സച്ചിയുടെ തന്നെ തിരക്കഥയിൽ ഈ അടുത്ത് റിലീസായ ‘ഡ്രൈവിങ് ലൈസൻസിൽ പറഞ്ഞു വയ്ക്കുന്ന ഒരു കാര്യമുണ്ട് – നെഞ്ചിൽ കൊണ്ട് നടക്കേണ്ട ആത്മാഭിമാനം തലയിലേക്ക് കേറിയാൽ അത് അഹങ്കാരവും ദുരഭിമാനവുമായി മാറുകയും ഒരു പക്ഷെ അത് തലക്ക് പിടിക്കുമ്പോൾ വ്യക്തിയുടെ മനോ നില പോലും താറുമാറാകാം എന്ന്. ഇതേ പ്രമേയം തന്നെയാണ് സച്ചിയുടെ ‘അയ്യപ്പനും കോശി’യുടെയും ആധാരം.
ഡ്രൈവിംഗ് ലൈസൻസിൽ ഒരു സൂപ്പർ താരത്തിന്റെയും അയാളുടെ ആരാധകന്റെയും ഇടക്ക് സംഭവിക്കുന്ന പ്രശ്നങ്ങളെ ഈഗോ പോർട്ടങ്ങളായി അവതരിപ്പിക്കുമ്പോൾ ഇവിടെ തീർത്തും വ്യത്യസ്തരായ രണ്ടു മനുഷ്യർ തമ്മിൽ അവിചാരിതമായി ഉടലെടുക്കുന്ന ചില പ്രശ്നങ്ങളെ ന്യായത്തിന്റെയും അധികാര ഹുങ്കിന്റെയുമൊക്കെ പോരാട്ടങ്ങളായി അവതരിപ്പിക്കുന്നു എന്ന് മാത്രം.
പ്രമേയപരമായ സാമ്യത നിലനിൽക്കുമ്പോഴും രണ്ടു സിനിമയിലെ കഥാപാത്രങ്ങൾക്കും വെവ്വേറെ മാനസിക തലങ്ങളും നിലപാടുകളും പതിച്ചു കൊടുക്കാൻ സച്ചിക്ക് സാധിച്ചിട്ടുണ്ട് എന്നത് എടുത്തു പറയേണ്ട കാര്യമാണ്. അത് കൊണ്ട് തന്നെയാണ് രണ്ടു തിരക്കഥകളും രണ്ടു സിനിമയായി തന്നെ മാറി നിക്കുന്നത്.
അയ്യപ്പൻ നായരുടെ പേരിനു പിന്നിലെ കഥയും മുണ്ടൂർ മാടനായിട്ടുള്ള അയാളുടെ ഭൂതകാലവുമൊക്കെ മനസ്സിന്റെ സ്ക്രീനിൽ സിനിമയോളം തന്നെ പോന്ന മറ്റൊരു ദൃശ്യാവിഷ്ക്കരമായി നിറഞ്ഞു നിക്കുന്നുണ്ട്. ഒരു ഘട്ടത്തിൽ രണ്ടു വ്യക്തികൾ തമ്മിലുള്ള പ്രശ്നം എന്ന് തോന്നിപ്പിക്കുന്ന അതേ കാര്യങ്ങൾ രണ്ടു വ്യക്തികളുടെ മാത്രമല്ല ഒരു നാടിനെയും നാട്ടാരെയും അവിടത്തെ സിസ്റ്റത്തെയുമൊക്കെ ബാധിക്കുന്ന വലിയ പ്രശ്നമായി മാറുന്നു.
ഡ്രൈവിംഗ് ലൈസൻസിൽ ഹരീന്ദ്രനും കുരുവിളക്കും ഒരു പോലെ സ്പേസ് കൊടുക്കാൻ വേണ്ടി മാത്രം സച്ചി നടത്തിയ ചില വിട്ടു വീഴ്ചകൾ അയ്യപ്പന്റേയും കോശിയുടെയും കാര്യത്തിൽ കാണിച്ചില്ല എന്നത് ശ്രദ്ധേയമാണ്. അയ്യപ്പനെ ന്യായത്തിന്റെയും കോശിയെ അഹങ്കാരത്തിന്റെയും ദുരഭിമാനത്തിന്റെയും പക്ഷത്തു നിർത്തി കൊണ്ട് തന്നെയാണ് തുടക്കം മുതൽ ഒടുക്കം വരെ സിനിമ പോകുന്നത്.
അധികാര ഹുങ്കും സ്വാധീനവും കൊണ്ട് എന്തുമാകാം എന്ന കോശിയുടെ ധാർഷ്ട്യത്തെ അയ്യപ്പൻ നായർ ന്യായത്തിന്റെ ഭാഗം നിന്ന് തന്നെയാണ് പ്രതിരോധിക്കുന്നതും പ്രതിഷേധിക്കുന്നതും. ആ ഹുങ്ക് ഇല്ലാതാക്കാൻ നിയമത്തിന്റെ പിന്തുണ ഇല്ലാതാകുമ്പോഴും തനിക്ക് ഇനി നിയമമില്ല എന്ന് പറയുമ്പോഴും അയ്യപ്പൻ നായർ നിയമത്തെയും സിസ്റ്റത്തെയും ബഹുമാനിക്കുന്നുണ്ട്. കാക്കിക്കുള്ളിൽ തളച്ചിട്ട പഴയ മുണ്ടൂർ മാടനെ പ്രകോപിക്കുന്നത് കോശിയാണ്. അയ്യപ്പൻ നായരുടെ നിയമത്തെ പേടിയില്ലാത്ത കോശി അയ്യപ്പൻ നായരിലെ മുണ്ടൂർ മാടനെ നന്നായി തന്നെ ഭയക്കുന്നത് കാണാം.
അയ്യപ്പനും കോശിയും തമ്മിലുള്ള കൊമ്പ് കോർക്കലുകൾക്ക് ശക്തി പകരുന്ന സീനുകൾ എഴുതുന്നതിൽ സച്ചിക്ക് പോലും മതി വരാത്ത പോലെ തോന്നിപ്പോയി. അത്ര മാത്രം ദൈർഘ്യമേറിയ അവരുടെ വ്യക്തിഗത പോരാട്ടങ്ങൾ ഒന്ന് അവസാനിച്ചിരുന്നെങ്കിൽ എന്ന് പ്രേക്ഷകനു പോലും തോന്നിപ്പോകും.
അയ്യപ്പനും കോശിയും എന്ന പേര് പോലെ തന്നെ ഇത് ആ രണ്ടു കഥാപാത്രങ്ങളുടെ പരസ്പ്പരമുള്ള പോരാട്ടത്തിന്റെ കഥ തന്നെയാണ്. ഒറ്റ നോട്ടത്തിൽ അയ്യപ്പനും കോശിയും തമ്മിലെ പോരാട്ടമാണ് കാഴ്ചയെങ്കിലും സിനിമയിലെ യഥാർത്ഥ ഫൈറ്റ് അധികാരി വർഗ്ഗവും സാധാരണക്കാരനും തമ്മിലാണ്.
ഡ്രൈവിംഗ് ലൈസൻസിൽ നെഗറ്റിവ് പരിവേഷമുണ്ടെന്ന് തോന്നിപ്പിച്ച ഹരീന്ദ്രനെ നായക പരിവേഷത്തിൽ കൂടെ തന്നെ പറഞ്ഞവസാനിപ്പിക്കുമ്പോൾ, ‘അയ്യപ്പനും കോശി’യിലെ കോശിയെ പൂർണ്ണമായും നെഗറ്റിവ് പരിവേഷത്തിൽ ഒതുക്കി നിർത്തുന്നുണ്ട് സച്ചിയിലെ തിരക്കഥാകൃത്ത്. അതിന്റെ ഗുണം പൃഥ്വിരാജിന്റെ കഥാപാത്രത്തിലും പ്രകടനത്തിലും പ്രകടവുമാണ്. പക്ഷേ സിനിമയിൽ മറ്റാരേക്കാളും കൂടുതൽ നിറഞ്ഞു നിക്കുന്നത് ബിജു മേനോന്റെ അയ്യപ്പൻ നായരാണ് എന്ന് പറയാതെ വയ്യ.
കുടുംബ മഹിമയും ആഭിജാത്യവും അധികാര ഹുങ്കുമൊക്കെ ഒരു മനുഷ്യനെ പ്രായത്തിനുമപ്പുറം എങ്ങിനെയൊക്കെ മത്ത് പിടിപ്പിക്കുമെന്ന് കാണിച്ചു തരുന്നുണ്ട് രഞ്ജിത്തിന്റെ കുര്യൻ ജോൺ. സ്വന്തം മകന് സ്നേഹത്തിനു പകരം അയാൾ അത്രയും കാലം പകർന്നു കൊടുത്തത് ഇതേ ഹുങ്കും അഹങ്കാരവും അധികാര ബോധവുമൊക്കെ തന്നെയാണ്. അയ്യപ്പൻ നായരോടുള്ള കോശിയുടെ ദുരഭിമാന പോരാട്ടം പോലും കുര്യന്റെ സ്പോൺസർ ഷിപ്പിലാണ് നടക്കുന്നത്.
നാളിത്രയും കാലം അപ്പന്റെ അധികാര ഹുങ്കിന്റെ നിഴലായി മാത്രം ജീവിക്കേണ്ടി വന്ന കോശിക്ക് സ്വന്തമായൊരു സ്വത്വം രൂപപ്പെടുന്നത് അയ്യപ്പൻ നായരുമായുള്ള പോരാട്ട കാലത്താണ്. അപ്പന്റെ നാനാ വിധ തടവറകളിൽ നിന്ന് സ്വത്വബോധം നൽകി കോശിയെ മോചിപ്പിക്കാനുള്ള നിയോഗം കൂടി ഉണ്ടായിരുന്നിരിക്കാം അയ്യപ്പൻ നായർക്ക്. മുണ്ടൂർ മാടന്റെ ഞെക്കി പിടുത്തത്തിൽ കോശിക്ക് നഷ്ടപ്പെട്ടത് അപ്പൻ അത്രയും കാലം ഊട്ടി വളർത്തി വലുതാക്കിയ അയാളുടെ ഉള്ളിലെ ഞാനെന്ന ഭാവത്തെയും ദുരഭിമാനത്തെയുമൊക്കെയാണ്.
ശന്തനുവും നാദിറയും തമ്മിലുള്ള പ്രണയവും അവരുടെ കാത്തിരിപ്പും ലക്ഷദ്വീപിന്റെ പശ്ചാത്തലത്തിൽ സുന്ദരമാക്കി അവതരിപ്പിച്ചപ്പോൾ അയ്യപ്പനും കോശിയും തമ്മിലുള്ള പോരാട്ടങ്ങളെ അട്ടപ്പാടിയുടെ പശ്ചാത്തലത്തിൽ വന്യമായി അവതരിപ്പിക്കുകയാണ് സച്ചി. കടലും കാടും മലയും ചുരവുമൊക്കെ മനുഷ്യർ തമ്മിലുളള പ്രണയത്തിന്റെയും പകയുടെയും പോർട്ടത്തിന്റെയുമൊക്കെ പശ്ചാത്തലമാകുമ്പോൾ കിട്ടുന്ന കാഴ്ചക്കും പറഞ്ഞറിയിക്കാനാകാത്ത ഒരു സൗന്ദര്യമുണ്ട്.
രണ്ടു കഥാപാത്രങ്ങളുടെ പേരിൽ വരുന്ന ഒരു സിനിമ അവരുടെ മാത്രമായി ഒതുങ്ങി പോകാത്ത വിധം അഭിനയിച്ച എല്ലാവരുടെയും സിനിമ കൂടിയായി മാറുന്നുണ്ട് അയ്യപ്പനും കോശിയുടെയും കാര്യത്തിൽ.
അയ്യപ്പൻ നായരുടെ ഭാര്യ കണ്ണമ്മയും, കോശിയുടെ ഭാര്യ റൂബിയും തൊട്ട് യൂണിഫോമിട്ട ശേഷമാണ് സാറേ ഒന്ന് നേരെ നിന്ന് തുടങ്ങിയതെന്ന് പറയുന്ന പൊലീസുകാരി ജെസ്സിയും, സി ഐ സതീഷുമടക്കം സിനിമയിൽ വന്നു പോകുന്നവരൊക്കെ വ്യക്തമായി അടയാളപ്പെടുന്നതിന്റെ ക്രെഡിറ്റ് സച്ചിയുടെ തിരക്കഥക്ക് തന്നെ.