ലണ്ടൻ: അർബുദം സ്ഥിരീകരിച്ചതിനു ശേഷം ആദ്യമായി പൊതുപരിപാടിയിൽ പങ്കെടുത്ത് ബ്രിട്ടിഷ് രാജകുമാരൻ വില്യമിന്‍റെ പത്നി കേറ്റ് മിഡിൽറ്റൺ. ചാൾസ് രാജാവിന്‍റെ പിറന്നാൾ ആഘോഷത്തിന്‍റെ ഭാഗമായി നടന്ന മിലിറ്ററി പരേഡ് വീക്ഷിക്കാനായാണ് കേറ്റ് കുടുംബത്തിനൊപ്പം എത്തിയത്. നൂറു കണക്കിന് പേരാണ് കേറ്റിനെ കാണാനായി തിങ്ങിക്കൂടിയിരുന്നത്. വെളുപ്പും കറുപ്പും ഇട ചേർന്ന ഗൗണും തൊപ്പിയും ധരിച്ചാണ് കേറ്റ് ചടങ്ങ് വീക്ഷിക്കാനെത്തിയത്. രാജാവിന്‍റെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കുമെന്ന് കേറ്റ് വെള്ളിയാഴ്ച പ്രഖ്യാപിച്ചിരുന്നു. നിലവിൽ അസുഖം ഭേദപ്പെട്ടു വരുകയാണെന്നും കീമോതെറാപ്പി ദിനങ്ങളിൽ നല്ലതും ചീത്തയുമുണ്ടെന്നും കുറച്ചു മാസങ്ങൾ കൂടി ചികിത്സ തുടരേണ്ടി വരുമെന്നും കേറ്റ് വെളിപ്പെടുത്തി. കഴിഞ്ഞ മാർച്ചിലാണ് കേറ്റ് അർബുദബാധിതയാണെന്ന് സ്ഥിരീകരിച്ചത്. അതിനു ശേഷം ഇതു വരെയും പൊതു ചടങ്ങുകളിൽ പങ്കെടുത്തിരുന്നില്ല. ചാൾസ് രാജാവും അർബുദത്തെത്തുടർന്ന് ചികിത്സയിലാണ്.
മക്കളായ ജോർജ്, ഷാർലറ്റ്, ലൂയീസ് എന്നിവർക്കൊപ്പം കുതിരവണ്ടിയിലാണ് കേറ്റ് ബക്കിങ്ഹാം കൊട്ടാരത്തിൽ നിന്ന് പുറപ്പെട്ടത്. ബക്കിങ് ഹാം കൊട്ടാരത്തിലെ മട്ടുപ്പാവിൽ മറ്റു കുടുംബാംഗങ്ങൾക്കൊപ്പം കേറ്റും ചേർന്നു.
ചാൾസ് രാജാവിന്‍റെ പിറന്നാൾ യഥാർഥത്തിൽ നവംബറിലാണ്. കാലാവസ്ഥ അനുകൂലമായതിനാൽ മാത്രം ജൂൺ ഔദ്യോഗിക ജന്മദിനമായി തെരഞ്ഞെടുക്കുകയായിരുന്നു. കേറ്റ് മാതൃദിനത്തിൽ പോസ്റ്റ് ചെയ്ത ചിത്രം ഫോട്ടോഷോപ്പ് ചെയ്തതാണെന്ന ആരോപണമുയർന്നതിനു പിന്നാലെയാണ് കേറ്റ് അർബുദ ബാധിതയാണെന്ന് വിഡിയോ സന്ദേശം പുറത്തു വിട്ടത്. എന്നാൽ ഈ വിഡിയോ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ഉപയോഗിച്ച് നിർമിച്ചതാണെന്ന ആരോപണം ഉയർന്നിരുന്നു.