അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ അനുപമയ്‌ക്ക് കുഞ്ഞിനെ കൈമാറി. വഞ്ചിയൂർ കോടതിയുടേതാണ് ഉത്തരവ്. കോടതിയുടെ സാന്നിധ്യത്തിലാണ് കുഞ്ഞിനെ കൈമാറിയത്. അല്പസമയം മുമ്പ് കുഞ്ഞിന്റെ വൈദ്യ പരിശോധന കോടതി പൂർത്തിയാക്കിയിരുന്നു. അതിനുശേഷമാണ് അനുപമയ്ക്ക് കുഞ്ഞിനെ കൈമാറിയത്.
ഡിഎന്‍എ പരിശോധന ഫലം പോസിറ്റീവായ സാഹചര്യത്തില്‍ കുഞ്ഞിനെ വിട്ടു നല്‍കണമെന്നാവശ്യപ്പെട്ട് അനുപമ ഹര്‍ജി നല്‍കിയിരുന്നു . സിഡബ്‌ള്യുസി നേരത്തെ നല്‍കിയ ദത്ത് നടപടി റദ്ദ് ചെയ്യണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. അനുപമയും അജിത്തും നേരിട്ടാണ് കോടതിയിൽ ഹാജരായത്.
ദത്ത് നൽകിയ സംഭവത്തിൽ ഡിഎൻഎ പരിശോധന ഉൾപ്പെടെയുള്ള റിപ്പോർട്ടുകൾ സിഡബ്ള്യുസി കോടതിയിൽ ഹാജരാക്കിയിരുന്നു . ജില്ലാ ഗവൺമെന്റ് പ്ലീഡർ മുഖേനെയാണ് വഞ്ചിയൂർ കുടുംബ കോടതിയിൽ റിപ്പോർട്ടുകൾ സമർപ്പിച്ചത്. കേസ് ഉടൻ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള അപേക്ഷയും നൽകിയിരുന്നു.
മാധ്യമങ്ങള്‍ ഉള്‍പ്പെടെ ഒപ്പംനിന്ന എല്ലാവരോടും നന്ദിയുണ്ടെന്നും സമരം തുടരുമെന്നും കുഞ്ഞിനെ ഏറ്റുവാങ്ങിയതിന് പിന്നാലെ അനുപമ പറഞ്ഞു. കുഞ്ഞുമായി ശിശുക്ഷേമ സമിതിക്ക് മുന്നിലെ സമരപ്പന്തലില്‍ എത്തിയ ശേഷമായിരുന്നു അനുപമയുടെ പ്രതികരണം. പിന്നീട് കുഞ്ഞുമായി അനുപമ സൂഹൃത്തിന്റെ വീട്ടിലേക്ക് മടങ്ങി.
കുഞ്ഞ് ഇണങ്ങി വരുന്നതേയുള്ളു. ആഡംബര ജീവതമൊന്നുമല്ല ഞങ്ങളുടേത്. നല്ലൊരു മനുഷ്യനായി കുഞ്ഞിനെ വളര്‍ത്തിയെടുക്കുക്കാന്‍ ആഗ്രഹിക്കുന്നുവെന്നും അനുപമ പറഞ്ഞു. മൂന്നുമാസത്തോളം സ്വന്തം കുഞ്ഞിനെ പോലെ തന്റെ മകനെ നോക്കിവളര്‍ത്തിയ ആന്ധ്രാ ദമ്പതികളോട് ഏറെ നന്ദിയുണ്ടെന്നും അനുപമ വ്യക്തമാക്കി.
കുഞ്ഞിനെ താനറിയാതെ മാറ്റിയവര്‍ക്കെതിരേ നടപടി സ്വീകരിക്കുന്നതു വരെ സമരം തുടരും. എന്നാല്‍ ഇനി കൈക്കുഞ്ഞുമായി സമരപ്പന്തലില്‍ ഇരിക്കുന്നത് ബുദ്ധിമുട്ടാണ് അതിനാല്‍ സമര രീതി മാറ്റുമെന്നും അനുപമ പറഞ്ഞു.
2020 ഒക്ടോബര്‍ 22 ന് രാത്രി 12.30 നാണ് അനുപമയുടെ കുഞ്ഞ് ശിശുക്ഷേമസമിതിയിലെത്തുന്നത്. ദത്ത് നൽകുന്നത് ഓഗസ്റ്റ് 7 നും. കുഞ്ഞിനെ കിട്ടിയെന്ന പത്രപരസ്യത്തിന് പിന്നാലെ അജിത്ത് പലതവണ ശിശുക്ഷേമസമിതി ഓഫീസിലും ജനറൽ സെക്രട്ടറി ഷിജുഖാന്‍റെ മുന്നിലും എത്തിയിരുന്നു. കഴിഞ്ഞ നവംബറിലെ ഈ സന്ദർശനത്തിന്‍റെ വിവരങ്ങളടങ്ങിയ രജിസറ്റർ ഓഫീസിൽ നിന്നും ചുരണ്ടിമാറ്റി.
ദത്ത് കൊടുത്തതിന്‍റെ നാലാംനാൾ അനുപമ കുഞ്ഞിനെ പരാതിക്കാരിക്ക് കാണിച്ച് കൊടുക്കണമെന്ന സിഡബ്ള്യുസി ഉത്തരവുമായി ശിശുക്ഷേമസമിതിയിൽ എത്തിയിട്ടും കുഞ്ഞിനെ തിരിച്ചുകൊണ്ടുവരാൻ നടപടി എടുത്തില്ല. മാത്രമല്ല കുഞ്ഞിനുമേല്‍ ആരും അവകാശവാദം ഉന്നയിച്ചിട്ടില്ലെന്ന രീതിയിൽ ദത്ത് സ്ഥിരപ്പെടുത്താൻ സമിതി കോടതിയിൽ സത്യവാങ്മൂലം നൽകി.
ദത്ത് പോകുന്നതിന് മൂന്നരമാസം മുമ്പ് സിഡബ്ള്യൂസി 18 മിനുട്ട് അനുപമയുമായി സിറ്റിംഗ് നടത്തി. കുഞ്ഞിനുമേല്‍ അവകാശവാദം അനുപമ ഉന്നയിച്ചിട്ടും ദത്ത് നടപടി തടയാനോ പൊലീസിനെ അറിയിക്കാനോ സിഡബ്ള്യുസി തയ്യാറായില്ല. ഏപ്രിൽ 19 ന് പൊലീസിൽ പരാതി നൽകിയിട്ടും ദത്ത് കൊടുക്കുന്നത് വരെ കാര്യമായ അന്വേഷണം നടത്തിയില്ല. അനുപമ കുഞ്ഞിനെ തേടുന്നത് അറിഞ്ഞിട്ടും ദത്ത് നിയമങ്ങളുടെ ലംഘനം നടന്നുവെന്ന് കൃത്യമായി അന്വേഷണ റിപ്പോർട്ടിൽ പറയുന്നില്ലെന്നാണ് സൂചന.