കേരളം മുങ്ങിയ മഹാപ്രളയം; ഡാം തുറന്നതിലുണ്ടായ വീഴ്‌ചയെന്ന് അമിക്കസ് ക്യൂറി റിപ്പോർ‌ട്ട്

2

കേരളത്തിലുണ്ടായ പ്രളയത്തിന് കാരണം ഡാം തുറന്നുവിട്ടതിലെ വീഴ്‌ചയെന്ന് അമിക്കസ് ക്യൂറി റിപ്പോർ‌ട്ട് പുറത്ത്. കേരളത്തിലുണ്ടായ മഹാപ്രളയം മനുഷ്യനിര്‍മ്മിതമാണെന്ന ആരോപണത്തിന് ബലമേക്കി അമിക്കസ് ക്യൂറി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. ഡാമുകള്‍ തുറന്നത് മാനദണ്ഡങ്ങള്‍ പാലിച്ചല്ലെന്നും അമിക്കസ് ക്യൂറി ജേക്കബ് പി അലക്‌സ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. 49 പേജുകളുള്ള വിശദ റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചിരിക്കുന്നത്.

പ്രളയകാലത്ത് കേരളത്തിലെ ഡാമുകള്‍ തുറന്നു വിട്ടതില്‍ പാളിച്ചകളുണ്ടായെന്ന് അമിക്കസ് ക്യൂറി ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതേക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നും ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നുണ്ട്.

പ്രളയം കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് വീഴ്ച്ച പറ്റിയെന്നും ഇതേക്കുറിച്ച് പരിശോധിക്കണം എന്നാവശ്യപ്പെട്ടും പതിനഞ്ചോളം ഹര്‍ജികളാണ് കേരളഹൈക്കോടതിയില്‍ എത്തിയത്. ഈ ഹര്‍ജികളില്‍ കോടതിയെ സഹായിക്കാനാണ് അമിക്കസ് ക്യൂറിയെ ഹൈക്കോടതി നിയമിച്ചത്.

ചെളി അടിഞ്ഞുകിടന്നിടത്ത്‌ വെള്ളം അധികമൊഴുകിയെത്തിയതോടെ പല ഡാമുകളും വേഗത്തില്‍ നിറയാന്‍ കാരണമായത്. ദേശീയകാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട് ഗൗരവത്തിലെടുത്തില്ലെന്നും കനത്തമഴയെ നേരിടാന്‍ തയ്യാറെടുപ്പുകള്‍ വേണ്ടവിധം കൈക്കൊണ്ടില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

പ്രളയ ദുരിതാശ്വാസം നല്‍കുന്നതുമായി ബന്ധപ്പെട്ട നിർദേശങ്ങൾ അടങ്ങുന്ന ഇടക്കാല റിപ്പോർട്ട് നേരത്തെ അമിക്കസ് ക്യൂറി കോടതിയിൽ സമർപ്പിച്ചിരുന്നു. ദുരിതബാധിതര്‍ക്കു നേരിട്ടു സഹായധനം എത്തിക്കണം പ്രളയ ബാധിതര്‍ക്ക് വെള്ളം, വൈദ്യുതി, പാചക വാതകം എന്നിവ സൗജ്യമായി നല്‍കുന്നത് പരിഗണിക്കണം, നഷ്ടം കണക്കാക്കാൻ വാർഡ് തലത്തിൽ സമിതികൾ രൂപീകരിക്കണമെന്നും മറ്റും ആവശ്യപ്പെട്ടായിരുന്നു ഇടക്കാല റിപ്പോർട്ട്.