രാജസ്ഥാനിൽ ബിജെപിയുടെ വൻ വിജയത്തിന് പിന്നാലെ അശോക് ഗെഹ്‌ലോട്ട് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. ഗവർണർ കൽരാജ് മിശ്രയുടെ വസതിയിൽ എത്തിയാണ് മുതിർന്ന കോൺഗ്രസ് നേതാവ് രാജിക്കത്ത് കൈമാറിയത്. തോൽവി ഞെട്ടിക്കുന്നതാണെന്നും തോൽവി സമ്മതിച്ചുവെന്നും ഗെലോട്ട് നേരത്തെ പ്രതികരിച്ചിരുന്നു.
തോൽവിക്ക് പിന്നിലെ കാരണങ്ങൾ കോൺഗ്രസ് പരിശോധിക്കും. പുതുമുഖങ്ങളെ കൊണ്ടുവരണമെന്നും അവസരം നൽകണമെന്നും ചർച്ചകൾ നടന്നിരുന്നു. എന്നാൽ എംപിയിലും ഛത്തീസ്ഗഡിലും ഈ ആവശ്യം ഉണ്ടായിരുന്നില്ല, എന്നിട്ടും കോൺഗ്രസ് പരാജയപ്പെട്ടു. അതുകൊണ്ട് പുതുമുഖങ്ങൾ വന്നിരുന്നെങ്കിൽ വിജയിക്കുമെന്ന് പറയുന്നത് തെറ്റാണ് – അശോക് ഗെഹ്‌ലോട്ട് പ്രതികരിച്ചു.
അഞ്ച് വർഷത്തെ ഭരണകാലയളവിൽ നടപ്പാക്കിയ ക്ഷേമപദ്ധതികൾ മുൻനിർത്തി പ്രചാരണം നയിച്ച അശോക് ഗെഹ്‌ലോട്ടിന് ജനവിധിയിൽ അടിപതറി. ബിജെപി ശക്തമായി തിരിച്ചവരുന്ന കാഴ്ചയ്ക്കാണ് രാജസ്ഥാൻ സാക്ഷ്യം വഹിച്ചത്. മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും സച്ചിൻ പൈലറ്റും തമ്മിലുള്ള തർക്കങ്ങൾ നേരത്തെ തന്നെ കോൺഗ്രസിന് തലവേദനയായിരുന്നു.