലാതെ, മലയാളം പഠിച്ചു. ഇംഗ്ലീഷ് പഠിച്ചു. 1946 മുതൽ മൂന്ന് വർഷം ഉണ്ണിനമ്പൂതിരിയുടെ പ്രസാധകനായിരുന്നു അദ്ദേഹം.

വി.ടി. ഭട്ടതിരിപ്പാട്, ഉറൂബ്, ഇടശ്ശേരി തുടങ്ങിയവരുമായി അടുപ്പമുണ്ടായിരുന്നു, ഗാന്ധിജി നേതൃത്വം നൽകിയ ദേശീയ പ്രസ്ഥാനത്തിലും നമ്പൂതിരി സമുദായോദ്ധാരണത്തിനായി യോഗക്ഷേമസഭയിലും പ്രവർത്തിച്ച അക്കിത്തം യോഗക്ഷേമം, മംഗളോദയം എന്നീ മാസികകളുടെ പത്രാധിപസമിതി അംഗമായിരുന്നു. അടുക്കളയിൽനിന്ന് അരങ്ങത്തേക്ക്, കൂട്ടുകൃഷി തുടങ്ങിയ നാടകങ്ങളിൽ വേഷമിട്ടിട്ടുണ്ട്. ആകാശവാണിയിൽ ഉദ്യോഗസ്ഥനായിരുന്നു. 1985 ൽ വിരമിച്ചു.