എല്ലാ ദുരിതകാലങ്ങളെയും മനുഷ്യരാശി മറികടന്നു വന്നത് ഉറവ വറ്റാത്ത പരസ്പര സ്നേഹത്തിന്റെ ഇന്ദ്രജാലം കൊണ്ടാണെന്ന് നമുക്ക് ആ മണ്ണിനെ നോക്കി ഒരിക്കൽ കൂടി പറയാം. ഒരു നാട്ടിലെ ജനതയാകെ തങ്ങളുടെ കഷ്ടതകൾ പോലും മറന്നു അങ്ങ് ദൂരെ കൊറോണയിൽ വിറങ്ങലിച്ചു നിൽക്കുന്ന ബോംബെ നഗരത്തിൽ കഷ്ട്ടപ്പെടുന്ന തങ്ങളുടെ സഹോദരങ്ങൾക്ക് ആവും വിധത്തിൽ സഹായമൊരുക്കുക്കുമ്പോൾ ആ സ്നേഹ വായ്പ്പിനു അതിരുകളില്ല.
നമുക്ക് ഒരു പരിചയവുമില്ലാത്ത, ദൂരദേശങ്ങളിൽ താമസിക്കുന്ന സഹോദരന്റെ പ്രയാസങ്ങൾ നമ്മുടേത് കൂടിയാണെന്ന് കരുതുമ്പോഴാണ് നമ്മുടെ ഉള്ളിലെ മനുഷ്യൻ യഥാർത്ഥത്തിൽ ഉയർന്നു പ്രവർത്തിക്കുന്നത് എന്നത് അക്ഷരാർത്ഥത്തിൽ അന്വർഥമാക്കിയിരിക്കുകയാണ് കൊടുങ്ങല്ലൂർ അഴീക്കോടിലെ നല്ലവരായ മനുഷ്യസ്നേഹികൾ. അഴീക്കോട് കൂട്ടായ്മ മുബൈ മലയാളികളെ സഹായിക്കുന്നതിനായി 2,96,166 രൂപയാണ് ഒരാഴ്ചത്തെ ശ്രമം കൊണ്ട് സംഘടിപ്പിച്ചത്.
മഹാപ്രളയത്തിൽ കേരളം കുതിർന്നു നിന്നപ്പോൾ സഹായ ഹസ്തത്തിന്റെ മാതൃകയായി നിന്ന മുബൈ നഗരത്തിനുള്ള കേരളക്കരയുടെ സ്നേഹ സമ്മാനം കൂടിയാണിത്.
മുബൈയിലുള്ള മലയാളി സുഹൃത്തുക്കളുടെ ജീവിതം കൊറോണക്കാലത്ത് വളരെ ദുരിതമയമാണെന്ന് നാട്ടുകാരനായ ശ്രീ എം കെ നവാസിൽ നിന്നും അറിഞ്ഞപ്പോഴാണ്, എന്തെങ്കിലും സഹായം അഴിക്കോടു നിന്നും മുബൈ മലയാളികർക്ക് എത്തിച്ചു നൽകുവാൻ കഴിയുമെങ്കിൽ ഉപകാരപ്രദമായിരിക്കുമെന്ന് അവർ ചിന്തിച്ചത്.
2018ലെ മഹാപ്രളയ കാലത്ത് മുബൈ മലയാളികൾ നാടിനോട് കാട്ടിയ കരുണ അഴീക്കോട്‌കാർക്ക് അവിസ്മരണീയമാണ്. മുംബൈ മലയാളികൾ കേരളത്തിലേക്ക് നിരവധി ലോഡ് ഭക്ഷണസാധനങ്ങളും മേന്മയേറിയ വസ്ത്രങ്ങളും മറ്റും അയക്കുകയുണ്ടായി. അതിൻ്റെ പശ്ചാത്തലത്തിലാണ്, അഴീക്കോടിലെ
നൂറുകണക്കിന് സന്നദ്ധപ്രവർത്തകർ ദിവസങ്ങളോളം എടുത്ത്, എറണാകുളം, തൃശൂർ ജില്ലകളിലെ വിവിധ പ്രളയ ബാധിത പ്രദേശങ്ങളിലേക്ക് ഇവ എത്തിച്ചു നൽകിയ പ്രവർത്തനം, അഴീക്കോട് കൂട്ടായ്മ എന്നപേരിൽ സംഘടിപ്പിക്കുകയുണ്ടായത്.
സ്വന്തം നാട്ടിലെ മോശമായ സാമ്പത്തിക അവസ്ഥ നിലനിൽക്കയാണ് അഴിക്കോട് കൂട്ടായ്മ ഇങ്ങനെയൊരു സഹായം നല്കുന്നത്. തീരദേശമായ അഴീക്കോടിലെ മത്സ്യമേഖലയിൽ ശരിയായ രീതിയിൽ എന്തെങ്കിലും പണികൾ നടന്നിട്ട് മാസങ്ങളോളമായി, ഒപ്പം അവിടെ നിന്നുള്ള പ്രവാസികളുടെയും അവസ്ഥ വ്യത്യസ്തമല്ല. പലരും വളരെ പ്രയാസത്തിലാണ് ജീവിതം മുന്നോട്ടു നയിക്കുന്നത്. പലർക്കും ജോലി നഷ്ടപ്പെടുമോ എന്ന ആശങ്കയിലാണ് കഴിഞ്ഞുകൂടുന്നത്. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും മുംബൈയിലുള്ള മലയാളി സുഹൃത്തുക്കളെ തങ്ങളെക്കോണ്ട് ആവുന്ന രീതിയിൽ സഹായിക്കേണ്ടത് കടമയാണ് എന്ന ചിന്തയാണ് അഴീക്കോട് കൂട്ടായ്മയിലെ മുഴുവൻ സുഹൃത്തുക്കളുടെയും സഹായത്തോടെ, നിസ്വാർത്ഥ സാമൂഹിക പ്രവർത്തകനായ കറുകപ്പാടത്ത് നൗഷാദും, കേരള പോലീസിൽ സബ് ഇൻസ്പെക്ടറായി സ്തുത്യർഹമായി സേവനം ചെയ്തു വിരമിച്ച മാഹിൻ കുട്ടിയും ഇതിന് ചുക്കാൻ പിടിച്ചത്. നാട്ടിലെ കൊടുങ്ങല്ലൂർ കൂട്ടായ്മയും ഈ സംരഭത്തിനു പിന്തുണ നല്കി.
ആദ്യ ഘട്ടത്തിൽ ഭക്ഷണ സാധനങ്ങൾ നിറച്ച ഒരു വണ്ടി കയറ്റി അയക്കാം എന്നാണ് ചിന്തിച്ചതെങ്കിലും, ലോക്ക് ഡൗൺ കാലത്തെ ഒട്ടേറെ പരിമിതികൾ തിരിച്ചറിഞ്ഞ് ഒരാഴ്ച കൊണ്ട് സാമ്പത്തികം സംഘടിപ്പിച്ച് കൈമാറുവാൻ തീരുമാനിച്ചത്. ബുദ്ധിമുട്ടനുഭവിക്കുന്ന മുബൈ മലയാളികൾക്ക് ഭക്ഷണസാധനങ്ങളെത്തിക്കുവാൻ ഈ തുക കോവിഡ് കാലത്ത് അനവധി കാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന
Care4Mumbai യെയും ശ്രീ എം കെ നവാസിനെയും എൽപ്പിക്കുകയാണ് എന്ന് ശ്രീ നൗഷാദ് പറഞ്ഞു.
അഴീക്കോട് കൂട്ടായ്മ കത്തിച്ച സ്നേഹത്തിന്റെ ഈ മെഴുകുതിരി വെട്ടം കൊറോണ ദുരിതത്തിന്റെ അന്ധകാരത്തിൽ വീണിരിക്കുന്നു കുറെയേറെ മുംബൈ മലയാളികളുടെ ജീവിതത്തിലേക്ക് ഇത്തിരിയെങ്കിലും വെട്ടമേകും എന്ന് ഉറപ്പുണ്ട്.
പ്രവാസികളായ നമുക്ക് അത്രമേൽ പരിചയമില്ലാത്ത ഈ തിരിച്ചു കിട്ടലിനു കൊടുങ്ങല്ലൂരിലെ അഴിക്കോട് എന്ന ഗ്രാമത്തിലെ മനുഷ്യ സ്നേഹികളുടെ കൂട്ടായ്മയ്ക്ക് മുംബൈ മലയാളി സമൂഹത്തിന്റെ ആത്മാവിൽ നിന്നൊരു സല്യൂട്ട്.