തന്റെ ഗർഭകാല വസ്ത്രങ്ങൾ വിൽപനയ്ക്ക് വച്ച് നടി അനുഷ്ക ശർമ. ഓൺലൈനിലൂടെയാണ് വിൽപന. അനുഷ്‌ക ശര്‍മ്മയുടെ ഗർഭകാല വസ്ത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു. ഇപ്പോഴിതാ, അതേ വസ്ത്രങ്ങൾ ഓണ്‍ലൈനില്‍ വില്‍പനയ്ക്ക് വച്ചിരിക്കുകയാണ് അനുഷ്‌ക.
വസ്ത്രങ്ങള്‍ വിറ്റു കിട്ടുന്ന പണം ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാനാണ് അനുഷ്‌കയുടെ തീരുമാനം.
വിറ്റ് കിട്ടുന്ന പണം സ്നേഹ (SNEHA) എന്ന ചാരിറ്റി സ്ഥാപനത്തിന് നൽകും. സോഷ്യല്‍ എന്റര്‍പ്രൈസായ ഡോള്‍സ് വീയുടെ വെബ്‌സൈറ്റിലെ SaltScout.com /DolceVee/AnushkaSharma എന്ന പേജിലാണ് വസ്ത്രങ്ങള്‍ ലഭിക്കുക.
‘വസ്ത്രങ്ങൾ ഇത്തരത്തിൽ കൈമാറ്റം ചെയ്യുന്നതിലൂടെ ഫാഷൻ രംഗത്ത് വലിയ സ്വാധീനം ചെലുത്താൻ സാധിക്കും. എന്റെ ഗർഭകാലത്ത്, വളരെ കുറച്ച് തവണ മാത്രം ധരിച്ച വസ്ത്രങ്ങളാണിവ. എന്നാൽ, അവ നിർമ്മിക്കുന്നതിന് ഉപയോഗിച്ച വിഭവങ്ങളെക്കുറിച്ച് കൂടുതലറിയുമ്പോൾ, നമ്മുടെ വസ്ത്രങ്ങൾ പരസ്പരം പങ്കിടാനും വാങ്ങാനും കഴിയുന്ന ഒരു രീതി കെട്ടിപ്പടുക്കുകയെന്നത് നിർണായകമാണെന്ന് തോന്നി’ – അനുഷ്ക ശർമ്മ പറഞ്ഞു.
അടുത്തിടെ ബിഗ് ബോസ് സീസൺ 14’വിജയി റുബീന ദിലൈക്കിന്റെ വില കൂടിയ വസ്ത്രങ്ങൾ വിൽപ്പനയ്ക്ക് വച്ചിരുന്നു. ബിഗ് ബോസ് വിജയിയായി പ്രഖ്യാപിച്ചപ്പോൾ റുബീന ധരിച്ചിരുന്ന ഗൗൺ ഉൾപ്പെടെ പരിപാടിയിൽ ഉപയോഗിച്ചിരുന്ന എല്ലാ ഗൗണുകളും വിൽപ്പനയ്ക്ക് വച്ചു. എൽജിബിടിക്യുഐ (ലെസ്ബിയൻ, ഗേ, ബൈസെക്ഷ്വൽ, ട്രാൻസ്‌ജെൻഡർ, ക്വീൻ, ഇന്റർസെക്‌സ്, അസ്സെക്ഷ്വൽ) കമ്മ്യൂണിറ്റിക്ക് വേണ്ടി ഈ തുക ചെലവഴിക്കാനാണ് റുബീന തീരുമാനിച്ചിരുന്നത്.
ബിഗ് ബോസിന്റ അവസാന ദിനത്തിൽ റുബീന ദിലൈക്ക് ധരിച്ചിരുന്ന ഇളം മഞ്ഞ നിറത്തിലുള്ള തിളക്കമാർന്ന ഗൗൺ വളരെ മനോഹരമായിരുന്നു. ഈ ഗൗൺ ഉൾപ്പെടെയാണ് വിൽപ്പനയ്ക്കായി വച്ചിരിക്കുന്നത്. ‘മർജനേയ’ എന്ന മ്യൂസിക് വീഡിയോയിൽ റുബീന ധരിച്ചിരുന്ന വസ്ത്രവും LGBTQ കമ്മ്യൂണിറ്റിക്ക് നൽകുന്ന സംഭാവനയുടെ ഭാഗമായി വിൽപ്പനയ്ക്ക് വച്ചിരുന്നു. ബിഗ് ബോസ് വിജയിയായ റുബീന എല്ലായ്പ്പോഴും ട്രാൻസ്ജെൻഡർ വിഭാഗത്തിന്റെ അവകാശങ്ങൾക്കായി ശബ്ദമുയർത്തിയിരുന്നു. 2006ൽ മിസ് ഷിംല സൗന്ദര്യ മത്സരത്തിലും 2008ൽ മിസ്സ് നോർത്ത് ഇന്ത്യ മത്സരത്തിലും വിജയിയാണ് റുബീന ദിലൈക്ക്.