അര്‍ജന്റീന തോറ്റപ്പോള്‍ അന്ന് കരഞ്ഞു; ഇനി നിബ്രാസ് ഖത്തറിലേക്ക്

0

ഖത്തര്‍ ലോകകപ്പില്‍ ഇഷ്ട താരങ്ങളുടെയും ഇഷ്ട ടീമുകളുടെയും വിജയ പരാജയങ്ങള്‍ ആരാധകരുടേത് കൂടിയാണ്. വീഴ്ചയില്‍ കണ്ണുനിറഞ്ഞും ഉള്ളുപിടഞ്ഞും പരിഹാസങ്ങള്‍ കേള്‍ക്കുന്നവരും ഉയര്‍ച്ചയില്‍ പരിധിയില്ലാതെ സന്തോഷിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്. അതിലൊരാളായിരുന്നു കാസര്‍ഗോട്ടെ തൃക്കരിപ്പൂര്‍ സ്വദേശിയായ എട്ടാം ക്ലാസുകാരന്‍ നിബ്രാസ്.

ആദ്യ മത്സരത്തില്‍ അര്‍ജന്റീനയുടെ തോല്‍വിയാണ് നിബ്രാസിനെ താരമാക്കിയതെന്ന് വേണമെങ്കില്‍ പറയാം. കാരണം അര്‍ജന്റീനയുടെ പരാജയം മെസിയെയും അര്‍ജന്റീനയെയും സ്‌നേഹിക്കുന്ന നിബ്രാസിന് കണ്ടുനില്‍ക്കാന്‍ കഴിയുമായിരുന്നില്ല. ‘ഇനിയും കളി ബാക്കിയുണ്ട്, കഴിഞ്ഞിട്ടില്ല’ എന്ന് ചെറുപുഞ്ചിരി കലര്‍ന്ന വിഷമത്തോടെ നിബ്രാസ് പറഞ്ഞപ്പോള്‍ കൂട്ടുകാരെല്ലാം തമാശയാക്കി. തൊട്ടടുത്ത നിമിഷം ഉള്ളില്‍ അടക്കിപ്പിടിച്ച വിഷമം പൊട്ടിക്കരഞ്ഞുകൊണ്ടായിരുന്നു നിബ്രാസ് പ്രകടിപ്പിച്ചത്. ഇതോടെ നിബ്രാസിന്റെ വിഡിയോ സമൂഹമാധ്യമങ്ങള്‍ ഏറ്റെടുക്കുകയും ചെയ്തു.

ഇപ്പോള്‍ നിബ്രാസിനെ തേടി മറ്റൊരു സുവര്‍ണ ഭാഗ്യമാണ് കൈവന്നിരിക്കുന്നത്. ഈ കുട്ടി ആരാധകന്‍ ഇനി ഖത്തറിലേക്ക് പറക്കാനൊരുങ്ങുകയാണ്. പയ്യന്നൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ട്രാവല്‍ ഏജന്‍സിയാണ് നിബ്രാസിനെ ഖത്തറിലെത്തിക്കുന്നത്. അര്‍ജന്റീന ജയിച്ചതിനൊപ്പം മെസിയെ നേരിട്ട് കാണാന്‍ അവസരം ഒരുങ്ങിയതിലെ സന്തോഷത്തിലാണ് നിബ്രാസിപ്പോള്‍.

‘ഇതില്‍പ്പരം സന്തോഷം എന്താണുള്ളത്. വളരെ സന്തോഷം. മെസിയെ നേരിട്ടുകാണുമ്പോള്‍ എന്തായിരിക്കും എന്ന് പോലും അറിയില്ല. കണ്‍ട്രോള്‍ പോകും. തെറ്റുകളില്‍ നിന്ന് പാഠം പഠിച്ചാണ് അര്‍ജന്റീന കളിച്ചത്. ഇനിയുള്ള കളികളെല്ലാം സൂപ്പറായിരിക്കും’. നിബ്രാസ് മാധ്യമങ്ങളോട് പ്രതികരിച്ചു.