കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സി.പി.എം. സ്ഥാനാർഥി പട്ടിക തിങ്കളാഴ്ച തയ്യാറാകും. ജില്ലകളില്‍ നിന്നുള്ള നിര്‍ദേശങ്ങളും മാറ്റങ്ങളും ചര്‍ച്ച ചെയ്തായിരിക്കും പട്ടികയ്ക്ക് അന്തിമ രൂപം നല്‍കുക. തരൂരില്‍ എ കെ ബാലന്റെ ഭാര്യ ഡോ. പി കെ ജമീലയെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്ന് ഒഴിവാക്കിയ പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് നിലപാടിലെ തീരുമാനമാകും നിര്‍ണായകം.
ചെങ്ങനാശ്ശേരി സീറ്റിനെ ചൊല്ലിയുള്ള സിപിഐ- കേരളാ കോണ്‍ഗ്രസ് എം ഭിന്നതയ്ക്കും ഇന്ന് പരിഹാരമുണ്ടായേക്കും. ശനി, ഞായർ ദിവസങ്ങളിലായി വിവിധ ജില്ലാ കമ്മിറ്റികളുടെ യോഗത്തിനുശേഷം ഉയർന്ന അഭിപ്രായപ്രകടനങ്ങൾകൂടി കണക്കിലെടുത്തായിരിക്കും തീരുമാനം.
സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന്റെ തീരുമാനം പൊളിറ്റ് ബ്യൂറോയുടെ അനുമതിയോടെ അതത് മണ്ഡലം കമ്മിറ്റികളിൽ റിപ്പോർട്ട് ചെയ്യുന്നതോടെ സി.പി.എമ്മിന്റെ സ്ഥാനാർഥിനിർണയ പ്രക്രിയ പൂർത്തിയാവും. മുഖ്യമന്ത്രി പിണറായി വിജയൻ സെക്രട്ടേറിയറ്റ് യോഗത്തിനുശേഷം ഉച്ചയ്ക്കുതന്നെ വിമാനമാർഗം കണ്ണൂരിലേക്ക് തിരിക്കും.
രണ്ടുടേം വ്യവസ്ഥയില്‍ ആര്‍ക്കും ഇളവില്ലെന്നാണ് സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗങ്ങളില്‍ വ്യക്തമാക്കപ്പെട്ടത്. തോമസ് ഐസക്, ജി സുധാകരന്‍, പി ശ്രീരാമകൃഷ്ണന്‍ തുടങ്ങിയവര്‍ക്കായി ജില്ലകളില്‍ നിന്നുയര്‍ന്ന സമ്മര്‍ദം വിലപ്പോയില്ല. പി ജയരാജനായി ഉയര്‍ന്ന മുറവിളികള്‍ അച്ചടക്ക നടപടിയിലേക്ക് കടക്കുകയും ചെയ്തു.
തരൂരില്‍ ഡോ. പി കെ ജമീലയുടെ കാര്യത്തിലാണ് പ്രതിഷേധം ഫലം കണ്ടത്. പകരം ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് പി പി സുമോദിനെ നിയോഗിക്കണമെന്ന സിപിഐഎം ജില്ലാ കമ്മിറ്റിയുടെ നിര്‍ദേശം അംഗീകരിക്കപ്പെട്ടേക്കും.