തിരുവനന്തപുരം: അപകടത്തില്‍ പെടുമ്പോള്‍ ബാലഭാസ്‌കറിന്റെ വാഹനത്തില്‍ ഉണ്ടായിരുന്ന സ്വര്‍ണത്തിന്റെ ദൃശ്യങ്ങള്‍. കാറിൽ നിന്നുമെടുത്ത സ്വർണവും പണവും തങ്ങളുടെതെന്ന് ബാലഭാസ്കറിന്റെ ഭാര്യ ലക്ഷമിയുടെ മൊഴി നല്‍കി. വീട്ടിൽ വച്ചാൽ സുരക്ഷിതമല്ലാത്തതിനാലാണ് സ്വർണം യാത്രയിൽ കൈയിൽ കരുതിയെന്ന് ലക്ഷമി മൊഴി നല്‍കി.
44 പവനോളം വരുന്ന സ്വര്‍ണവും രണ്ടുലക്ഷം രൂപയുമാണ് അപകടസമയത്ത് വാഹനത്തിലുണ്ടായിരുന്നത്. പരിപാടിക്ക് വേണ്ടിയോ മറ്റോ പുറത്തുപോകുമ്പോള്‍ വീട്ടിലുള്ള തുക ഇത്തരത്തില്‍ കൈയില്‍ കരുതാറുണ്ടെന്നും ലക്ഷ്മി മൊഴി നല്‍കിയിരുന്നു.
ലക്ഷ്മി നല്‍കിയ മൊഴി ക്രൈംബ്രാഞ്ച് പരിശോധിച്ച് വരികയാണ്. ലക്ഷ്മിയുടെ മൊഴിയില്‍ പറയുന്ന പ്രകാരം കുട്ടിയുടെ ചെറിയ വളയും കമ്മലുകളും അടക്കമുള്ള ആഭരണങ്ങളാളാണ് വാഹനത്തിലുണ്ടായിരുന്നത്. എന്നാല്‍ സ്വര്‍ണാഭരണങ്ങളുടെ ആകെ തൂക്കം 44 പവനോളം വരുമെന്നാണ് പറയുന്നത്.
സെപ്റ്റംബര്‍ 29 നാണ് ഈ സ്വര്‍ണവും പണവും ലക്ഷ്മിയുടെ കുടുംബം പോലീസിന്റെ കൈയില്‍ നിന്ന് ഏറ്റുവാങ്ങിയത്. ഇരു കുടുംബങ്ങളുടെയും സാന്നിധ്യത്തിലാണ് സ്വര്‍ണം ഏറ്റുവാങ്ങിയത്. ഇതിന്റെ രേഖകള്‍ പിന്നീട് കേസ് അന്വേഷിച്ച ആറ്റിങ്ങല്‍ ഡിവൈഎസ്പി അനിലിനു കൈമാറി. മരണത്തിനു പിന്നില്‍ ദുരൂഹതയില്ലെന്നായിരുന്നു ഡിവൈഎസ്പിയുടെ റിപ്പോര്‍ട്ട്.
ബാലഭാസ്കറിന്റെ പിതാവ് ഉണ്ണിയുടെ പരാതിയെത്തുടര്‍ന്നാണ് അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറിയത്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി: ഹരികൃഷ്ണനാണ് അന്വേഷണ ചുമതല. ആഭരണം സംബന്ധിച്ച രേഖകള്‍ ഇപ്പോള്‍ ക്രൈംബ്രാഞ്ചിന്റെ പക്കലാണുള്ളത്.