കാലം കാത്തിരുന്നത് മിശിഹയുടെ അവതാരപൂർത്തിക്കു വേണ്ടിത്തന്നെ. ഇത് മറഡോണയ്ക്കുള്ള അര്‍ജന്റീനയുടെ കനകമുത്തം. അവന്റെ പിന്‍ഗാമിയായി മെസിയുടെ കിരീടധാരണം.
സാക്ഷാൽ ലയണൽ മെസി ലോക കിരീടവുമായി ഇതിഹാസങ്ങളുടെ ഗണത്തിലേക്ക് ഉയർത്തപ്പെട്ടു. അർജന്റീനയുടെ ലോകകപ്പ് പെരുമകളുടെ അവതാർ മൂന്നാം ഭാഗം. അർജന്റീനയ്ക്ക് മൂന്നാം ലോക കിരീടം. അടിയും തിരിച്ചടിയും കണ്ട തുല്യ ശക്തികളുടെ പോരാട്ടത്തിൽ വിധി നിർണയിച്ചത് പെനൽറ്റി ഷൂട്ടൗട്ടിൽ.
1986 നു ശേഷം ആദ്യമായാണ് അർജന്റീന ലോകകപ്പിൽ മുത്തമിടുന്നത്. ഇതോടെ പെലെയ്ക്കും മാറഡോണയ്ക്കും സാധിച്ച ലോകകിരീടം എന്ന ആടയാഭരണം മെസിയും അണിഞ്ഞിരിക്കുന്നു.
ആദ്യ പകുതിയിൽ അർജന്റീന 2-0ന് മുന്നിൽ. രണ്ടാം പകുതിയിൽ ഫ്രാൻസ് രണ്ടു ഗോൾ തിരിച്ചടിച്ചതോടെ റെഗുലർ സമയത്ത് മത്സരം 2-2ന് അവസാനിക്കുന്നു. എക്സ്ട്രാ ടൈമിന്റെ രണ്ടാം പകുതിയിൽ അർജന്റീനയ്ക്ക് വീണ്ടും ഗോൾ. പിന്നാലെ ഫ്രാൻസിന്റെ തിരിച്ചടി വീണ്ടും. ഇതോടെ മത്സരം ഷൂട്ടൗട്ടിലേക്ക്. ഫ്രാൻസിന്റെ രണ്ടു ഷോട്ടുകൾ തടുത്തിട്ട അർജന്റൈൻ ഗോളി എമിലിയാനോ മാർട്ടിന് വീണ്ടും വീരനായകൻ. അർജന്റീനയ്ക്കായി കിക്കെടുത്ത നാലു പേരും ലക്ഷ്യം കണ്ടു.
അഞ്ചാം ലോകകപ്പിനിറങ്ങിയ മെസിയ്ക്കായി കാലം കാത്തു വച്ച കാവ്യനീതിയായി ലോകകിരീടം മാറുമ്പോൾ സുവർണ പാദുകം നേടിയത് ഫൈനലിൽ ഹാട്രിക് നേടിയ കിലിയൻ എംബാപ്പെ, ലോകകപ്പിൽ നേടിയത് എട്ടു ഗോൾ. മെസി ഫൈനലിലെ രണ്ടു ഗോൾ അടക്കം ടൂർണമെന്റിൽ ഏഴ്.
എയ്ഞ്ചൽ ഡി മരിയയെ ഉസ്മാൻ ഡെംബലെ ബോക്സിൽ വീഴ്ത്തിയതിനു ലഭിച്ച പെനാൽറ്റിയിലാണ് മെസി അർജന്റീനയെ ആദ്യം മുന്നിലെത്തിക്കുന്നത്. 36ാം മിനിറ്റിൽ എയ്ഞ്ചൽ ഡിമരിയ ലീഡുയർത്തി.
രണ്ടാം പകുതിയിൽ പക്ഷേ, കളി മാറി. ഫ്രാൻസ് കൂടുതൽ ഒത്തിണക്കത്തോടെ കളിച്ചു. ആക്രമണവും പ്രത്യാക്രമണവുമായി മത്സരച്ചൂടേറി. പിന്നെയായിരുന്നു എംബാപ്പെയുടെ അവതാരം. ഒരു മിനിറ്റിന്റെ ഇടവേളയിൽ അർജന്റീനയുടെ മോഹച്ചെപ്പിൽ തീ കോരിയിട്ട് എംബാപ്പെ ഇരട്ട ഗോൾ സ്വന്തമാക്കി,
എക്സ്ട്രാ ടൈമിൽ മെസി വീണ്ടും രക്ഷകനാകുന്ന പ്രതീതി. ഫ്രഞ്ച് ഗോളി ഹ്യൂഗോ ലോറിസ് തടുത്തിട്ട റീബൗണ്ടിൽ നിന്ന് ഉശിരൻ ഗോൾ. പക്ഷേ, ലോക ഫുട്ബോളിലെ പിൻഗാമി എംബാപ്പെയ്ക്ക് ഇനിയും സമയം ബാക്കിയായിരുന്നു. അർജന്റൈൻ ബോക്സിൽ വച്ച് ഡിഫൻഡറുടെ കൈയിൽ പന്ത് കൊണ്ടതിനെത്തുടർന്ന് അടുത്ത പെനൽറ്റി, പിഴവില്ലാതെ പന്ത് വലയിൽ.
ഇതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങുന്നത്. ആദ്യ കിക്കുകൾ എംബാപ്പെയും മെസിയും ലക്ഷ്യത്തിലെത്തിച്ചു. എന്നാൽ, കിങ്സ്ലി കോമാൻ എടുത്ത ഫ്രാൻസിന്റെ രണ്ടാമത്തെ കിക്ക് മാർട്ടിനസ് തടുത്തു. ഓറിലിയാൻ ചുവേമീനിയുടെ മൂന്നാമത്തെ കിക്കും തടുത്തു. മറുവശത്ത് പൗലോ ഡിബാലയും ലിയാൻഡ്രോ പെരേഡസും ഗോൺസാലോ മോണ്ടിയലും ലക്ഷ്യം കണ്ടതോടെ ലയണൽ മെസിയുടെ അവതാരലക്ഷ്യം പൂർണം.