അരുവി’ എന്ന തമിഴ് ചിത്രം കണ്ടവര്‍ ഒരിക്കലും അതിലെ അരുവിയെ മറക്കില്ല. തിയറ്റര്‍ വിട്ടിറങ്ങിയാലും അരുവി നമ്മുടെ മനസ്സില്‍ ഒരു വേദനയായി നിലനില്‍ക്കും. കാരണം അരുവിയായി അതില്‍ അഭിനയിച്ച അഥിതി അതില്‍ ജീവിക്കുകയായിരുന്നു എന്ന് തന്നെ പറയാം. അതിഥി ബാലന്‍ എന്ന പാതിമലയാളി പെണ്‍കുട്ടിയായിരുന്നു അരുവിയായി ജീവിച്ചത്. ‘അരുവി’ തന്റെ കാഴ്ചപാടുകളില്‍ മാറ്റം വരുത്തിയെന്നാണ് അഥിതി ബാലന്‍ തന്നെ പറയുന്നത്.
അരുവിക്ക് മുന്നേ ഞാൻ എല്ലാവരെയും പോലേ ഒരു സാധാരണ പെൺകുട്ടി മാത്രമായിരുന്നു എന്ന് അഥിതി പറയുന്നു. സ്കൂളിലും കോളേജിലും ഒക്കെ പോയി പഠിച്ച ഒരു ശരാശരിപെൺകുട്ടി. അരുവിക്ക് മുന്നേയും ശേഷവും സിനിമ കാണുന്ന രീതി വരെ മാറി എന്ന് അഥിതി പറയുന്നു.
വളരെ വ്യത്യസ്തമായ ഓഡിഷൻ കോൾ ആയിരുന്നു അരുവിയുടേത്. സ്വതന്ത്രയായി, വിപ്ലവകാരിയായ ഒരു പെൺകുട്ടിയെ ആവശ്യമുണ്ടെന്നു പറഞ്ഞ ഒന്ന്. സ്ക്രിപ്റ്റിനെ പറ്റി ഒന്നും അറിയില്ലായിരുന്നു. ഒരു സിനിമയിൽ അഭിനയിക്കാം എന്ന മോഹം പോലും ഒരു പരിധിക്കപ്പുറം ഉണ്ടായിരുന്നില്ല. ഒരു ഓഡിഷന് പോയി എന്നൊക്കെ പറയാം എന്ന് മാത്രം കരുതി, അവിടെ എന്താ നടക്കുന്നത് എന്നറിയാമെന്നും. ഓഡിഷൻ കഴിഞ്ഞപ്പോഴും എനിക്ക് കിട്ടുമെന്ന് കരുതിയില്ല. കാരണം ഓഡിഷൻ നല്ല ബുദ്ധിമുട്ടുള്ള, പല ഘട്ടങ്ങളിൽ പലതും ചെയ്യിപ്പിച്ച ഒന്നായിരുന്നു. ഞാൻ വളരെ മോശമായാണ് ചെയ്തത് എന്ന് ഞാൻ കരുതി.
പിന്നീടു ടെസ്റ്റ് ഷൂട്ട് എന്ന മറ്റൊരു ഘട്ടം ഉണ്ടായിരുന്നു. അതിനു പോകുമ്പോഴും എനിക്ക് യാതൊരു പ്രതീക്ഷയും ഉണ്ടായിരുന്നില്ല. ഞാനടക്കം ആറു പെൺകുട്ടികളാണ് അവിടെ ഉണ്ടായിരുന്നത്. ഒരു ദിവസം മുഴുവനും വിഡിയോ ഷൂട്ട് നടത്തി. ടീമിൽ നിന്നും ഫീഡ് ബാക്ക് എടുത്തു. പിന്നീട് എന്നെ സെലക്റ്റ് ചെയ്തതായി പറഞ്ഞു. പിന്നീടാണ് സ്ക്രിപ്റ്റ് കാണുന്നതും അരുവി ആകുന്നതും, അഥിതി ഓര്‍ക്കുന്നു.
അരുവിയുടെ ഷൂട്ടിനിടയില്‍ വല്ലാതെ ശാരീരിക, മാനസിക മാറ്റങ്ങള്‍ക്കു വിധേയായയിയെന്ന് അദിതി പറയുന്നു. ക്ലെമാക്‌സിനു മുന്നേ ആണ് ഈ പറഞ്ഞ സംഭവം ഉണ്ടാകുന്നത്. അത് വരെ റിഹേഴ്‌സലിനു ശേഷം ഒരു ടീം ആയി വളരെ രസകരമായി ഷൂട്ടിങ് മുന്നോട്ടുപോയി. ക്ലൈമാക്‌സ് ഷൂട്ട് ചെയ്യുന്നതിന് മുന്നേ 4-5 ദിവസത്തെ ഇടവേള എടുത്തു. എത്ര സമയം വേണമെങ്കിലും എടുത്ത് എന്നോട് പൂര്‍ണമായും റെഡി ആയി വരാന്‍ പറഞ്ഞു സംവിധായകന്‍. ഞാന്‍ മുഴുവനായി റെഡി ആയാല്‍ മാത്രമേ ഷൂട്ടിങ്ങുമായി മുന്നോട്ടു പോകൂ എന്ന് അദ്ദേഹം പറഞ്ഞു. ഞാന്‍ ആദ്യം ആയുര്‍വേദ ഡോക്ടറെ കണ്ടു.
അദ്ദേഹം പറഞ്ഞ ഡയറ്റ് പ്ലാന്‍ പിന്തുടര്‍ന്നു. അവിടെ താമസിച്ചു. ഡയറ്റ് പ്ലാന്‍ എന്നൊന്നും പറയാന്‍ പറ്റില്ല. ദിവസത്തില്‍ ഒരു നേരം കഞ്ഞി കുടിക്കും. അത് മാത്രമായിരുന്നു ഭക്ഷണം. ഞാന്‍ ഒറ്റയ്ക്കായിരുന്നു അവിടെ താമസം. അധികമാരും കാണാന്‍ വന്നിരുന്നില്ല. അരുവിയുടെ അതേ അവസ്ഥയിലൂടെ കടന്നു പോകുന്ന കുറെ പേരുടെ വീഡിയോകള്‍ ദിവസവും കണ്ടു. മാനസികമായി ഞാന്‍ തളര്‍ന്നു പോയ ദിവസങ്ങളായിരുന്നു. ഒറ്റപ്പെട്ട പോലെ തോന്നി. ആ അനുഭവവും എന്നെ ഒരുപാട് മാറ്റി എന്ന് തോന്നുന്നു. പിന്നീട് ക്ലൈമാക്‌സ് ഷൂട്ട് കഴിഞ്ഞ് ആ കഥാപാത്രത്തില്‍ നിന്ന് പുറത്തു വരാനായില്ല. ഷൂട്ട് കഴിഞ്ഞ് വീട്ടില്‍ എത്തിയ ശേഷം എന്റെ അമ്മ എപ്പോഴും പറയും, ‘നീ അതില്‍ നിന്ന് പുറത്തു വന്നേ തീരൂ എന്ന്…’ കുറെ കാലമെടുത്താണ് എനിക്ക് അത് സാധിച്ചതെന്ന് ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ അതിഥി പറയുന്നു.