പിതാവ് ജനന സർട്ടിഫിക്കേറ്റ് വാങ്ങാൻ പോയ സമയത്ത് ഇരട്ടകുട്ടികൾ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു

0

പിതാവ് ജനന സർട്ടിഫിക്കറ്റ് വാങ്ങാൻ പോയ സമയത്ത് ഗസ്സയിൽ ഇരട്ടകുട്ടികൾ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു. പ്രാദേശിക ഓഫീസിൽ കുട്ടികളുടെ പിതാവ് ജനന സർട്ടിഫിക്കറ്റ് വാങ്ങാൻ പോയപ്പോഴാണ് ദാരുണമായ സംഭവമുണ്ടായത്. നാല് ദിവസം മാത്രം പ്രായമായ അസർ പേരുള്ള ആൺകുട്ടിയും അയ്സൽ എന്ന പെൺകുട്ടിയുമാണ് കൊല്ലപ്പെട്ടത്. ദാരുണമായ സംഭവം നടക്കുമ്പോൾ ഇവരുടെ പിതാവ് മുഹമ്മദ് അബു അൽ കുംസാൻ സർട്ടിഫിക്കറ്റുകൾ വാങ്ങാൻ പോയിരിക്കുകയായിരുന്നു. ഇസ്രായേൽ നടത്തിയ ബോംബാക്രമണത്തിൽ ഇവരുടെ വീട് മുഴുവനായും തകർന്നു. കുംസാന്റെ ഭാര്യയും ഉമ്മയും ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു. എന്താണ് സംഭവിച്ചതെന്ന് എനിക്കറിയില്ല. വീടിനുള്ളിൽ ഷെൽ വന്ന് പതിച്ചുവെന്നാണ് അയൽവാസികൾ പറഞ്ഞത്. മക്കൾ ജനിച്ചത് ആഘോഷിക്കാൻ പോലും തനിക്കായില്ലെന്നും കുംസാൻ പറഞ്ഞു. ഗസ്സയിൽ ആക്രമണം തുടങ്ങിയതിന് പിന്നാലെ മുന്നറിയിപ്പിനെ തുടർന്ന് മുനമ്പിലെ സുരക്ഷിതസ്ഥാനത്തേക്ക് മാറിയ കുടുംബമാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടിരിക്കുന്നത്. ഗസ്സ ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം ഇതുവരെ 115 നവജാതശിശുക്കളാണ് ജനിച്ചതിന് പിന്നാലെ തന്നെ ഇസ്രായേലിന്റെ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്. കഴിഞ്ഞ ഏതാനം ദിവസങ്ങളായി സാധാരണക്കാരായ ജനങ്ങൾ താമസിക്കുന്ന സുരക്ഷിത കേന്ദ്രങ്ങൾക്ക് നേരെ കനത്ത ആക്രമണമാണ് ഇസ്രായേൽ നടത്തുന്നത്. ശനിയാഴ്ച അഭയാർഥികൾ താമസിക്കുന്ന സ്കൂളിന് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 100 പേർ കൊല്ലപ്പെട്ടിരുന്നു.