കൊച്ചിയിൽ മൂന്ന് അൽഖ്വയ്ദ ഭീകരർ പിടിയിൽ; ലക്ഷ്യമിട്ടതു വന്‍ ആക്രമണമെന്നു സൂചന

0

കൊച്ചി: എറണാകുളത്ത്‌ ദേശീയ അന്വേഷണ ഏജന്‍സി നടത്തിയ റെയ്ഡില്‍ മൂന്ന് അല്‍ ഖ്വയ്ദ തീവ്രവാദികള്‍ പിടിയിലായി. അന്യസംസ്ഥാന തൊഴിലാളികളായ ഇവര്‍ പെരുമ്പാവൂര്‍ മുടിക്കലില്‍ ജോലിചെയ്തുവരികയായിരുന്നു. വെള്ളിയാഴ്ച രാത്രി വീട് വളഞ്ഞാണ് എന്‍ഐഎ ഇവരെ പിടികൂടിയത്. യാക്കൂബ് ബിശ്വാസ്, മുസാറഫ് ഹുസൈന്‍, മുര്‍ഷിദ് ഹസന്‍ എന്നീ ബംഗാള്‍ സ്വദേശികളാണ് കസ്റ്റഡിയിലുള്ളത്.

വൻ നഗരങ്ങൾ ഉൾപ്പടെ സ്ഫോടനം നടത്തുന്നതിന് ലക്ഷ്യമിട്ട സംഘത്തിലെ അംഗങ്ങളാണ് ഇവർ എന്നാണ് എൻഐഎ വിശദീകരിക്കുന്നത്. ഇവർ ഡൽഹിയിലേക്ക് പോകാനിരിക്കെയാണ് അന്വേഷണ സംഘം പിടികൂടിയിരിക്കുന്നത്. കേരളത്തിൽ നിർമാണ ജോലികൾക്കെന്ന പേരിൽ എത്തി പല സ്ഥലങ്ങളിലായി താമസിച്ചു വരികയായിരുന്നു പ്രതികൾ. പാകിസ്താന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അല്‍ ഖ്വയ്ദയുമായി ബന്ധമുള്ളവരാണ് ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നതെന്നാണ് എന്‍.ഐ.എ. വ്യക്തമാക്കുന്നത്.

കേരളത്തിന് പുറമേ ബംഗാളിലും നടന്ന റെയ്ഡിൽ ഒൻപത് ഭീകരരാണ് പിടിയിലായിരിക്കുന്നത്. രാജ്യത്ത് 11 ഇടങ്ങളിലായി നടത്തിയ റെയ്ഡിന്റെ ഭാഗമായാണ് എറണാകുളത്തും റെയ്ഡ് നടത്തിയത്. പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദിലും പെരുമ്പാവൂരിലും ഒരേസമയമാണ് റെയ്ഡ് നടന്നത്. പശ്ചിമ ബംഗാളില്‍ ഒന്‍പത് സ്ഥലങ്ങളിലും ഇതേസമയം റെയ്ഡ് നടന്നു. പശ്ചിമ ബംഗാളില്‍നിന്ന് അറസ്റ്റിലായ അബു സുഫിയാന്‍ എന്നയാളും കേരളത്തില്‍നിന്ന് പിടിയിലായ മുര്‍ഷിദ് ഹുസൈനുമാണ് സംഘത്തിന് നേതൃത്വം നല്‍കിയിരുന്നതെന്നാണ് വിവരം.