സോഷ്യല്‍ മീഡിയകളില്‍ മുഴുവന്‍ കഴിഞ്ഞ രണ്ടു ദിവസമായി ഏറ്റവും കൂടുതല്‍പേര്‍ തിരഞ്ഞതും ഷെയര്‍ ചെയ്തതും ഒരു വാര്‍ത്തയായിരുന്നു. രക്താര്‍ബുദവും അപൂര്‍വ്വരോഗവുമായി വേദനകൊണ്ട് കരയുന്ന ഒരു പതിമൂന്നുകാരി മകളെ.
ആര്യ എന്ന ആ കുഞ്ഞിനേയും അവളുടെ നിസ്സഹായരായ അച്ഛനെയും അമ്മയെയും ലോകം അറിഞ്ഞത് മാധ്യമങ്ങള്‍ വഴിയായിരുന്നു. ചികിത്സിക്കാന്‍ പണമില്ലാതെ മകളുടെ വേദനകണ്ടിരിക്കാന്‍ വിധിക്കപെട്ട ആ മാതാപിതാക്കളുടെ നൊമ്പരം സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയായിരുന്നു. ലോകത്തിന്റെ വിവിധകോണുകളില്‍ നിന്നും അനേകായിരം പേരുടെ സഹായമായിരുന്നു ആര്യയ്ക്ക് എത്തിയത്. എന്നാല്‍ ഇതാ മറ്റൊരു നല്ല വാര്‍ത്ത കൂടി.
അപൂര്‍വരോഗത്താല്‍ ദുരിതജീവിതം നയിക്കുന്ന ആര്യയെ സഹായിക്കാനെത്തിയ സുമനസുകള്‍ക്ക് ആശ്വാസമായി ആദ്യ വാർത്തയെത്തി. ആര്യയ്ക്ക് വേദനയില്ലാതെ ഉറങ്ങാൻ പറ്റുന്നു ഇപ്പോള്‍. ആ സന്തോഷം അമ്മ നേരിട്ട് മാധ്യമങ്ങളോട് പറയുകയും ചെയ്തു. കണ്ണൂരില്‍ നിന്നും കൊച്ചിയില്‍ അമൃത ആശുപത്രിയിലെത്തിച്ച ആര്യയ്ക്ക് വേദനയ്ക്കുള്ള മരുന്നുകള്‍ നല്‍കിയതോടെയാണ് കണ്ണീരില്ലാതെ ഉറങ്ങാന്‍ സാധിച്ചത്.
ഇതോടൊപ്പം കുട്ടിയെ ബാധിച്ചിരിക്കുന്ന അപൂര്‍വ്വ രോഗം എന്താണെന്ന് തിരിച്ചറിയാനുള്ള പരിശോധനകളും ആരംഭിച്ചു കഴിഞ്ഞു. അടുത്ത ഒരാഴ്ച്ചയ്ക്കുള്ളില്‍ മുഴുവന്‍ ടെസ്റ്റ് റിപ്പോര്‍ട്ടുകളും കിട്ടുന്നതോടെ ആര്യയുടെ രോഗവും രോഗകാരണങ്ങളും കണ്ടെത്തി ചികിത്സ തുടങ്ങാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ഡോക്ടര്‍മാര്‍. ആര്യ വേദന കൊണ്ടു പുളയുമ്പോള്‍ ഒന്നും ചെയ്യാനാവാതെ അവളെ കെട്ടിപ്പിടിച്ചു കരഞ്ഞ അമ്മയുടെ മുഖത്തിപ്പോള്‍ വലിയ പ്രതീക്ഷയാണുള്ളത്. രോഗം ഭേദമായി ആര്യ നടന്നു സ്കൂളില്‍ പോകുന്നത് കാണാനുള്ള കാത്തിരിപ്പിലാണ് മാതാപിതാക്കള്‍. ഒപ്പം അവളുടെ ചിരിക്കുന്ന മുഖം കാണാന്‍ അവള്‍ക്കറിയാത്ത എങ്കിലും അവളെ സ്നേഹിക്കുന്ന ഒരുപാട് പേരും കാത്തിരിക്കുന്നു.