ഈ ലോക്ക് ഡൗൺ കാലത്ത് പൊരിവെയിലും താണ്ടി തങ്ങളുടെ ഉറ്റവരുടെ കൈപിടിച്ച് സ്വന്തംനാടാണയാണ് കല്ലും മുള്ളും താണ്ടി കിലോമീറ്ററുകളോളം കാല്‍നടയായി പോകുന്ന കുടിയേറ്റ തൊഴിലാളികൾ മാധ്യമങ്ങളിലെ സ്ഥിരം വാർത്തയായി മാറിയിരിക്കുകയാണ്. അത്തരത്തില്‍ കൊടുംചൂടിലും ഏത് ദുരിതവും സഹിച്ച് യാത്രയ്ക്കിടെ ചെരുപ്പ് പൊട്ടിയിട്ടും ടാര്‍ റോഡിലെ ചൂടില്‍ ചവിട്ടി നടന്നുതളര്‍ന്ന തൊഴിലാളിക്ക് സ്വന്തം ഷൂ അഴിച്ചു നല്‍കി വാര്‍ത്തകളിലിടം നേടിയിരിക്കുകയാണ് ഒരു മാധ്യമപ്രവര്‍ത്തകന്‍.
ബിബിസി റിപ്പോര്‍ട്ടര്‍ സല്‍മാന്‍ രവിയാണ് കുടിയേറ്റ തൊഴിലാളിക്ക് തന്റെ ഷൂ നല്‍കിയത്. ഹരിയാനയില്‍ നിന്ന് സ്വദേശമായ മധ്യപ്രദേശിലെ ചത്താര്‍പുറിലേക്ക് കാല്‍നടയായി യാത്ര തുടങ്ങിയ സംഘത്തെ ഡല്‍ഹിയില്‍ വെച്ചാണ് ബിബിസി സംഘം കണ്ടത്. സംസാരത്തിനിടെയാണ് സംഘത്തിലെ ഒരാളുടെ കാലില്‍ ചെരുപ്പ് ഇല്ലെന്നത് ശ്രദ്ധയില്‍പ്പെട്ടത്. ചോദിച്ചപ്പോള്‍ ചെരുപ്പ് പൊട്ടിയെന്നായിരുന്നു മറുപടി. നിങ്ങള്‍ക്ക് കുറേ ദൂരം പോവാനുള്ളതല്ലേ തന്റെ ഷൂ ഇട്ടോളൂ എന്ന് പറഞ്ഞുകൊണ്ട് ഉടന്‍ തന്നെ റിപ്പോര്‍ട്ടര്‍ തന്റെ കാലിലെ ഷൂ അഴിച്ച് തൊഴിലാളിക്ക് നല്‍കി. അദ്ദേഹം ചെരിപ്പിടാതെ റിപ്പോർട്ടിങ്ങ് തുടർന്ന്.
ബിബിസി ഫേസ്ബുക്ക് പേജില്‍ തത്സമയം പങ്കുവെച്ച വീഡിയോയില്‍ ആളുകള്‍ സല്‍മാന്‍ രവിയെ അഭിനന്ദനം കൊണ്ട് മൂടുകയാണ്. റിപ്പോര്‍ട്ടറുടേത് മാതൃകാപരമായ പെരുമാറ്റം ആണെന്നാണ് സോഷ്യല്‍ മീഡിയ ഒന്നടങ്കം പറയുന്നത്. ഷൂ അഴിച്ചുനല്‍കിയ മാധ്യമപ്രവര്‍ത്തകന് സല്യൂട്ടടിക്കുകയാണ് സോഷ്യല്‍ മീഡിയ.