മുംബൈ: റിലയൻസിന്റെ പിൻഗാമി അനന്ത് അംബാനിയുടെയും എൻകോർ ഹെൽത്ത്‌കെയർ അവകാശി രാധിക മർച്ചന്റിന്റെയും വിവാഹം നഗരത്തിലെ സംസാരവിഷയമായി മാറിയിട്ട് മാസങ്ങളോളമായി. ജൂലൈ 12 മുതൽ 15വരെ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ചടങ്ങുകളുടെ ഭാഗമായി ബാന്ദ്ര-കുർള കോംപ്ലക്‌സിലും പരിസര പ്രദേശങ്ങളിലും നിരവധി നിയന്ത്രണങ്ങളാണ് അധികൃതർ നഗരത്തിൽ നടപ്പിലാക്കിയിരിക്കുന്നത്.
ബി കെ സി യിൽ സ്ഥിതി ചെയ്യുന്ന റിലയൻസിന്റെ ഉടമസ്ഥതയിലുള്ള ജിയോ വേൾഡ് കൺവെൻഷൻ സെന്ററിലാണ് പ്രധാന ചടങ്ങുകൾ എല്ലാം നടക്കുക. ഇതിന്റെ ഫലമായി താജ്, ലീല ഉൾപ്പെടെ സമീപത്തെ ആഡംബര ഹോട്ടലുകൾ മുഴുവനും ബുക്ക് ചെയ്തതായാണ് റിപ്പോർട്ട്. ഹോളിവുഡ് സെലിബ്രിറ്റികളും ലോക നേതാക്കളും ഉൾപ്പെടെ വലിയ ഒരു നിരയാണ് അതിഥി പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. അതിനാൽ തന്നെ നിയമപാലകർ പ്രദേശത്ത് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
അതേസമയം ബി കെ സി യിൽ പ്രവർത്തിക്കുന്ന പല ഓഫീസുകളും തങ്ങളുടെ ജീവനക്കാരോട് ജൂലൈ 12 മുതൽ ജൂലൈ 15 വരെ മൂന്ന് ദിവസത്തേക്ക് അവരുടെ വീടുകളിൽ നിന്ന് ജോലി ചെയ്യാൻ ആവശ്യപ്പെട്ടിട്ടുണ്ട്. വിവാഹം അല്ലെങ്കിൽ ശുഭ് വിവാഹം ജൂലൈ 12 ന് നടക്കും, തുടർന്ന് ജൂലൈ 13 ന് ശുഭ് ആശിർവാദും തുടർന്ന് ജൂലൈ 14 ന് മംഗൾ ഉത്സവും നടക്കും. അന്നേ ദിവസം വൈകീട്ട് അല്ലെങ്കിൽ 6 മണി മുതൽ സൽക്കാരത്തോട് കൂടി സമാപനം കുറിക്കും.