വൃതശുദ്ധിയുടെ നിറവില്‍ അനന്തപുരി: നാളെ ആറ്റുകാൽ പൊങ്കാല

0

ചരിത്ര പ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാല നാളെ. ആറ്റുകാല്‍ പൊങ്കാലയ്‌ക്കൊരുങ്ങി അനന്തപുരി.ഒരു ദിവസം കൂടി ബാക്കി നിൽക്കെ പൊങ്കാലയെക്കായി വ്രതശുദ്ധിയോടെ ഭക്തർ കാത്തിരിപ്പിലാണ്. പൊങ്കാലയുടെ തലേദിവസമായ ഇന്ന് വലിയ തിരക്കാണ് ആറ്റുകാലില്‍ അനുഭവപ്പെടുന്നത്. പൊങ്കാലയോടനുബന്ധിച്ച് നഗരത്തില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കുംഭമാസത്തിലെ പൂരം നാളും പൗര്‍ണമിയും ഒന്നിച്ചു വരുന്ന നാളെയാണ് ആറ്റുകാല്‍ പൊങ്കാല. മധുരാ നഗരത്തെ ചുട്ടെരിച്ച് മടങ്ങിയ കണ്ണകിയെ സ്ത്രീകള്‍ പൊങ്കാലയര്‍പ്പിച്ച് സ്വീകരിച്ചുവെന്നാണ് പൊങ്കാലയുടെ ഒരു ഐതിഹ്യം. തോറ്റംപാട്ടിന്റെ ശീലുകളില്‍ പാണ്ഡ്യരാജ്യ നിഗ്രഹത്തോടെ കണ്ണകീ ചരിത്രം പൂര്‍ണമാകുമ്പോള്‍ പൊങ്കാല ചടങ്ങുകള്‍ക്ക് തുടക്കമാകും. ഉത്സവത്തിന്റെ ഒമ്പതാം ദിനമായ ബുധനാഴ്ചയാണ് പൊങ്കാല.

നാളെ രാവിലെ 10.15 നാണ് പൊങ്കാല. നാളെ ഉച്ചയ്ക്ക് 2.15 നാണ് പൊങ്കാല നിവേദ്യം. തന്ത്രി തെക്കേടത്ത് കുഴിക്കാട്ട് പരമേശ്വരന്‍ വാസുദേവന്‍ ഭട്ടതിരിപ്പാട് ശ്രീകോവിലില്‍ നിന്ന് കൈമാറുന്ന ദീപം വലിയ തിടപ്പള്ളിയിലും ചെറിയ തിടപ്പള്ളിയിലും പണ്ടാരയടുപ്പിലേക്കും പകരും. ഒപ്പം നഗരത്തിന്റെ പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ ഭക്തര്‍ ഒരുക്കിയ അടുപ്പുകളിലും ദീപം തെളിക്കും. സംസ്ഥാനത്തിന്റെ പലഭാഗങ്ങളില്‍ നിന്നായി നേരത്തെ എത്തി അടുപ്പ് കൂടി കാത്തിരിക്കുന്ന ഭക്തരുണ്ട്.