ദുബായ് വിമാനത്താവളത്തിലെ ഒരു റണ്‍വേ മേയ് 9 മുതല്‍ അടച്ചിടും

1

ദുബായ്: ദുബായ് അന്താരാഷ്‍ട്ര വിമാനത്താവളത്തിലെ ഒരു റണ്‍വേ അറ്റകുറ്റപ്പണികള്‍ക്കായി അടുത്ത മാസം അടച്ചിടും. മേയ് ഒന്‍പത് മുതല്‍ ജൂണ്‍ 22 വരെ 45 ദിവസത്തേക്കാണ് അറ്റകുറ്റപ്പണികള്‍ നിശ്ചയിച്ചിരിക്കുന്നത്. ഇക്കാലയളവില്‍ ആയിരത്തോളം വിമാന സര്‍വീസുകള്‍ ദുബായിലെ രണ്ടാം വിമാനത്താവളമായ ദുബായ് വേള്‍ഡ് സെന്‍ട്രലിലേക്ക് മാറ്റും.

സുരക്ഷയും കാര്യക്ഷമതയും ഉറപ്പാക്കുന്നതിന് വേണ്ടിയാണ് റണ്‍വേയുടെ അറ്റകുറ്റപ്പണികള്‍ നടത്തുന്നതെന്ന് ദുബായ് എയര്‍പോര്‍ട്ട്സ് സിഇഒ പോള്‍ ഗ്രിഫിത്ത്സ് പറഞ്ഞു. യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാവാതിരിക്കാനാണ് സര്‍വീസുകള്‍ ദുബൈ വേള്‍ഡ് സെന്‍ട്രലിലേക്ക് മാറ്റുന്നത്. യാത്രക്കാര്‍ തങ്ങള്‍ എത്തിച്ചേരുന്നത് ഏത് വിമാനത്താവളത്തിലേക്കാണെന്നും പുറപ്പെടുന്നത് എവിടെ നിന്നാണെന്നും വിമാനക്കമ്പനികളില്‍ നിന്ന് വ്യക്തമായി മനസിലാക്കണം.

പെരുന്നാള്‍ തിരക്കുകള്‍ അവസാനിച്ച ശേഷം അറ്റകുറ്റപ്പണികള്‍ തുടങ്ങി വേനലവധിക്ക് മുമ്പ് പൂര്‍ത്തിയാക്കാനാണ് ശ്രമം. താരതമ്യേന ജനത്തിരക്ക് കുറഞ്ഞ സമയമാണ് പ്രവൃത്തികള്‍ക്കായി തെരഞ്ഞെടുത്തിരിക്കുന്നത്. വടക്കുഭാഗത്തെ റണ്‍വേയില്‍ ഇതിന് മുമ്പ് 2014ലാണ് ഇത്രയും ദൈര്‍ഘ്യമേറിയ അറ്റകുറ്റപ്പണികള്‍ നടന്നിട്ടുള്ളത്. തെക്ക് ഭാഗത്തെ റണ്‍വേ 2019ല്‍ സമാനമായ തരത്തില്‍ അടച്ചിട്ട് അറ്റകുറ്റപ്പണി നടത്തിയിരുന്നു.