തിരുവനന്തപുരം ∙ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം ചുഴലിക്കാറ്റായി മാറി. എംഫന്‍ എന്ന് പേരിട്ടിരിക്കുന്ന ചുഴലി കൊടുങ്കാറ്റ് അടുത്ത 48 മണിക്കൂറിനുള്ളിൽ അതിതീവ്ര ചുഴലിക്കാറ്റായി മാറുമെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മണിക്കൂറിൽ 200 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ ഇടയുള്ള എംഫന്‍ ചൊവ്വാഴ്ച രാത്രിയോടെ ഇന്ത്യൻ തീരത്തെത്തുമെന്നാണു വിലയിരുത്തൽ. ആന്ധ്ര, ഒഡിഷ, ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ അതിജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റായ എംഫന്‍ ശനിയാഴ്ച വൈകിട്ട് 5.30ഓടെയാണ് രൂപപ്പെട്ടത്. തായ്‌ലൻഡ് ആണ് ചുഴലിക്കാറ്റിന് എംഫന്‍ എന്ന പേര് നിർദേശിച്ചത്.
നിലവിൽ ഒഡിഷയിലെ പാരാ ദ്വീപ് തീരത്തു നിന്നും 800 കിലോമീറ്റർ അകലെയാണു കാറ്റിന്റെ സ്ഥാനം. 18-20 തീയതികളോടെ ഒഡീഷയുടെ വടക്കന്‍ മേഖലയിലേയ്ക്കും തുടര്‍ന്ന് പശ്ചിമബംഗാളിലേയ്ക്കും നീങ്ങുന്ന ചുഴലിക്കാറ്റില്‍ ഒഡീഷയിലെ തീരദേശ മേഖലകളിലാണ് ഏറെ നാശംവിതയ്ക്കുക എന്നാണ് കണക്കുകൂട്ടുന്നത്. ഞായറാഴ്ചയോടെ ശക്തിപ്രാപിക്കുന്ന ചുഴലിക്കാറ്റ് തുടര്‍ന്നുള്ള ദിവസങ്ങളില്‍ ആന്ധ്ര പ്രദേശ്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളുടെ തീരപ്രദേശങ്ങളില്‍ വീശാനിടയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു.
ചുഴലിക്കാറ്റ് രൂപപ്പെടുന്ന സാഹചര്യത്തില്‍ വലിയതോതില്‍ ജനങ്ങളെ ഒഴിപ്പിക്കാന്‍ തയ്യാറെടുത്ത് ഒഡീഷ. 12 ജില്ലകളില്‍നിന്നായി ഏഴ് ലക്ഷംപേരെ സുരക്ഷിത കേന്ദ്രങ്ങളിലേയ്ക്ക് മാറ്റാനാണ് സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്. ചീഫ് സെക്രട്ടറി അസിത് ത്രിപാഠിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രത്യേക യോഗത്തിലാണ് ജില്ലകള്‍ക്ക് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയത്.
ആവശ്യമായിവരികയാണെങ്കില്‍ വിവിധ ജില്ലകളിലെ ഏഴ് ലക്ഷത്തോളം ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറ്റുന്നതിന് തയ്യാറായിക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ചുഴലിക്കാറ്റിന്റെ സ്ഥിതിയും സഞ്ചാരഗതിയും സംബന്ധിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുകള്‍ ലഭിക്കുന്ന മുറയ്ക്ക് തുടര്‍ നടപടികള്‍ കൈക്കൊള്ളുമെന്ന് മുഖ്യമന്ത്രി നവീന്‍ പട്‌നായിക് പറഞ്ഞു.