തകര്‍ന്നത് കൂട്ടിയോജിപ്പിക്കാന്‍ സാധിച്ചില്ല, 30 വര്‍ഷം പൂര്‍ത്തിയാക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നു, സ്വകാര്യതയെ മാനിച്ചതിന് നന്ദി; എആര്‍ റഹ്‌മാൻ

0

എആര്‍ റഹ്‌മാനും ഭാര്യ സൈറ ബാനുവും കഴിഞ്ഞ 29 വർഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിക്കുന്നുവെന്ന വാർത്ത ഒട്ടും വിശ്വസിക്കാൻ ആവാതെയാണ് ആരാധർ സ്വീകരിച്ചിരിക്കുന്നത്. ചൊവ്വാഴ്ച ഔദ്യോഗിക പ്രസ്താവനയിലൂടെയാണ് ഇരുവരും വിവാഹമോചിതരാകാന്‍ പോകുന്നുവെന്ന കാര്യം അറിയിച്ചത്. അഭിഭാഷക മുഖേനയായിരുന്നു സൈറ ബാനുവിന്റെ വെളിപ്പെടുത്തൽ. പിന്നാലെ എക്സില്‍ എആര്‍ റഹ്‌മാനും പ്രതികരിച്ചിരുന്നു.

“മുപ്പത് വര്‍ഷം പൂര്‍ത്തിയാക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നു, എന്നാല്‍ എല്ലാത്തിനും അദൃശ്യമായ ഒരു അന്ത്യം ഉണ്ടെന്ന് തോന്നുന്നു. തകര്‍ന്ന ഹൃദയങ്ങളുടെ ഭാരത്താല്‍ ദൈവത്തിന്റെ സിംഹാസനം പോലും വിറച്ചേക്കാം. എന്നിട്ടും ഈ തകര്‍ച്ചയില്‍ ഞങ്ങള്‍ അര്‍ഥം തേടുന്നു, തകര്‍ന്നത് കൂട്ടിയോജിപ്പിക്കാന്‍ സാധിച്ചില്ല. ഞങ്ങളുടെ സുഹൃത്തുക്കളോട് ഈ ദുർഘടമായ അവസ്ഥയിലൂടെ ഞങ്ങള്‍ സഞ്ചരിക്കുമ്പോള്‍ നിങ്ങളുടെ ദയയ്ക്കും, ഞങ്ങളുടെ സ്വകാര്യതയെ മാനിച്ചതിനും നന്ദി”- എന്നാണ് റഹ്‌മാന്‍ എക്‌സ് അക്കൗണ്ടില്‍ കുറിച്ചിരിക്കുന്നത്.

തന്റെ അമ്മയാണ് സൈറ ബാനുവിനെ തനിക്കായി കണ്ടെത്തിയത്. ചെന്നൈയില്‍ മത കേന്ദ്രത്തില്‍വെച്ചാണ് തന്റെ അമ്മയും സഹോദരിയും സൈറയെ കാണുന്നത്. എന്റെ അമ്മയ്ക്ക് സൈറയെയോ അവരുടെ കുടുംബത്തെയോ അറിയില്ലായിരുന്നു. 1995 ജനുവരി ആറിനാണ് ഞങ്ങള്‍ ആദ്യമായി കണ്ടുമുട്ടിയത്. അന്ന് എന്റെ 29-ാം പിറന്നാള്‍ ആയിരുന്നു.

ചെറിയൊരു കൂടിക്കാഴ്ചയായിരുന്നു അത്. അതിനുശേഷം ഫോണിലൂടെയാണ് ഞങ്ങള്‍ കൂടുതലും സംസാരിച്ചത്. സൈറ കച്ഛിയും ഇംഗ്ലീഷുമാണ് സംസാരിച്ചിരുന്നത്. എന്നെ വിവാഹം കഴിക്കാമോയെന്ന് ഞാന്‍ അവളോട് ഇംഗ്ലീഷില്‍ ചോദിക്കുകയായിരുന്നു, നസ്റീന്‍ മുന്നി കബീറുമായുള്ള ഒരു അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞ വാക്കുകളാണിത്.

പിന്നീട് ഞങ്ങൾ വിവാഹിതരായി. ഏതൊരു കുടുംബത്തെയും പോലെ സൈറയുമായി പൊരുത്തപ്പെടാന്‍ എന്റെ കുടുംബത്തിന് അല്‍പം സമയമെടുത്തു. എല്ലാ അമ്മമാരെയും പോലെ എന്‍റെ അമ്മയും പൊസസീവായിരുന്നു. കൂടാതെ ഞങ്ങളുടേത് ഒരു കൂട്ടുകുടുംബവും. അക്കാലത്ത് അവൾ ഒരുപാട് അഡ്ജസ്റ്റമെന്‍റ് ചെയ്തിരുന്നു. 1995 ല്‍ ഞങ്ങളുടെ മൂത്ത കുട്ടി ഖദീജയുടെ ജനനശേഷം എല്ലാ കാര്യവും നല്ല രീതിയിലായി എന്നും റഹ്മാന്‍ പറയുന്നു.

മൂന്ന് മക്കളാണ് ഇരുവർക്കുമുള്ളത്. ഖദീജ റഹ്മാൻ, എആർ അമീൻ, റ​ഹീമ റഹ്മാൻ എന്നിവരാണ് മക്കൾ. ഖദീജ ഇതിനകം സം​ഗീത സംവിധാന രം​ഗത്ത് ശ്രദ്ധേയ സാന്നിധ്യമായി കഴിഞ്ഞു. മുഖം മറച്ചുകൊണ്ട് നിഖാബ് ധരിച്ച് വേദികളിൽ എത്തിയ മകൾ ഖദീജയുമായി ബന്ധപ്പെട്ടുണ്ടായ ചില വിവാദങ്ങൾക്കിടെയാണ് എആർ റഹ്മാന്റെ കുടുംബം വലിയ തോതിൽ സോഷ്യൽമീഡിയയിൽ ചർച്ചയായിത്തുടങ്ങിയത്. മതവിശ്വാസത്തിലൂന്നിയ ജീവിതം നയിക്കുന്നവളാണ് തന്റെ മകളെന്ന് അദ്ദേഹം തന്നെ പല അഭിമുഖങ്ങളിലും വ്യക്തമാക്കിയിട്ടുണ്ട്. ഒരിക്കൽ നിഖാബ് ധരിച്ച് ഖദീജ പൊതുവേദിയിൽ എത്തിയപ്പോഴുള്ള ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.