ഇതെന്തൊരു ഭാ​ഗ്യം! ഒന്നും രണ്ടുമല്ല 16 തവണ 2024നെ വരവേൽക്കും ഇവർ

0

പുതുവർഷത്തെ വരവേറ്റ് ലോകത്ത് ആഘോഷങ്ങൾ ആരംഭിച്ചിരിക്കുകയാണ്. മധ്യ പസഫിക് ദ്വീപ് രാഷ്ട്രമായ കിരിബാസിലാണ് പുതുവർഷം ആദ്യം എത്തിയത്. ഇന്ത്യൻ സമയം വൈകിട്ട് മൂന്നരയ്ക്കായിരുന്നു അത്. എന്നാൽ ലോകത്ത് 2024-നെ 16 തവണ വരവേൽക്കാൻ ഭാഗ്യം ലഭിക്കുന്ന ചിലരുണ്ട്. ഇങ്ങ് ഭൂമിയിൽ അല്ല. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ (ISS) ബഹിരാകാശയാത്രികർക്കാണ് ഇത്തരത്തിലൊരു ഭാഗ്യം ലഭിക്കുന്നത്.

മണിക്കൂറിൽ ഏകദേശം 28,000 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന ബഹിരാകാശ നിലയം ഓരോ 90 മിനിറ്റിലും ഒരിക്കൽ ഭൂമിയെ വലംവയ്ക്കുന്നുണ്ട്. വിവിധ ടൈംസോണുകളിൽ ഇങ്ങനെ നിലയം സഞ്ചരിക്കുന്നതിനാൽ ഒന്നിലധികം തവണ പുതുവർഷത്തെ സ്വാഗതം ചെയ്യാനുള്ള അവസരം കൂടി ബഹിരാകാശയാത്രികർക്ക് ലഭിക്കുന്നു.

സെക്കൻഡിൽ ഏകദേശം എട്ട് കിലോമീറ്റർ സഞ്ചരിക്കുന്ന ഐഎസ്എസ് ശരാശരി 400 കിലോമീറ്റർ മുകളിൽ നിന്നാണ് ഭൂമിയെ പരിക്രമണം ചെയ്യുന്നത്. അതിനാൽ ഓരോ 24 മണിക്കൂറിലും 16 സൂര്യോദയങ്ങൾക്കും 16 സൂര്യാസ്തമയങ്ങൾക്കും ബഹിരാകാശയാത്രികർ സാക്ഷിയാകുന്നു. ഭൂമിയിലെ 12 മണിക്കൂർ‌ പകലും 12 മണിക്കൂർ രാത്രിയും എന്നത് നിലയത്തിലെ ബഹിരാകാശയാത്രികർക്ക് 45 മിനിറ്റ് പകലും 45 മിനിറ്റ് രാത്രിയും ആവർത്തിക്കുന്ന പറ്റേണിലാണ് അനുഭവപ്പെടുന്നത്. ഇങ്ങനെ ഭൂമിയിലെ ഒരു ദിവസത്തിൽ 16 തവണ സംഭവിക്കുന്നു.