ലോകം ഒന്നാകെ കൈകോര്‍ത്തു; തായ് ഗുഹയില്‍ നിന്നും എല്ലാവരെയും സുരക്ഷിതരായി രക്ഷിച്ചു

0

തായ് ഗുഹയ്ക്കുള്ളിൽ അകപ്പെട്ട എല്ലാവരെയും രക്ഷാപ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തി.  ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ആയിട്ടില്ലെങ്കിലും തായ് സൈന്യത്തെ ഉദ്ധരിച്ചാണ് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.ഇന്ന് പ്രാദേശികസമയം രാവിലെ 10.08 നാണ് രക്ഷാദൗത്യം പുനരാരംഭിച്ചത്. 19 ഡൈവർമാരാണ് ഇന്ന് ഗുഹയ്ക്കകത്തേക്കു പ്രവേശിച്ചത്. കനത്തമഴയുടെ ആശങ്കയിൽ എത്രയും വേഗം രക്ഷാപ്രവർത്തനം പൂർത്തിയാക്കാന്‍ ഇവര്‍ക്ക് സാധിച്ചു.

അതേസമയം, ലോകകപ്പ് ഫൈനലിന് എത്താനാകുംവിധം രക്ഷപ്രാപിക്കട്ടെയെന്നു കുട്ടികളെ ഫിഫ ആശംസിച്ചെങ്കിലും എല്ലാവരെയും രക്ഷപ്പെടുത്തിയാലും കുട്ടികൾക്കു ഫൈനലിന് എത്താനാകില്ലെന്നാണു വിവരം. ആരോഗ്യപരിശോധനകളുടെ ഭാഗമായി രക്ഷപ്പെട്ട കുട്ടികൾ ഒരാഴ്ചയെങ്കിലും ആശുപത്രിയിൽ തുടരേണ്ടതായി വരും. വരുന്ന ഞായറാഴ്ച, ജൂലൈ 15നാണ് ലോകകപ്പ് ഫൈനൽ. രക്തപരിശോധന, ശ്വാസകോശ എക്സ്റേ, ഹൃദയം, കണ്ണുകൾ എന്നിവയുടെ പ്രത്യേക പരിശോധന തുടങ്ങി മാനസികനില വിലയിരുത്തുന്നതുവരെ വിവിധ ആരോഗ്യപരിശോധനകൾക്കു കുട്ടികളെ വിധേയമാക്കുന്നതിനാലാണിതെന്നു തായ് പൊതുജനാരോഗ്യ മന്ത്രാലയത്തിലെ ഡോ. ജെസാദ ചൊക്ദാംറോങ്സുക് അറിയിച്ചു.

ടെറ്റനസ്, റാബിസ് രോഗപ്രതിരോധത്തിനുളള മരുന്നുകൾക്കൊപ്പം ഐവി ഡ്രിപ്പുകളും ആശുപത്രിയിലാക്കിയ കുട്ടികൾക്കു നൽകുന്നുണ്ട്. ആദ്യസംഘത്തിലുണ്ടായിരുന്ന കുട്ടികളുടെ ശരീരതാപനില ഏറെ താഴ്ന്ന നിലയിലായിരുന്നു. രണ്ടു കുട്ടികൾക്കു ശ്വാസകോശത്തിൽ പ്രശ്നങ്ങൾ കണ്ടു. അടിയന്തര ചികിൽസ ലഭ്യമാക്കിയതോടെ ഇവരുടെ നില മെച്ചപ്പെട്ടതായി ചൊക്ദാംറോങ്സുക് പറഞ്ഞു.കഴിഞ്ഞ മാസം 23നാണ് 11നും 16നും മധ്യേ പ്രായമുളള 12 കുട്ടികളും അവരുടെ ഇരുപത്തിയഞ്ചുകാരനായ ഫുട്ബാൾ പരിശീലകനും ഗുഹയ്ക്കുളളിൽ കുടുങ്ങിയത്.