ഇടുക്കി: അരിക്കൊമ്പനെ പെരിയാർ കടുവാ സങ്കേതത്തിലെ ഉൾവനത്തിൽ തുറന്നുവിട്ടു. രാത്രി 12 മണി മണിയോടെ സീനിയറോടയ്ക്ക് സമീപത്തായാണ് തുറന്നുവിടുന്നത്. ജനവാസമേഖലയിൽ നിന്നും 23 കിലോമീറ്റർ അകലെയായിട്ടാണ് നിലവിൽ അരിക്കൊമ്പനുള്ളത്. കുമളി പഞ്ചായത്തിൽ ഇന്ന് രാവിലെ 7 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
പെരിയാർ ടൈഗർ റിസർവിലെ 300 ഏക്കറിലധികം വരുന്ന പുൽമേടാണ് മേദകാനത്തിന് സമീപമുള്ള സീനിയറോട. വെള്ളവും തീറ്റയും എപ്പോഴും ലഭിക്കും എന്നതാണ് സീനിയറോട തിരഞ്ഞെടുക്കാൻ കാരണം. കടുത്ത വേനലിലും ഇവിടെ സുലഭമായി വെള്ളവും കിട്ടും. അതേസമയം പൂജ ചെയ്താണ് മന്നാൻ ആദിവാസി വിഭാഗം ആനയെ വന്യജീവി സങ്കേതത്തിലേക്ക് സ്വീകരിച്ചത്.
കനത്ത മഴ മൂലം വനത്തിനുള്ളിൽ കൂടെയുള്ള യാത്ര ദുഷ്കരം ആയിരുന്നു. ജനവാസ മേഖലയായ കുമളിയിൽ നിന്നും 23 കിലോമീറ്റർ അകലെയാണ് സീനിയറോഡ. ആനയുടെ നീക്കങ്ങൾ ജി പി എസ് കോളറിൽ നിന്നും ലഭിക്കുന്ന സിഗ്നൽ വഴി നിരീക്ഷിക്കാനാകും. ഇതിനുള്ള ക്രമീകരണങ്ങൾ വനം വകുപ്പ് ഏർപ്പെടുത്തിയിട്ടുണ്ട്. പെരിയാർ കടുവ സങ്കേതം വെറ്റിനറി ഡോക്ടറുടെ നേതൃത്വത്തിൽ ഉള്ള സംഘമാണ് ഇനി ആനയെ നിരീക്ഷിക്കുക. ഉൾവനത്തിൽ ആയതിനാൽ ജനവാസ മേഖലയിലേക്ക് ആന തിരികെ എത്തില്ലെന്നാണ് കണക്ക് കൂട്ടൽ. പൂജ ചെയ്താണ് മന്നാൻ ആദിവാസി വിഭാഗം ആനയെ വന്യജീവി സങ്കേതത്തിലേക്ക് സ്വീകരിച്ചത്. പുതിയതായി ഒരു അതിഥി വരുന്നതിന്റെ ഭാഗമായാണ് പൂജയെന്നാണ് ആദിവാസി വിഭാഗം വിശദീകരിച്ചത്.