ദോഹ: ദോഹയിൽ നടക്കുന്ന ഏഷ്യൻ അത്ലറ്റിക് മീറ്റിൽ മലയാളിതാരം പി.യു. ചിത്രയ്ക്കു സ്വർണം. വനിതകളുടെ 1500 മീറ്റര്‍ ഓട്ടത്തിലാണ് ചിത്രയുടെ സ്വര്‍ണനേട്ടം. 4.14.56 സെക്കന്‍ഡിലായിരുന്നു ഫിനിഷ്.
2017ൽ ഭുവനേശ്വറിൽ നടന്ന ചാംപ്യൻഷിപ്പിലും ചിത്ര ഈയിനത്തിൽ സ്വർണം നേടിയിരുന്നു. ചാംപ്യൻഷിപ്പില്‍ ഇന്ത്യയുടെ മൂന്നാം സ്വർണമാണിത്. ഗോമതി മാരിമുത്തു, തേജീന്ദര്‍പാല്‍ സിങ് എന്നിവരുടെ വകയാണ് മറ്റ് രണ്ട് സ്വര്‍ണം. നേരത്തെ ദ്യുതി ചന്ദ് വനിതകളുടെ 200 മീറ്റര്‍ ഓട്ടത്തില്‍ ഇന്ത്യയ്ക്കുവേണ്ടി വെങ്കലം നേടി.
ഏഷ്യൻ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഇന്നലെ ഹെപ്റ്റാത്ത്ലണിൽ സ്വപ്ന ബർമ്മനും മലയാളികളായ മുഹമ്മദ് അനസ്, വി.കെ വിസ്മയ എന്നിവരടങ്ങിയ മിക്സഡ് റിലേ ടീമുമാണ് വെള്ളിമെഡലുകൾ നേടിയത്. എം.ആർ പൂവമ്മ, ആരോഗ്യരാജീവ് എന്നിവരായിരുന്നു മിക്സഡ് റിലേയിലെ മറ്റംഗങ്ങൾ. ഹെപ്റ്റാത്ത്ലണിൽ സീസൺ ബെസ്റ്റായ 5993 പോയിന്റാണ് സ്വപ്ന നേടിയത്. 2000 മീറ്റർ സ്റ്റീപ്പിൾ ചേസിൽ പരുൾ ചൗധരി അഞ്ചാമതായി.
അവസാന മുന്നൂറ് മീറ്റിലെ കുതിപ്പ് വഴിയാണ് ചിത്ര ബഹ്റൈനിന്റെ ഗാഷോ ടൈഗെസ്റ്റിനെ മറികടന്ന് സ്വര്‍ണം നേടിയത്.