ആലപ്പുഴ സ്വദേശി ആൻഡ്രൂ വർഗീസ് റിയാദിൽ മരിച്ചു

0

റിയാദ്: റിയാദിലെ മലയാളി പൊതുസമൂഹത്തിന് ചിരപരിചിതനായ ആലപ്പുഴ കുട്ടനാട് നെടുമുടി സ്വദേശി പുത്തൻചിറ ഹൗസിൽ ആൻഡ്രൂസ് വർഗീസ് (63) ഹൃദയാഘാതം മൂലം മരിച്ചു. റിയാദ് റബുഅയിലെ താമസസ്ഥലത്ത് തിങ്കളാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. മൃതദേഹം പൊലീസ് എത്തി ശുമൈസി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

സാമൂഹിക പ്രവർത്തകൻ കൂടിയായിരുന്ന അദ്ദേഹം 36 വർഷമായി റിയാദിലുണ്ട്. ഡാക് എന്ന ബഹുരാഷ്​ട്ര ഡിറ്റർജൻറ് കമ്പനിയിൽ മാനേജരായി ജോലി ചെയ്തിരുന്നു. കുട്ടനാട് എം.എൽ.എ ആയിരുന്ന പരേതനായ തോമസ് ചാണ്ടിയുടെ അടുത്ത ബന്ധു ആണ്. തോമസ് ചാണ്ടിയുടെ നേതൃത്വത്തിൽ റിയാദിൽ ആരംഭിച്ച അൽആലിയ സ്കൂളിന്റെ പ്രാരംഭ കാലത്ത് അതിന്റെ മാനേജർ പദവിയും ആൻഡ്രൂ വർഗീസ് വഹിച്ചിരുന്നു. ഉദ്യോഗത്തിൽ നിന്ന് വിരമിച്ച ശേഷം റസ്റ്റോറൻറുകളും മറ്റുമായി സ്വന്തമായി ബിസിനസ് നടത്തിവരികയായിരുന്നു.

വിൻസി വർഗീസാണ് ഭാര്യ. മകൻ ക്രിസ് ആൻഡ്രൂസ് ബംഗളുരുവിൽ ജോലി ചെയ്യുന്നു. മകൾ കാൽവിന ആൻഡ്രൂ ഹൈദരാബാദിലെ വോക്സെൻ സ്കൂൾ ഓഫ് ആർട്സ് ആൻഡ് ഡിസൈനിൽ നിന്ന് ഫാഷൻ ഡിസൈൻ കോഴ്സ് പൂർത്തിയാക്കി. റിയാദിൽ കൈരളി, സൂര്യ എന്നീ സാമൂഹിക സാംസ്കാരിക സംഘടനകളിൽ ആൻഡ്രു വർഗീസ് സജീവമായി പ്രവർത്തിച്ചിരുന്നു.