അമ്മയ്‌ക്ക് പൃഥ്വിരാജിനെ അറിയാമോ..?
ബിജുമേനോനെ അറിയാമോ?
ഇല്ല…
ഏത് സിനിമക്ക് വേണ്ടിയാണ് ഈ പാട്ട് പാടിയത് എന്നറിയുമോ?
ഇല്ല… എന്റെ പാട്ടാണോ…
പിന്നൊരു നിഷ്‌കളങ്കമായ ചിരിയും…
ഈ നിഷ്കളങ്കമായ ചിരിയും “കെലക്കാത്തെ സന്ദനമരം വെഗവെഗാ പൂത്തിറുക്ക്, പൂപറിക്കാൻ പോകിലാമ്മ…എന്ന ഈ ഈരടികളുമിപ്പോൾ നമ്മുടെയൊക്കെചുണ്ടിലെ താളമാണ്. അത്രയേറെ യുട്യൂബ് ഹിറ്റ് ചാർട്ടിൽ ഇടം നേടിക്കഴിഞ്ഞു ഈ പാട്ടും ഇത് പാടിയ അട്ടപ്പാടിയിലെ നക്കുപ്പതി പിരിവ് ഊരിലെ നഞ്ചിയമ്മയും.
പൃഥ്വിരാജും ബിജുമേനോനും പ്രധാന വേഷത്തിലെത്തുന്ന “അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിലെ ടൈറ്റിൽ പാട്ടായ “കെലക്കാത്തെ സന്ദനമരം എന്ന നെഞ്ചിയമ്മ പാടിയ പാട്ടാണിപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമായിക്കൊണ്ടിരിക്കുന്നത്. അനാർക്കലിക്കു ശേഷം സച്ചി രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണിത്. ജേക്സ് ബിജോയാണ് ഈ പാട്ടിന് ഈണം പകർന്നിരിക്കുന്നത്.
ഒരു സിനിമയിറങ്ങും മുന്‍പ് അതിന്റെ പാട്ടുകള്‍ ഹിറ്റാകുന്നത് പതിവെങ്കിലും ഈ പാട്ടും, ഗായികയുമാണ് ഇതിനെ ശ്രദ്ധയിലെത്തിച്ചത്. സിനിമയില്‍ ടൈറ്റില്‍ സോങ് ഉള്‍പ്പെടെ നാലു പാട്ടുകളാണ് നഞ്ചിയമ്മ സ്വന്തമായി വരികള്‍ തയാറാക്കി ചിട്ടപ്പെടുത്തിയത്. ‘അയ്യപ്പനും കോശിയും’ എന്ന സിനിമയിൽ പാടിയും അഭിനയിച്ചുമാണ് അട്ടപ്പാടി നക്കുപ്പതി പിരിവ് ഊരിലെ നഞ്ചിയമ്മ താരമാകുന്നത്. സിനിമ റിലീസാകാനിരിക്കുന്നതേയുള്ളൂ. അതിനുമുൻപേ നഞ്ചിയമ്മയുടെ പാട്ട് ലക്ഷങ്ങൾ കണ്ടും കേട്ടും കഴിഞ്ഞു.
സിനിമാ നടനായ ആദിവാസി കലാകാരൻ പഴനി സ്വാമി നേതൃത്വം നൽകുന്ന ആസാദ് കലാസംഘത്തിൽ അംഗമാണ് നഞ്ചിയമ്മ. കാലിമേയ്ക്കൽ തൊഴിലാക്കിയ ആദിവാസി ഇരുള വിഭാഗത്തിൽപ്പെട്ടയാണ് നഞ്ചിയമ്മ. 2016-ൽ റാസി മുഹമ്മദ് സംവിധാനം ചെയ്ത ‘വെളുത്ത രാത്രികൾ’ എന്ന സംസ്ഥാന അവാർഡ് നേടിയ ചിത്രത്തിൽ അഞ്ചുപാട്ടുകൾ പാടിയിട്ടുണ്ട്. പാലക്കാട് ജില്ലാപഞ്ചായത്തും അഗളി ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളും ചേർന്നു നിർമിച്ച് സിന്ധു സാജൻ സംവിധാനം ചെയ്ത ‘അഗ്ഗെദ് നായാഗ’ എന്ന ഹ്രസ്വചിത്രത്തിലും ഇവർ പാടി അഭിനയിച്ചിട്ടുണ്ട്.
പൊറേ, ദവിൽ, കൊകൽ, ജാൾട്ര തുടങ്ങിയ പരമ്പരാഗത ആദിവാസി സംഗീതവാദ്യോപകരണങ്ങളാണ് പാട്ടിൽ ഉപയോഗിച്ചത്. കള്ളക്കര ഊര് നിവാസികളായ സ്വാമിനാഥൻ(പൊറേ), മുകുകൻ(ദവിൽ), കുമാർ(ജാൾട്ര), തങ്കമണി, വള്ളി, റോജ, ചൊറിയന്നൂർ ഊരുകാരനായ പണിക്കൻ(കൊകൽ), നക്കുപ്പതി പിരിവിലെ മരുതി എന്നിവരാണ് നഞ്ചിയമ്മയോടൊപ്പം സിനിമയിൽ പാടിയത്. സിനിമയിൽ 60- ഓളം ആദിവാസികൾ ജൂനിയർ അർട്ടിസ്റ്റുകളായി അഭിനയിച്ചിട്ടുണ്ട്.
വാമൊഴിയായി തലമുറകളിലൂടെ കൈമാറി കിട്ടിയവയാണ് അട്ടപ്പാടിയിലെ ആദിവാസിപ്പാട്ടുകൾ. ആട് മേയ്ക്കലും കൃഷിപ്പണിയും ചെയ്തു ജീവിക്കുന്ന 60 വയസ് പിന്നിട്ട ,നഞ്ചിയമ്മ തന്റെ ഈ പാട്ടിലൂടെ വർണ്ണിച്ചിരിക്കുന്നത് പ്രകൃതിയെ തന്നെയാണ്… ഇവരുടെ ചിരിപോലെ തന്നെ നിഷ്കളങ്കമാണ് ഈ പാട്ടിലെ വരികളും, കാട്ടിലെ ചന്ദനമരം, വാഗമരം, എന്നിവ പൂക്കുമ്പോഴുണ്ടാകുന്ന ഭംഗിയാണ് പാട്ടിലുള്ളത്…