ന്യൂഡൽഹി: തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നടപ്പാക്കി വാക്കുപാലിച്ച മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെയും ആംആദ്മി പാർട്ടിയെയും മൂന്നാം വട്ടവും അധികാരത്തിലേറ്റി ഡൽഹി ജനത.
കഴിഞ്ഞ തവണ 67 സീറ്റിൽ വിജയിച്ച ആം ആദ്മി പാർട്ടി ഇക്കുറി 62 സീറ്റ് നേടിയാണ് അധികാരം നിലനിർത്തിയത്. ബിജെപി കഴിഞ്ഞ തവണത്തെ മൂന്ന് സീറ്റിൽ നിന്ന് എട്ട് സീറ്റിലേക്ക് ഉയർന്നെങ്കിലും തെരഞ്ഞെടുപ്പ് അവരെ സംബന്ധിച്ച് കനത്ത തിരിച്ചടിയാണ്. വീണ്ടും അരവിന്ദ് കെജ്രിവാൾ തന്നെ മുഖ്യമന്ത്രിയായി തുടർന്നേക്കും. കേവലഭൂരിപക്ഷത്തിന് 36 സീറ്റ് മതി. എട്ടുമാസം മുൻപുനടന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ തകർന്നടിഞ്ഞ ആംആദ്മിയുടെ ഗംഭീര തിരിച്ചുവരവാണിത്.
ആംആദ്മി പാർട്ടിക്ക് ആകെ പോൾ ചെയ്തതിന്റെ 53.57 ശതമാനം വോട്ട് ലഭിച്ചു. ബിജെപിക്ക് 38.5 ശതമാനം വോട്ടാണ് ലഭിച്ചത്. കനത്ത തിരിച്ചടി നേരിട്ട ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ വോട്ട് 4.26 ശതമാനമായി ഇടിഞ്ഞു. 0.71 ശതമാനം വോട്ട് നേടിയ ബിഎസ്‌പിയാണ് വോട്ട് നിലയിൽ നാലാം സ്ഥാനത്ത്.
മൂന്നാം വട്ടവും ആം ആദ്മി പാർട്ടിയിൽ വിശ്വസിച്ച ജനങ്ങൾക്ക് നന്ദി. ഇത് എന്നെ മകനായി കണ്ട് വോട്ട് നൽകിയ ജനങ്ങളുടെ വിജയമാണ്’- അരവിന്ദ് കേജ്‌രിവാൾ പറഞ്ഞു. വിജയത്തിലേക്ക് കുതിക്കുന്ന ആംആദ്മി പാർട്ടിയുടെ സ്ഥാനാർത്ഥികളും നേതാക്കളുമെല്ലാം പ്രതികരണങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്. യഥാർത്ഥ രാജ്യസ്‌നേഹം ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നതാണെന്ന് ആംആദ്മി നേതാവും ഡൽഹി ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ പറഞ്ഞു. കോൺഗ്രസിന്റെ ഷീല ദീക്ഷത്തിന് ശേഷം ഡൽഹിയിൽ മൂന്നാം തവണ മുഖ്യമന്ത്രിയാകുന്ന നേതാവാണ് കേജ്‌രിവാൾ.
ഡൽഹിയെ ലോകോത്തര നഗരമാക്കി മാറ്റുന്നതിന് കേന്ദ്രവുമായി യോജിച്ച് പ്രവര്‍ത്തിക്കുമെന്ന് കെജ്‍രിവാള്‍ ട്വീറ്റ് ചെയ്തു. ദില്ലിയില്‍ ഇത്തവണ ബിജെപി ശക്തമായ മത്സരം കാഴ്ച്ചവെക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും അഞ്ച് സീറ്റുകള്‍ മാത്രമാണ് വര്‍ധിപ്പിക്കാനായത്. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരടക്കം പ്രചാരണത്തില്‍ സജീവമായെങ്കിലും പ്രതീക്ഷിച്ച ഫലം കണ്ടില്ല.
അതേസമയം ദീർഘകാലം ഡൽഹി ഭരിച്ച കോൺഗ്രസിന് ഇക്കുറിയും സീറ്റൊന്നും ലഭിച്ചില്ല. ഷീല ദീക്ഷിതിന്റെ അസാന്നിധ്യത്തിൽ നടന്ന തെരഞ്ഞെടുപ്പ് എന്ന പ്രത്യേകതയും ഇക്കുറി കോൺഗ്രസിനുണ്ടായിരുന്നു.