കോഴിക്കോട്: ജനകോടികളുടെ വിശ്വസ്ത സ്ഥാപനം എന്ന പരസ്യവാചകത്തിലൂടെ മലയാളി മനസ്സുകളില്‍ സ്ഥിരപ്രതിഷ്ഠ നേടിയ അറ്റ്ലസ് രാമചന്ദ്രന്‍ (80) ഓര്‍മ്മയായി. അതിര്‍ത്തികള്‍ കടന്ന് അറ്റ്‌ലസ് എന്ന ബിസിനസ് സംരംഭം വളര്‍ന്നപ്പോഴും തളര്‍ന്നപ്പോഴും തളരാതെ ഒരു ചെറുപുഞ്ചിരിയോടെ അവയെല്ലാം നേരിട്ട വ്യക്തിയായിരുന്നു അറ്റ്ലസ് രാമചന്ദ്രൻ എന്ന എം എം രാമചന്ദ്രൻ.
വര്‍ഷങ്ങളുടെ അധ്വാനത്തിലൂടെ നേടിയതെല്ലാം നഷ്ടപ്പെട്ടെങ്കിലും ജീവിതത്തിലേക്ക് തിരിച്ചെത്താമെന്ന കണക്കുകൂട്ടലുകളുമായി ജീവിച്ചുപോന്ന ആ പ്രവാസി വ്യവസായി ഞായറാഴ്ച അര്‍ദ്ധരാത്രിയോടെയാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് ദുബായ് മങ്കൂളിലെ സ്വകാര്യ ആസ്പത്രിയില്‍ മരിച്ചത്. വൈശാലി ഉള്‍പ്പെടെ ഒട്ടേറെ മികച്ച സിനിമകളുടെ നിര്‍മ്മാതാവായിരുന്നു അറ്റ്ലസ് രാമചന്ദ്രന്‍.
ഗള്‍ഫ് നാടുകളിലെ പ്രശസ്തമായ അറ്റ്ലസ് ജ്യുവലറിയുടെ മാനേജിങ് ഡയറക്ടറായിരുന്ന രാമചന്ദ്രന്‍ പിന്നീട് അറ്റ്ലസ് രാമചന്ദ്രനായി മാറിയത് അദ്ദേഹത്തിന്റെ വ്യാപാര വിജയത്തെ തുടര്‍ന്നായിരുന്നു. സിനിമാ നിര്‍മ്മാതാവ്, നടന്‍, സാംസ്‌കാരിക പ്രവര്‍ത്തകന്‍ എന്നീ നിലകളിലെല്ലാം ശോഭിച്ച അദ്ദേഹത്തിന് ബിസിനസ്സില്‍ വന്ന പിഴവുകളെ തുടര്‍ന്ന് 2015 ഓഗസ്റ്റിലാണ് ജയിലിലാവുന്നത്. രണ്ടേമുക്കാല്‍ വര്‍ഷത്തെ ജയില്‍ വാസത്തിന് ശേഷം മോചിതനായെങ്കിലും കോടികളുടെ കടബാധ്യതകള്‍ നിലനില്‍ക്കുന്ന തിനാല്‍ ഇന്ത്യയിലേക്ക് വരാനായില്ല. തന്റെ അററ്ലസ് വീണ്ടും പ്രവര്‍ത്തനക്ഷമമാക്കാനുള്ള ശ്രമത്തിലായിരുന്നു പിന്നീടുള്ള കാലമത്രയും അദ്ദേഹം. പക്ഷെ നല്ല പങ്കാളികളെ കിട്ടാത്തതിനാല്‍ ആ ശ്രമം വിജയം കണ്ടില്ല.
2015 മുതൽ അറ്റ്ലസ് രാമചന്ദ്രന്റെ ജീവിതത്തിൽ പ്രതിസന്ധികളുടെ കാലഘട്ടം ആയിരുന്നു. ബിസിനസ്സിൽ തിരിച്ചടികൾ നേരിട്ടു. വിവിധ ബാങ്കുകളില്‍ നിന്നായി എടുത്ത 55 കോടിയിലേറെ ദിര്‍ഹത്തിന്‍റെ വായ്പ തിരിച്ചടയ്ക്കുന്നതില്‍ വീഴ്ച വന്നതിനേത്തുടര്‍ന്ന് 2015 ഓഗസ്റ്റില്‍ അറസ്റ്റിലായിരുന്നു. ദുബായ് കോടതി അറ്റ്ലസ് രാമചന്ദ്രന് മൂന്ന് വര്‍ഷത്തെ തടവ് ശിക്ഷയും അനഭവിക്കേണ്ടി വന്നു. പക്ഷേ എല്ലാത്തിനെയും പുതിയ അനുഭവ പാഠങ്ങളായി കണ്ട് വീണ്ടുമൊരു തിരിച്ചുവരവിനായി തയ്യാറെടുക്കുമ്പോഴാണ് അറ്റ്ലസ് രാമചന്ദ്രൻ വിട പറയുന്നത്.