അഭിഷേകും ഐശ്വര്യയും വിവാഹമോചിതരാകുന്നുവെന്ന് പ്രചരണം; പ്രതികരണവുമായി അമിതാഭ് ബച്ചന്‍

0

ബോളിവുഡിലെ താരജോഡികളായ അഭിഷേക് ബച്ചനും ഐശ്വര്യ റായ്‍യും വിവാഹമോചിതരാകാന്‍ ഒരുങ്ങുകയാണെന്ന് ഏറെക്കാലമായി പ്രചരണം നടക്കുന്നുണ്ട്. എന്നാല്‍ അഭിഷേക് ബച്ചനോ ഐശ്വര്യ റായിയോ ഈ വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം അമിതാഭ് ബച്ചന്‍ തന്‍റെ ബ്ലോഗിലൂടെ പ്രതികരിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയിലൂടെ ഒറ്റ വാക്കില്‍ ഒരു പ്രതികരണം നടത്തിയിരിക്കുകയാണ് അദ്ദേഹം.

‘ചുപ്’ (നിശബ്ദത പാലിക്കൂ) എന്നാണ് ഹിന്ദിയില്‍ത്തന്നെ അദ്ദേഹം കുറിച്ചിരിക്കുന്നത്. ഒപ്പം ഒരു ആംഗ്രി ഇമോജിയും ചേര്‍ത്തിട്ടുണ്ട്. എക്സിലൂടെയാണ് അമിതാഭ് ബച്ചന്‍റെ പോസ്റ്റ്. ഇത് അഭിഷേക്- ഐശ്വര്യ വിവാഹമോചനം സംബന്ധിച്ച പ്രചരണങ്ങള്‍ നടത്തുന്നവരോടാണെന്നാണ് പൊതു വിലയിരുത്തല്‍. എന്നാല്‍ നേരത്തെ ബ്ലോഗില്‍ എഴുതിയ കുറിപ്പില്‍ അമിതാഭ് ബച്ചന്‍ വിശദമായി പ്രതികരിച്ചിരുന്നു. കുടുംബത്തെക്കുറിച്ച് ഞാന്‍ കുറച്ചേ പറയാറുള്ളൂ. കാരണം അതാണ് എന്‍റെ ഇടം. അതിന്‍റെ സ്വകാര്യത ഞാന്‍ കാത്തുസൂക്ഷിക്കാറുണ്ട്. പ്രചരണങ്ങള്‍ പ്രചരണങ്ങള്‍ മാത്രമാണ്. വ്യാജ പ്രചരണങ്ങളാണ് നടക്കുന്നത്, സത്യമാണോ എന്ന് പരിശോധിക്കുകപോലും ചെയ്യാതെ. ഒന്നുകില്‍ അസത്യങ്ങള്‍ കൊണ്ട് ഈ ലോകം നിറയ്ക്കുക. അതല്ലെങ്കില്‍ അസത്യങ്ങളെ ചോദ്യം ചെയ്യുക. നിങ്ങളുടെ ജോലി കഴിഞ്ഞു. ആരെക്കുറിച്ചാണോ അതൊക്കെ പറയപ്പെട്ടത് അവരെ ഇത് എങ്ങനെയാവും ബാധിക്കുക? പ്രചരണങ്ങള്‍ നടത്തുന്നവര്‍ക്ക് വെറുതെ കൈ കഴുകി പോകാനാവുമോ? അവരുടെ മനസാക്ഷി (അങ്ങനെയൊന്ന് ഉണ്ടെങ്കില്‍) അവരെ വെറുതെ വിടുമോ?, അമിതാഭ് ബച്ചന്‍ കുറിച്ചിരുന്നു.

അഭിഷേക് ബച്ചന്‍ നായകനായ ഏറ്റവും പുതിയ ചിത്രം ഐ വാണ്ട് ടു ടോക്കിലെ അദ്ദേഹത്തിന്‍റെ പ്രകടനത്തെയും അമിതാഭ് ബച്ചന്‍ അടുത്തിടെ പ്രശംസിച്ചിരുന്നു.