കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി. പിണറായി ഹൈസ്കൂളിലെത്തിയാണ് മുഖ്യമന്ത്രിയും ഭാര്യയും വോട്ട് രേഖപ്പെടുത്തിയത്. കെ കെ രാഗേഷ് എംപിയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. പിണറായിയിലെ വീട്ടിൽ നിന്നും കാൽനടയായാണ് മുഖ്യമന്ത്രിയും ഭാര്യയും പോളിംഗ് ബൂത്തിൽ എത്തിയത്.
സ്വാമി അയ്യപ്പനടക്കമുള്ള ദേവഗണങ്ങളെല്ലാം നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സർക്കാരിനൊപ്പമായിരിക്കുമെന്ന് വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കവേ മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ഭരണ തുടർച്ചയുണ്ടാവില്ലെന്ന എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരുടെ പ്രസ്താവനയ്ക്ക് മറുപടിയായാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.
സുകുമാരൻ നായർ ഒരിക്കലും സർക്കാരിനെതിരെ പറയില്ല. അദ്ദേഹം അയ്യപ്പ വിശ്വാസിയാണ്. അയ്യപ്പനും ബാക്കി ജനങ്ങളുടെ എല്ലാ ആരാധനാ മൂർത്തികളും ഈ സർക്കാരിനൊപ്പമാണ്. എല്ലാ മതവിശ്വാസികളേയും ജനങ്ങളേയും സംരക്ഷിച്ചത് നിർത്തിയത് ഈ സർക്കാരാണ്. ജനങ്ങൾക്ക് ഗുണം ചെയ്യുന്നവർക്കൊപ്പമാണ് എല്ലാ കാലത്തും എല്ലാ ദേവഗണങ്ങളും – മുഖ്യമന്ത്രി പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് ഭരണമാറ്റം ഉണ്ടാകുമെന്നും മനസമാധാനം തരുന്ന സർക്കാർ അധികാരത്തിൽ വരണമെന്നാണ് ജനം ആഗ്രഹിക്കുന്നതെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ രാവിലെ വോട്ട് ചെയ്ത ശേഷം പറഞ്ഞിരുന്നു.
തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ചരിത്ര വിജയം ജനങ്ങള്‍ സമ്മാനിക്കുമെന്നും സര്‍ക്കാര്‍ ജനങ്ങളുടെ കൂടെ നിന്നിട്ടുണ്ട്, ആ ജനങ്ങള്‍ എല്‍ഡിഎഫിന്റെ കൂടെ നില്‍ക്കുമെന്നാണ് വിശ്വാസമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.