
തൃശൂർ: തൃശൂരിൽ നടന്ന മിസ് കേരള ഫിറ്റ്‌നസ് ഫാഷൻ മത്സരത്തിൽ ഫൈനൽ റൗണ്ടിലേക്ക് മുന്നേറിയ അട്ടപ്പാടി സ്വദേശിനിയും ഇരുള സമുദായക്കാരിയുമായ അനു പ്രശോഭിനിക്ക് സാമൂഹ്യ മാധ്യമങ്ങളിൽ അടക്കം അഭിനന്ദന പ്രവാഹം.
അനു പ്രശോഭിനിയെ അഭിനന്ദിച്ച് നിരവധിപേരാണ് രംഗത്തെത്തുന്നത്. അനു പ്രശോഭിനിയുടെ വരവ് സൗന്ദര്യത്തിന്റെ ചരിത്ര-വർണ-വംശ-സമുദായ നിർണയനങ്ങൾ അട്ടിമറിക്കുമെന്നാണ് സമൂഹ മാധ്യമങ്ങളിൽ ഉയരുന്ന അഭിപ്രായങ്ങൾ.
അനു പ്രശോഭിനിയുടെ നേട്ടത്തെ അഭിനന്ദിച്ചുകൊണ്ട് സാമൂഹ്യ പ്രവർത്തക ധന്യ രാമൻ, ചലച്ചിത്ര പ്രവർത്തകനും എഴുത്തുകാരനുമായ ജി.പി. രാമചന്ദ്രൻ എന്നിവർ രംഗത്തുവന്നിരുന്നു. ധബാരി കുരുവി എന്ന ചിത്രത്തിൽ പ്രധാന വേഷം അവതരിപ്പിച്ചിട്ടുണ്ട് അനു പ്രശോഭിനി. അനുവിന് സ്വന്തമായി ഒരു യുട്യൂബ് ചാനലുമുണ്ട്.
മണ്ണാർക്കാട് വനം ഡിവിഷനിലെ ജീവനക്കാരനും സിനിമാനടനും(അയ്യപ്പനും കോശിയും ഫെയിം) ആദിവാസി കലാകാരനുമായ എസ്. പഴനിസ്വാമിയുടെയും അട്ടപ്പാടി ഐടിഡിപിയിലെ ട്രൈബൽ പ്രമോട്ടർ ബി. ശോഭയുടെയും മകളാണ്. സഹോദരൻ ആദിത്യൻ വട്ടലക്കി ബഥനി ഇംഗ്ലിഷ് മീഡിയം സ്കൂളിൽ ഒൻപതാം ക്ലാസ് വിദ്യാർഥി.പാലക്കാട് ഹോസ്റ്റലിൽ താമസിച്ചു പഠിക്കുന്ന അനു പ്രശോഭിനി അവസാന റൗണ്ടിലേക്കുള്ള തിരക്കിട്ട തയാറെടുപ്പിലാണ്.