കണ്ണൂർ വിമാനത്താവളം വഴി യാത്രചെയ്യുന്നവരുടെ ഹാൻഡ് ബാഗുകള്‍ക്കു ടാഗിങ് ഒഴിവാക്കി

0

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ യാത്രക്കാരുടെ ഹാന്‍ഡ് ബാഗുകള്‍ക്കുള്ള ടാഗിങ് ഒഴിവാക്കി. ആഭ്യന്തര, അന്താരാഷ്ട്ര ഭേദമന്യേ എല്ലാ യാത്രക്കാര്‍ക്കും ഇളവ് അനുവദിച്ചുള്ള ഉത്തരവ് 2019 ഫെബ്രുവരി 26 മുതല്‍ പ്രാബല്യത്തില്‍വന്നു.

പരിശോധനകൾക്കു ശേഷം ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയാണ് (ബിസിഎസ്) ഇളവ് അനുവദിച്ചത്. പ്രവര്‍ത്തനം തുടങ്ങി മൂന്ന് മാസം പൂര്‍ത്തിയാവും മുമ്പ് തന്നെ ഇത്തരത്തിലൊരു സംവിധാനം നടപ്പാക്കാന്‍ കഴിഞ്ഞത് നേട്ടമാണെന്നു കിയാല്‍ അധികൃതര്‍ അറിയിച്ചു.

സെക്യുരിറ്റി ചെക്കിന്റെ സമയത്ത് ഹാന്‍ഡ് ബാഗുകളില്‍ ടാഗ് ചെയ്യുന്ന സംവിധാനം ഒഴിവാക്കുന്നത് യാത്രക്കാര്‍ക്കു ഏറെ ആശ്വാസകരമാണ്. ഇനിമുതൽ ബാഗുകളിൽ ടാഗ് ഇടാനോ അതു സീൽ ചെയ്യാനോ കാത്തുനിൽക്കാതെ യാത്രക്കാർക്കു നേരിട്ടു സുരക്ഷാ പരിശോധനയ്ക്കു പോകാനാകും.

ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി ഫെബ്രുവരി 22നാണ് സര്‍ക്കുലര്‍ പുറത്തിറക്കിയത്. കണ്ണൂർ വിമാനത്താവള ടെർമിനലിലും പരിസരത്തും ഒട്ടേറെ ഹൈ ഡെഫനിഷൻ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. യാത്രക്കാരും അവർ കൈകാര്യം ചെയ്യുന്ന ബാഗേജുകളുമെല്ലാം ഈ ക്യാമറകളുടെ നിരീക്ഷണത്തിലായിരിക്കും സദാസമയവും.