
തിരുവനന്തപുരം: പുതിയ ചികിത്സാ കേന്ദ്രം ആരംഭിക്കുന്നതിന്‍റെ ഭാഗമായി സന്ദീപാനന്ദഗിരിയുടെ ആശ്രമം ഏറ്റെടുക്കാൻ ശുപാര്‍ശ സമര്‍പ്പിച്ച് ഔഷധി . ആശ്രമം അടക്കം തിരുവനന്തപുരത്ത് നാല് സ്ഥലങ്ങളാണ് ചികിത്സാ കേന്ദ്രം നിര്‍മ്മിക്കാൻ കണ്ടെത്തിയിട്ടുള്ളതെന്നാണ് ഔഷധി വിശദീകരിക്കുന്നത്. എന്നാൽ സ്ഥലം ഏറ്റെടുക്കുന്നതിന് തീരുമാനം ഒന്നും ആയില്ലെന്നാണ് സന്ദീപാനന്ദഗിരി പറയുന്നത്
കേന്ദ്ര സര്‍ക്കാരിന്റെ ആയുഷ് വകുപ്പിന്‍റെ ഫണ്ട് ഉപയോഗിച്ചാണ് ഔഷധിക്ക് ചികിത്സാ കേന്ദ്രങ്ങൾ വരുന്നത്. തിരുവനന്തപുരത്തെ ആശ്രമം അടക്കം നാല് സ്ഥലങ്ങൾ ഇതിനായി കണ്ടെത്തിയിട്ടുണ്ട്. തിരുവനന്തപുരത്തിന് പുറമെ പത്തനംതിട്ട കോട്ടയം വയനാട് കോഴിക്കോട് ജില്ലകളാണ് പരിഗണനയിൽ. അടിസ്ഥാന സൗകര്യങ്ങൾ ഉള്ള കെട്ടിടങ്ങൾക്കാണ് ആദ്യ പരിഗണന. സന്ദീപാനന്ദഗിരിയുടെ ആശ്രമം ഔഷധി അധികൃതര്‍ സന്ദര്‍ശിച്ചെന്ന് ചെയര്‍പേഴ്സൺ ശോഭന ജോര്‍ജ്ജ് പറഞ്ഞു.
എന്നാൽ വില അടക്കം മറ്റ് കാര്യങ്ങളിലൊന്നും ചര്‍ച്ചയോ തീരുമാനമോ ആയിട്ടില്ലെന്നാണ് വിശദീകരണം. സ്ഥലം ഏറ്റെടുക്കുന്ന കാര്യത്തിൽ സര്‍ക്കാര്‍ അനുമതി കിട്ടിയാൽ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കും വിധം ചികിത്സ കേന്ദ്രം ഒരുക്കാനാണ് ആലോചന. 1941 ൽ തൃശൂരിൽ ആരംഭിച്ച സ്ഥാപനം മറ്റ് ജില്ലകളിലേക്കൊന്നും പ്രവര്‍ത്തനം വ്യാപിപ്പിച്ചിരുന്നില്ല. 2018 ഒക്ടോബറിൽ സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയിരുന്നു.