ഇന്ത്യയിലാദ്യമായി അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച കുട്ടി ജീവിതത്തിലേക്ക് തിരിച്ചെത്തി

0


അമീബിക്‌ മസ്‌തിഷ്‌ക ജ്വരം ബാധിച്ച്‌ ചികിത്സയിലായിരുന്ന 14 വയസുകാരൻ രോഗമുക്തി നേടി ആശുപത്രി വിട്ടു. രോഗം മുഴുവൻ മാറിയാണ് കോഴിക്കോട് സ്വദേശിയായ കുട്ടിയുടെ വീട്ടിലേക്കുള്ള മടക്കം. പോണ്ടിച്ചേരിയിലേക്ക് അയച്ച രണ്ടാമത്തെ സാമ്പിൾ പരിശോധനാഫലവും നെഗറ്റീവ് ആയതോടെയാണ് കുട്ടിയെ വീട്ടിലേക്ക് വിടാൻ ഡോക്ടർമാർ തീരുമാനിച്ചത്. മൂന്നാഴ്ച നീണ്ട ചികിത്സയ്ക്കൊടുവിലാണ് രോഗമുക്തി. രാജ്യത്ത് തന്നെ അപൂർവമായാണ് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ച ഒരാൾ രോഗമുക്തി നേടുന്നത്. 97% മരണ നിരക്കുള്ള രോഗത്തിൽനിന്ന് കുട്ടിയെ തിരികെ കിട്ടിയതിന്റെ ആശ്വാസത്തിലും സന്തോഷത്തിലുമാണ് കുട്ടിയുടെ രക്ഷിതാക്കളും ബന്ധുക്കളും.തിക്കോടിയിലെ കുളത്തിൽ കുളിച്ച ഈ കുട്ടിക്ക് അപസ്മാരലക്ഷണത്തെ തുടർന്ന് വടകര ആശുപത്രിയിലാണ് ആദ്യം ചികിത്സതേടിയത്. അമീബിക് മസ്തിഷ്കജ്വര ലക്ഷണമെന്ന സംശയത്തിൽ ഡോക്ടർമാർ ഉയർന്ന ചികിത്സാ സംവിധാനങ്ങളുള്ള ആശുപത്രിയിലേക്ക് റഫർ ചെയ്യുകയായിരുന്നു. നേരത്തെ തന്നെ രോഗം നിർണയിക്കാൻ കഴിഞ്ഞതും ലഭ്യമായ ചികിത്സകൾ നൽകാൻ സാധിച്ചതുമാണ് കുട്ടിയെ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാൻ സഹായകമായത്.