സിദ്ധാർഥന്‍റെ മരണം: ഹോസ്റ്റലിലുണ്ടായിരുന്ന എല്ലാ വിദ്യാർഥികൾക്കും സസ്പെൻഷൻ

0

കൽപ്പറ്റ: പൂക്കോട് വെറ്ററിനറി കോളെളിലെ വിദ്യാർഥി സിദ്ധാർഥന്‍റെ മരണവുമായി ബന്ധപ്പെട്ട് സംഭവ സമയത്ത് ഹോസ്റ്റലിലുണ്ടായിരുന്ന മുഴുവൻ വിദ്യാർഥികളെയും സസ്പെൻഡ് ചെയ്തു. സിദ്ധാർഥന് മർദനമേറ്റ വിവരം ബന്ധപ്പെട്ടവരെ അറിയിക്കാതിരുന്നതിലാണ് വിദ്യാർഥികളുടെ സസ്പെൻഷന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. മർദന സമയത്ത് ആകെ 130 വിദ്യാർഥികളാണ് ഹോസ്റ്റലിലുണ്ടായിരുന്നത്. സിദ്ധാർഥനെതിരേയുള്ള ആക്രമണത്തിൽ ഹോസ്റ്റലിലുണ്ടായിരുന്ന 31 വിദ്യാർഥികൾ ഉൾപ്പെട്ടിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. മർദനമേറ്റ് അവശനായ സിദ്ധാർഥൻ ആശുപത്രിയിൽ കൊണ്ടു പോകണമെന്ന് ആവശ്യപ്പെട്ടിട്ടും ചെവി കൊള്ളാതിരുന്ന 2 പേരെ ഹോസ്റ്റലിൽ നിന്ന് പുറത്താക്കിയിട്ടുണ്ട്.

ഇവർക്ക് ഇന്‍റേണൽ പരീക്ഷ എഴുതാൻ സാധിക്കില്ല. വീട്ടിൽ നിന്നും സിദ്ധാർഥനെ വിളിച്ചു വരുത്തുകയും മർദിക്കുകയും ചെയ്ത 10 പേരെയും പുറത്താക്കിയിട്ടുണ്ട്. ഇവർക്ക് ഒരു വർഷത്തേക്ക് പരീക്ഷ എഴുതാനാകില്ല. തെളിവെടുപ്പിന്‍റെ ഭാഗമായി ക്യാംപസിൽ നിന്ന് കുട്ടികളെ പുറത്തു വിടുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.

പെൺകുട്ടികൾ ഉൾപ്പെടെയുള്ളവർ ക്യാംപസിൽ തന്നെ തുടരുകയായിരുന്നു. കേസിൽ മുഴുവൻ പ്രതികളും അറസ്റ്റിലായ സാഹചര്യത്തിൽ ഈ നിയന്ത്രണം ഇനി ഉണ്ടായിരിക്കുകയില്ല.