തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് മികച്ച പോളിങ്. ഉച്ചയ്ക്ക് ഒരു മണിയോടെ പോളിങ് 50 ശതമാനം കടന്നു. കണ്ണൂര്‍, കോഴിക്കോട്, പാലക്കാട്, തൃശ്ശൂര്‍ ജില്ലകളില്‍ കനത്ത പോളിങ് ആണ് രേഖപ്പെടുത്തിയത്. കനത്ത ത്രികോണ മത്സരം നടക്കുന്ന നേമം, കഴക്കൂട്ടം, മഞ്ചേശ്വരം മണ്ഡലങ്ങളിലടക്കം മികച്ച പോളിങ് ഉണ്ടായത് മുന്നണികളില്‍ പ്രതീക്ഷയുയര്‍ത്തിയിട്ടുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവരടക്കമുള്ള നേതാക്കള്‍ രാവിലെ തന്നെ കുടുംബത്തോടൊപ്പമെത്തി വോട്ട് രേഖപ്പെടുത്തി. സംസ്ഥാനത്ത് അൻപതോളം ബൂത്തുകളിൽ വോട്ടിങ് യന്ത്രം തകരാറായെങ്കിലും എല്ലായിടത്തും പ്രശ്നം പരിഹരിച്ച് പോളിംഗ് ഒരു മണിക്കൂറിലേറെ വൈകി.
പൂഞ്ഞാർ, എരുമേലി കൊരട്ടി സെന്‍റ് മേരീസ് സ്‌കൂൾ ബൂത്ത്, വയനാട് കമ്പളക്കാട് സ്‌കൂൾ ബൂത്ത്, കാഞ്ഞിരപ്പള്ളി പൊൻകുന്നം അട്ടിക്കൽ ബൂത്ത് എന്നിവിടങ്ങളിൽ യന്ത്രം പണി മുടക്കിസാങ്കേതിക വിദഗ്ധർ എത്തി പ്രശ്നം പരിഹരിച്ചു. കുന്നത്തുനാട്, മുണ്ടക്കയം , പൊൻകുന്നം അട്ടിക്കൽ, കോഴിക്കോട് കൊടിയത്തൂർ എന്നിവിടങ്ങളിലും യന്ത്ര തകരാർ വില്ലനായി. പാണക്കാട് സ്‌കൂൾ ബൂത്തിലും തവനൂരിലെ ഒരു ബൂത്തിലും പോളിംഗ് ഒരു മണിക്കൂറിലേറെ വൈകി.
വോട്ടെടുപ്പിനിടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചെറിയ തോതില്‍ സംഘര്‍ഷങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആന്തൂരില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥി വി.പി. അബ്ദുള്‍ റഷീദിനു നേരെ കൈയേറ്റമുണ്ടായെന്ന് പരാതി ഉയര്‍ന്നു. തിരുവനന്തപുരം കഴക്കൂട്ടം കാട്ടായിക്കോണത്ത് സി.പി.എം.-ബി.ജെ.പി. സംഘര്‍ഷമുണ്ടായി. നാല് ബി.ജെ.പി. പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ബൂത്ത് ഓഫീസുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. എന്‍.ഡി.എ. സ്ഥാനാര്‍ഥി ശോഭ സുരേന്ദ്രന്‍ ബൂത്തില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
ഇടുക്കി നെടുങ്കണ്ടത്ത് ഇരട്ട വോട്ട് ചെയ്യാനെത്തിയെന്ന് ആരോപിച്ച് ഒരു സംഘം ആളുകളെ ബി.ജെ.പി. പ്രവര്‍ത്തകര്‍ തടഞ്ഞുവെച്ചു. തമിഴ്നാട്ടില്‍ വോട്ട് രേഖപ്പെപ്പെടുത്തിയ ശേഷം മഷി മായ്ക്കുന്നതിനിടെയാണ് ഇവരെ പിടികൂടിയതെന്ന് ബി.ജെ.പി.-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിച്ചു. കമ്പംമേട്ടിലെത്തിയ വാഹനത്തിന് നേരെ കല്ലേറുണ്ടായി.
വോട്ടെടുപ്പ് പൊതുവേ സമാധാനപരമായിരുന്നെങ്കിലും ചിലയിടങ്ങളില്‍ സംഘര്‍ഷവും കള്ളവോട്ടിന് പരാതിയുമെന്ന ആരോപണം ഉയര്‍ന്നു. കളമശ്ശേരി മണ്ഡലത്തിൽ കള്ളവോട്ടിന് ശ്രമമെന്ന് പരാതിയുയര്‍ന്നു. കടങ്ങലൂർ എൽ.പി സ്കൂളിലെ എഴുപത്തേഴാം നന്പർ ബൂത്തിലെ വോട്ടർ അജയ്കൃഷ്ണൻ വോട്ട് ചെയ്യാനെത്തിയപ്പോൾ മറ്റൊരാൾ വോട്ട് ചെയ്തതായി കണ്ടെത്തി. അമ്പലപ്പുഴ മണ്ഡലത്തില്‍ ഇരട്ടവോട്ടുള്ളയാളുടെ വോട്ട് ചെയ്യാൻ എത്തിയ ഹെൽമെറ്റ്‌ധാരിയെ ഉദ്യോഗസ്ഥർ കയ്യോടെ പിടികൂടി തിരിച്ചയച്ചു.