ബംഗ്ലാദേശിൽ നിന്നു കുടിയേറാൻ ശ്രമിക്കുന്നത് ഹിന്ദുക്കളല്ലെന്ന് അസം മുഖ്യമന്ത്രി

0

ഗോഹട്ടി: അടുത്തകാലത്ത് ബംഗ്ലാദേശിൽ നിന്ന് ഇന്ത്യയിലേക്ക് കൂട്ടത്തോടെ കുടിയേറുന്നതു മുസ്‌ലിംകളെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. ബംഗ്ലാദേശിലെ ന്യൂനപക്ഷമായ ഹിന്ദുക്കൾ കടുത്ത ആക്രമണങ്ങൾ നേരിടുകയാണെങ്കിലും ആരും ഇന്ത്യയിലേക്കു കടക്കാൻ ശ്രമിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

സമീപകാലത്ത് ബംഗ്ലാദേശിലുണ്ടായ സംഭവങ്ങളെത്തുടർന്ന് അവിടത്തെ ടെക്സ്റ്റൈൽ മേഖല തകർന്നു. ഇതോടെ, ഈ വ്യവസായരംഗത്ത് പ്രവർത്തിച്ചിരുന്ന മുസ്‌ലിംകളായ തൊഴിലാളികൾ തമിഴ്നാട്ടിലെ ടെക്സ്റ്റൈൽ മേഖല ലക്ഷ്യമിട്ട് നുഴഞ്ഞുകയറുകയാണ്. കുറഞ്ഞകൂലിക്ക് ഇവരെ കിട്ടുമെന്നതിനാൽ ടെക്സ്റ്റൈൽ ഉടമകളും ഇതു സ്വാഗതം ചെയ്യുന്നു. കടുത്ത ദേശസ്നേഹികളായതിനാൽ അതിക്രമങ്ങൾ സഹിച്ചും ഹിന്ദു ന്യൂനപക്ഷം ബംഗ്ലാദേശിൽ തുടരുകയാണ്. അവർ വളരെ പക്വമായാണു പെരുമാറുന്നത്. അഞ്ചു മാസത്തിനിടെ ബംഗ്ലാദേശിൽ നിന്ന് ഹിന്ദു വിഭാഗത്തിൽപ്പെട്ട ഒരാളും അസമിലേക്കു കുടിയേറിയിട്ടില്ലെന്നും ശർമ. ഗോഹട്ടിയിൽ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബംഗ്ലാദേശിൽ ആക്രമണം നേരിടുന്ന ഹിന്ദുക്കളുടെ സുരക്ഷയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാ ശ്രമവും നടത്തുന്നുണ്ട്. അഞ്ചു മാസത്തിനിടെ ദിവസം 20-30 പേരെങ്കിലും ബംഗ്ലാദേശിൽ നിന്ന് അസമിലേക്കും ത്രിപുരയിലേക്കും കടക്കാൻ ശ്രമിക്കുന്നു. അസം സർക്കാർ നുഴഞ്ഞുകയറ്റക്കാരെ അറസ്റ്റ് ചെയ്യുകയല്ല, തിരിച്ചയയ്ക്കുകയാണു ചെയ്യുന്നതെന്നും ശർമ പറഞ്ഞു.