ഞാന്‍ ബാലു ചേട്ടന്റെ പകരക്കാരനല്ല; ആരാധക രോഷത്തിനെതിരെ വിശദീകരണവുമായി ശബരീഷ്

0

കഴിഞ്ഞ ദിവസം അന്തരിച്ച സംഗീതപ്രതിഭ ബാലഭാസ്കറിന്റെ മരണത്തിന്റെ ഞെട്ടലില്‍ നിന്നും ഇപ്പോഴും അദ്ദേഹത്തിന്റെ ആരാധകരും സുഹൃത്തുക്കളും മോചിതരായിട്ടില്ല. ജീവിച്ചിരുന്നെകില്‍ ഈ വരുന്ന 
ഒക്ടോബർ ഏഴിന് ബെംഗളൂരുവിൽ ബാലഭാസ്കർ നടത്താനിരുന്ന ഒരു സംഗീതനിശ ഉണ്ടായിരുന്നു. പോസ്റ്റര്‍ അടിച്ചു ടിക്കെറ്റ് വരെ വിതരണം ചെയ്തു തുടങ്ങിയ ആ പരിപാടി ബാലുവിന്റെ മരണത്തോടെ മറ്റൊരാളെ ഏല്‍പ്പിച്ചത് വന്‍വിവാദമായിരുന്നു. 

ബാലുവിന്റെ ചിതയുടെ കനല്‍ അണയും മുന്‍പാണ്‌ ബാലുവിന്റെ ചിത്രം പതിച്ച പോസ്റ്റര്‍ മാറ്റി 
മറ്റൊരു വയലിനിസ്റ്റായ ശബരീഷ് പ്രഭാകറിന്റെ ചിത്രം പതിച്ച പോസ്റ്റര്‍ ഇറങ്ങിയത്‌.  ബാലഭാസ്കറിനു പകരക്കാരന്‍ എന്ന രീതിയിൽ ഒരു പരിപാടിയുടെ പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരുന്നു. 

ആരാധക രോഷത്തിനെതിരെ വിശദീകരണവുമായി ശബരീഷ് തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ശബരീഷിന്റെ വാക്കുകൾ ഇങ്ങനെ: ‘എന്റെ ജ്യേഷ്ഠതുല്യനാണ് ബാലുചേട്ടൻ. അദ്ദേഹത്തിന്റെ വിയോഗത്തിന്റെ വേദന എത്രമാത്രമാണെന്നു പറഞ്ഞറിയിക്കാനാകില്ല. ഈ അവസരത്തിൽ പകരക്കാരനായി, ഇത്രയേ ഉള്ളൂ ജീവിതം എന്ന രീതിയിലുള്ള പ്രചാരണം വേദനിപ്പിക്കുന്നതാണ്. ഞാൻ എങ്ങനെയാണ് പകരമാകുന്നത്. 

സംഗീതത്തിന് അനന്തമായ സാധ്യതയുണ്ടെന്ന് എന്നെ പഠിപ്പിച്ചത് ബാലുചേട്ടനാണ്. മുൻകൂട്ടി ടിക്കറ്റുകളെല്ലാം വിറ്റുപോയിരുന്നു. ഇനിയതു നടത്താതിരുന്നാൽ സംഘാടകർക്കു ഭീമമായ നഷ്ടമാണുണ്ടാകുന്നത്. അതുകാരണം ബാലുചേട്ടന്റെ സുഹൃത്തുക്കളും ബന്ധുക്കളുമെല്ലാം അനുവദിച്ചതിനു ശേഷം മാത്രമാണ് ഞാൻ ഈ പരിപാടി ഏറ്റെടുത്തത്. അദ്ദേഹത്തിനു പ്രിയപ്പെട്ടവരോടെല്ലാം അനുവാദം ചോദിച്ചിരുന്നു. കൂർഗിലെയും കേരളത്തിലെയും പ്രളയദുരിതത്തിനു കൈത്താങ്ങേകാൻ വേണ്ടിയുള്ള ഫണ്ട് റൈസിങ് പരിപാടിയാണിത്. ബാലഭാസ്കർ എന്ന മനുഷ്യസ്നേഹി ഏറ്റെടുത്ത പരിപാടി. കാശിനു വേണ്ടിയല്ല ഞാൻ അത് ഏറ്റെടുത്തത്. ഈ പരിപാടി ബാലുചേട്ടന് വേണ്ടി നടത്തിക്കൊടുക്കേണ്ടത് എന്റെ ബാധ്യതയാണ്. ദയവായി പകരക്കാരനെന്നു വിളിച്ചു ക്രൂശിക്കരുത്. എനിക്കൊരിക്കലും ബാലഭാസ്കറിനു പകരമാകാൻ സാധിക്കില്ല.