സനൽ കുമാർ ശശിധരന്‍ ഭീകരനോ ? : മഞ്ജു വാര്യരുടെ പരാതിയിൽ അറസ്റ്റിലായ സംവിധായകന് ജാമ്യം

0

കൊച്ചി: മഞ്ജു വാര്യരുടെ പരാതിയിൽ അറസ്റ്റിലായ സംവിധായകൻ സനൽ കുമാർ ശശിധരന് ജാമ്യം. ആലുവ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. സ്റ്റേഷൻ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് സനലിനെതിരെ ചുമത്തിയിരുന്നത്. എന്നാൽ സ്‌റ്റേഷൻ ജാമ്യം സ്വീകരിക്കാതെ കോടതിയിൽ ഹാജരാക്കണമെന്നായിരുന്നു സനൽകുമാറിന്‍റെ ആവശ്യം. പരാതി ബോധിപ്പിക്കാൻ ഉണ്ടെന്നും എന്നാൽ പൊലീസിനെതിരെ പരാതി ഇല്ലെന്നും സനൽ കുമാർ കോടതിയെ അറിയിച്ചു. അറസ്റ്റിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് കോടതിയിലെത്തിക്കും മുൻപ് സനൽകുമാർ മാധ്യമങ്ങളോട് പറഞ്ഞു.

ഭീഷണിപ്പെടുത്തൽ, സോഷ്യൽ മീഡിയ വഴി അപമാനിക്കൽ തുടങ്ങിയ പരാതികളും, പിന്തുടര്‍ന്ന് ശല്യപ്പെടുത്തുക നിരീക്ഷിക്കുക (Stalking) എന്നിവയാണ് സനല്‍കുമാര്‍ ശശിധരന് മേല്‍ ചുമത്തപ്പെട്ടിരിക്കുന്ന കുറ്റങ്ങൾ. ലേഡി സൂപ്പർസ്റ്റാർ പൊലീസിൽ പരാതി നല്‍കിയതോടെ, സംവിധായകന്‍റെ മൊബൈൽ ടവർ ലൊക്കേഷൻ പരിശോധിച്ചു, പാറശാലയിൽ ഉണ്ടെന്നു മനസിലാക്കിയ പൊലീസ് മഹാദേവർ ക്ഷേത്രത്തിനു സമീപമുള്ള കുടുംബ ക്ഷേത്രത്തിൽ പൂജ നടത്തി മടങ്ങവേ പാറശാല പൊലീസിന്‍റെ സഹായത്തോടെ പിടികൂടുകയായിരുന്നു. ഈ ക്ഷേത്രത്തിലും മഞ്ജു വാര്യർക്ക് വേണ്ടിയായിരുന്നു പൂജയെന്നാണ് സൂചന.

മഞ്ജു വാര്യരുടെ ജീവന് ഭീഷണിയുണ്ടെന്ന് ഇപ്പോഴും വിശ്വസിക്കുന്നെന്ന് സംവിധായകൻ സനൽകുമാർ ശശിധരൻ. മഞ്ജു ആരുടെയൊക്കെയോ നിയന്ത്രണത്തിലാണെന്ന സംശയമാണ് താനുന്നയിച്ചത്. മഞ്ജുവിനോട് പ്രണയാഭ്യർത്ഥന നടത്തിയിട്ടുണ്ട് പക്ഷെ ശല്യപ്പെടുത്തിയിട്ടില്ലെന്നും സനൽ കുമാർ പറഞ്ഞു. മഞ്ജു നൽകിയ പരാതിൽ അറസ്റ്റിലായി ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് സംവിധായകന്‍റെ പ്രതികരണം. മഞ്ജു വാര്യരുടെ ജീവന് ഭീഷണിയാണെന്ന് കാട്ടി പോസ്റ്റ് ഇടുന്നതിന് മുമ്പ് അവർക്ക് പോസ്റ്റിടുന്ന കാര്യം ചൂണ്ടിക്കാട്ടി മെസേജ് അയച്ചിരുന്നു. എന്നാൽ മറുപടി വന്നില്ല. ഇതോടെയാണ് പോസ്റ്റിട്ടതെന്നും സനൽ കുമാർ പറഞ്ഞു.

അന്താരാഷ്ട്രതലത്തിലും ദേശീയ തലത്തിലും പുരസ്കാരങ്ങൾ നേടി മലയാളിക്ക് അഭിമാനിക്കാൻ ഉതകുന്ന വിധം സംഭാവനകൾ കലാരംഗത്ത് നല്കിയ സംവിധായകനെ കേരളാ പോലീസ് മഫ്തി വേഷത്തിൽ വന്ന് ചേസ് ചെയ്തു കൊടും ക്രിമിനലനിപ്പോലെ ബലമായി പിടിച്ചു കൊണ്ടു പോയതിനെ നിരവധി ആളുകളാണ് സാമൂഹ്യ മാധ്യമങ്ങളില്‍ വിമര്‍ശിക്കുന്നത്,

വിളിച്ചാല്‍ സ്റ്റേഷൻ എത്തുമായിരുന്ന, ജാമ്യം ലഭിക്കാവുന്ന ഒരു കുറ്റത്തിന് എന്നെ വിളിപ്പിച്ചിരുന്നെങ്കിൽ ഞാൻ പോവുമായിരുന്നു. പക്ഷെ എന്നെ ഫോണിൽ വിളിച്ചില്ല. പകരം തീവ്രവാദിയെ പോലെ എന്‍റെ ലൊക്കേഷൻ ട്രേസ് ചെയ്ത് ബലമായി പിടിച്ചു കൊണ്ടു പോവുകയായിരുന്നു. ഫേസ്ബുക്കിൽ ലൈവ് പോവാൻ ശ്രമിച്ചപ്പോൾ ഫോൺ പിടിച്ചു വാങ്ങി. അപ്പോഴാണ് ഞാൻ‌ നിലവിളിച്ചത്. നിരായുധരായ ആളുടെ ഏറ്റവും വലിയ ആയുധമാണ് നിലവിളി. അത് നമ്മുടെ സമൂഹത്തിന്‍റെ ആയുധമാണ്. നിലവിളിക്കുന്നവരെ നോക്കി ചിരിക്കുന്നവരോട് ഒന്നും പറയാനില്ല.സനൽ കുമാർ പറഞ്ഞു

മഞ്ജു വാര്യരോടു പ്രണയാഭ്യർഥന നടത്തിയിരുന്നുവെന്നും അതു നിരസിച്ചപ്പോഴാണ് ശല്യം ചെയ്യൽ ആരംഭിച്ചതെന്നും പൊലീസ് പറയുന്നു. ഇതു വ്യക്തമാക്കുന്ന മൊബൈൽ സന്ദേശങ്ങൾ അന്വേഷണ സംഘത്തിനു ലഭിച്ചതായി ഡിസിപി വി.യു. കുര്യാക്കോസ് പറഞ്ഞു. എന്നാൽ ഗുരുതര കുറ്റങ്ങൾ ചുമത്തേണ്ട തെളിവുകുളൊന്നും കിട്ടിയിട്ടില്ലെന്നതാണ് വസ്തുത. പ്രണയാഭ്യർത്ഥനയിൽ ജാമ്യമില്ലാ കേസെടുക്കാനും കഴിയില്ല. ഈ സാഹചര്യത്തിലാണ് ചെറിയ കുറ്റങ്ങൾ ചുമത്തിയത്. അതിനിടെ താൻ മാത്രമേ മഞ്ജുവിനെ രക്ഷിക്കാനുള്ളൂവെന്ന തോന്നലാണ് സനൽകുമാർ ശശിധരനെ കൊണ്ട് ഇതെല്ലാം ചെയ്യിക്കുന്നതെന്ന വിലയിരുത്തലും ഉണ്ട്.

‘തനിക്കെന്തോ അപകടം വരുന്നുവെന്ന് അദ്ദേഹം ഭയപ്പെട്ടിരുന്നു. എന്തൊക്കെയോ സത്യങ്ങൾ അദ്ദേഹത്തിന് അറിയാമായിരുന്നു. ആ സത്യങ്ങൾ അറിയുന്നതിന്‍റെ പേരിൽ താൻ വേട്ടയാടപ്പെടുമോ എന്നും അദ്ദേഹം ഭയന്നിരുന്നു. ഒരു പക്ഷേ അദ്ദേഹത്തിന്‍റെ മാനസികാവസ്ഥ അങ്ങനെയായിരുന്നിരിക്കാം. മഞ്ജു വാര്യര്‍ നായികയായി സനല്‍ കുമാര്‍ സംവിധാനം ചെയ്ത കയറ്റം എന്ന സിനിമയ്ക്ക് ശേഷമാണ് അദ്ദേഹത്തിന് ഈ ഭാവമാറ്റം എന്ന് സുഹൃത്തുക്കള്‍ പറയുന്നു. കഴിഞ്ഞ രണ്ടു വര്‍ഷക്കാലം ജീവനെ ഭയന്ന് സനല്‍കുമാര്‍ മറ്റു സംസ്ഥാനങ്ങളില്‍ ഒളിവിലായിരുന്നെന്നും പറയപ്പെടുന്നു.