പ്രധാനമന്ത്രിയായി ഷെയ്ഖ് ഹസീനയുടെ പതനത്തിനുശേഷം ,ബംഗ്ലാദേശിൽ 48 ജില്ലകളിലായി 278 സ്ഥലങ്ങളിൽ ഹിന്ദുക്കൾ ആക്രമിക്കപ്പെട്ടതായി ആരോപണം ഉയരുന്നു. പലതരത്തിലുള്ള ആക്രമണങ്ങളും ഭീഷണികളും ഹിന്ദു സമൂഹം നേരിടുന്നതായി ബംഗ്ലാദേശ് നാഷണൽ ഹിന്ദു ഗ്രാൻഡ് അലയൻസ് ചൊവ്വാഴ്ച നടത്തിയ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. നശിപ്പിക്കാൻ നോക്കൽ, കൊള്ള, തീവെപ്പ്, ഭൂമി തട്ടിയെടുക്കൽ, രാജ്യം വിടാനുള്ള ഭീഷണി തുടങ്ങിയ സംഭവങ്ങൾ മാറിമാറിവരുന്ന രാഷ്ട്രീയ പാർട്ടികളുടെ ഭരണം കാരണം ഹിന്ദു സമൂഹത്തിന്മേൽ അടിച്ചേൽപ്പിക്കപ്പെടുന്നതായി സഖ്യം അറിയിച്ചു.
ഇത് കേവലം വ്യക്തികൾക്ക് നേരെയുള്ള ആക്രമണമല്ല മറിച്ച് ഹിന്ദു മതത്തിനെതിരായ ആക്രമണമാണെന്ന് ധാക്കയിലെ നാഷണൽ പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സഖ്യത്തിൻ്റെ വക്താവ് പലാഷ് കാന്തി ഡേ പറഞ്ഞു.ആക്രമണ കാര്യങ്ങൾ തങ്ങൾ ആഭ്യന്തരകാര്യ ഉപദേഷ്ടാവ് ബ്രിഗേഡിയർ ജനറൽ (റിട്ട) എം സഖാവത് ഹുസൈനെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാഷ്ട്രീയ മാറ്റത്തിൻ്റെ കാലത്ത് ഹിന്ദു സമൂഹത്തിനെതിരെ ആവർത്തിച്ചുള്ള ആക്രമണങ്ങളിൽ ദുഃഖമുണ്ടെന്ന് സഖ്യത്തിൻ്റെ പ്രസിഡൻ്റ് പ്രഭാസ് ചന്ദ്ര റോയ് അറിയിച്ചിരുന്നു.
ഭരണമാറ്റം വരുമ്പോഴെല്ലാം ആദ്യം ആക്രമിക്കപ്പെടുന്നത് ഹിന്ദുക്കളാണെന്നും റോയ് കൂട്ടിച്ചേർത്തു. “മുൻകാലങ്ങളിൽ ഇത്തരം സംഭവങ്ങൾ കുറവായിരുന്നുവെങ്കിലും, അടുത്തിടെ അവ കൂടിവരുന്നു. സുരക്ഷിതത്വത്തോടെ ഈ രാജ്യത്ത് ജീവിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഞങ്ങൾ ഇവിടെയാണ് ജനിച്ചത്, ഞങ്ങൾക്കും ഈ രാജ്യത്ത് അവകാശങ്ങളുണ്ട്,” എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.