ഫൈനൽ പോരിനുള്ള സ്റ്റാര്‍ട്ടിംഗ് ഇലവനെ പ്രഖ്യാപിച്ച് ടീമുകൾ

0

ദോഹ: ലോകകപ്പ് ഫൈനല്‍ പോരാട്ടത്തിനുള്ള സ്റ്റാര്‍ട്ടിംഗ് ഇലവനെ പ്രഖ്യാപിച്ച് ഇരുടീമുകളും. കിലിയന്‍ എംബാപ്പെയും ഒളിവര്‍ ജിറൂദും ഫ്രാന്‍സിന്‍റെ മുന്നേറ്റ നിരയില്‍ ഇറങ്ങുന്നു. ജിറൂര്‍ദിന്‍റെ ഫിറ്റ്നെസ് സംബന്ധിച്ച ആശങ്കകള്‍ ഉണ്ടായിരുന്നെങ്കിലും സ്റ്റാര്‍ട്ടിംഗ് ഇലവനില്‍ തന്നെ ജിറൂര്‍ദനെ ഇറക്കിയതോടെ അതെല്ലാം അസ്ഥാനത്താണെന്ന് വ്യക്തമാക്കുകയാണ് ഫ്രാന്‍സ് പരിശീലകന്‍ ദിദിയെര്‍ ദെഷാം. എംബാപ്പെക്കൊപ്പം വലതു വംഗില്‍ ഒസ്മാന്‍ ഡെംബലെയുമുണ്ട്,

ഗോള്‍ കീപ്പറായി ക്യാപ്റ്റന്‍ ഹ്യൂഗോ ലോറിസ് എത്തുമ്പോള്‍ പ്രതിരോധനിരയില്‍ കൗണ്ടെ, റാഫേല്‍ വരാനെ, ഡയോറ്റ് അപമെക്കാനോ, തിയോ ഹെര്‍ണാണ്ടസ് എന്നിവരാണുള്ളത്. ചൗമെനിയും, അന്‍റോണി ഗ്രീസ്മാനും ആഡ്രിയാന്‍ റാബിയോയും അടങ്ങുന്നതാണ് ഫ്രാന്‍സിന്‍റെ മധ്യനിര.

4-3-3-1 ശൈലിയിലാണ് കോച്ച് ദിദിയെര്‍ ദെഷാം ഇന്ന് ടീമിനെ വിന്യസിച്ചിരിക്കുന്നത്. ലോകകപ്പില്‍ അഞ്ച് ഗോളുകളുമായി എംബാപ്പെയും നാലു ഗോളുകളുമായി ജിറൂര്‍ദും ടോപ് സ്കോറര്‍ക്കുള്ള ഗോള്‍ഡന്‍ ബൂട്ടിനായി മത്സരിക്കുമ്പോള്‍ മധ്യനിരയില്‍ കളി മെനയുന്ന ഗ്രീസ്‌മാന്‍ മികച്ച കളിക്കാരനുള്ള ഗോള്‍ഡന്‍ ബോളിനായി മെസിക്കും എംബാപ്പെക്കുമൊപ്പം മത്സരത്തിനുണ്ട്.

ആരാധകര്‍ പ്രതീക്ഷിച്ചപോലെ ഏയ്ഞ്ചല്‍ ഡി മരിയ അര്‍ജന്‍റീനയുടെ സ്റ്റാര്‍ട്ടിംഗ് ഇലവനിലെത്തി. ക്രൊയേഷ്യക്കെതിരായ മത്സരത്തില്‍ നിന്ന് വ്യത്യസ്തമായി പ്രതിരോധത്തിന് കൂടി ഊന്നല്‍ നല്‍കി 4-4-2 ശൈലിയിലാണ് അര്‍ജന്‍റീന പരിശീലകന്‍ ലിയോണല്‍ സ്കലോണി ഇന്ന് ടീമിനെ വിന്യസിക്കുന്നത്.

എമിലിയാനോ മാര്‍ട്ടിനെസ് കാവല്‍ നില്‍ക്കുന്ന ഗോള്‍ പോസ്റ്റിന് മുന്നിലായി മൊളിന, റൊമേോ, ഒട്ടമെന്‍ഡി, അക്യുന എന്നിവര്‍ അണിനിരക്കുമ്പോള്‍ മധ്യനിരയില്‍ ഡി മരിയ, ഡി പോള്‍, എന്‍സോ ഫെര്‍ണാണ്ടസ്, മക് അലിസ്റ്റര്‍ എന്നിവരാണുള്ളത്.

മുന്നേറ്റനിരയില്‍ ജൂലിയന്‍ ആല്‍വാരസിനൊപ്പം ലിയോണല്‍ മെസിയുണ്ട്. കഴിഞ്ഞ മത്സരത്തില്‍ തുടക്കത്തില്‍ മധ്യനിരയില്‍ ക്രൊയേഷ്യക്കെതിരെ ആധിപത്യം നേടാന്‍ അര്‍ജന്‍റീനക്കായിരുന്നില്ല. ആദ്യ ഗോള്‍ വീണശേഷമാണ് അര്‍ജന്‍റീന മത്സരത്തില്‍ ആധിപത്യം സ്ഥാപിച്ചത്. അതുപോലെ ഇന്ന് ആദ്യ ഗോള്‍ നേടുക എന്നതാണ് അര്‍ജന്‍റീനക്ക് മുന്നിലുള്ള വെല്ലുവിളി.

France Starting XI: Hugo Lloris (captain), Jules Kounde, Raphael Varane, Dayot Upamecano, Theo Hernandez, Antoine Griezmann, Aurelien Tchouameni, Adrien Rabiot, Ousmane Dembele, Olivier Giroud, Kylian Mbappe

Argentina Starting XI: Emiliano Martinez, Nahuel Molina, Cristian Romero, Nicolas Otamendi, Nicolas Tagliafico, Rodrigo De Paul, Enzo Fernandez, Alexis Mac Allister, Angel Di Maria, Lionel Messi (captain), Julian Alvarez